പ്രേക്ഷകര്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള നടനാണ് സലിം കുമാര്‍. ഹാസ്യതാരമായി കരിയര്‍ തുടങ്ങി പിന്നീട് ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് നേടി മലയാളികളെ അത്ഭുതപ്പെടുത്തിയ അഭിനേതാവാണ് അദ്ദേഹം. കോമഡി വേഷങ്ങള്‍ക്കൊപ്പം തന്നെ സീരിയസ് കഥാപാത്രങ്ങളും ചെയ്യുന്ന ഒരു അഭിനേതാവാണ് ഇന്ന് സലിം കുമാര്‍.
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ ഷാഫിയെക്കുറിച്ച് സംസാരിക്കുകയാണ് സലിം കുമാര്‍. ഷാഫിയുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളാണ് സലിം കുമാറിന് ലഭിച്ചിട്ടുള്ളത്. താനും ഷാഫിയും മികച്ച സുഹൃത്തുക്കളാണെന്ന് സലിം കുമാര്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ തമ്മില്‍ ഒരൊറ്റ കാര്യത്തിന് മാത്രം എപ്പോഴും തര്‍ക്കമുണ്ടാകാറുണ്ടെന്ന് സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇലക്ഷന്റെ സമയമാകുമ്പോള്‍ തങ്ങള്‍ രണ്ടുപേരും രാഷ്ട്രീയ സംഘട്ടനത്തിലേര്‍പ്പെടാറുണ്ടായിരുന്നെന്ന് സലിം കുമാര്‍ പറയുന്നു. ചായക്കടയുടെ മുന്നില്‍ കാണുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും സ്വന്തം പാര്‍ട്ടിയുടെ നേട്ടവും എതിര്‍ പാര്‍ട്ടിയുടെ കോട്ടവും അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ടായിരുന്നെന്നും സലിം കുമാര്‍ പറഞ്ഞു.
കറ കളഞ്ഞ മാര്‍ക്‌സിസ്റ്റുകാരനായിരുന്നു ഷാഫിയെന്നും താന്‍ അതിന് നേരെ വിപരീതമായിട്ടുള്ള കോണ്‍ഗ്രസുകാരനാണെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. പരസ്പരം ട്രോളുകളും മീമുകളും അയക്കാറുണ്ടായിരുന്നെന്നും എന്നാല്‍ ഇലക്ഷന് ശേഷം പഴയതിനെക്കാള്‍ നല്ല സൗഹൃദമാകുമെന്നും സലിം കുമാര്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു സലിം കുമാര്‍.
‘ഞാനും ഷാഫിയും നല്ല സുഹൃത്തുക്കളാണ്. ഷാഫിയുടെ പല സിനിമകളിലും ഞാനുണ്ട്. എന്നാല്‍ ഒരൊറ്റ കാര്യത്തിന് മാത്രം ഞങ്ങള്‍ തമ്മില്‍ അടിയുണ്ടാകാറുണ്ടായിരുന്നു. വേറൊന്നുമല്ല, ഇലക്ഷന്റെ സമയമാകുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ രാഷ്ട്രീയസംഘട്ടനമുണ്ടാകും. അതായത്, ഈ ചായക്കടകളുടെ മുന്നില്‍ ഉണ്ടാകാറുള്ളതുപോലെ തര്‍ക്കിക്കും.
ഒരു കറകളഞ്ഞ മാര്‍ക്‌സിസ്റ്റുകാരനായിരുന്നു ഷാഫി. എല്ലാ കാര്യത്തിലും നല്ല അറിവുള്ള ആളാണ്. ഞാനാണെങ്കില്‍ കോണ്‍ഗ്രസ്സും. ഞങ്ങള്‍ രണ്ടും സ്വന്തം പാര്‍ട്ടിയുടെ നേട്ടവും മറ്റേ പാര്‍ട്ടിയുടെ കോട്ടവും പറയുമായിരുന്നു. ട്രോളും മീമുമൊക്കെ അയക്കുമായിരുന്നു. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞാല്‍ പഴയതുപോലെ സുഹൃത്തുക്കളാവും,’ സലിം കുമാര്‍ പറഞ്ഞു.
Content Highlight: Salim Kumar shares his bond with Director Shafi