മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടന്മാരിലൊരാളാണ് സലിംകുമാര്‍. കോമഡി റോളുകള്‍ മാത്രമല്ല, സീരിയസ് റോളുകളും തനിക്ക് ചേരുമെന്ന് അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ സലിംകുമാര്‍ തെളിയിച്ചു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ പ്രകടനത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കാനും സലിംകുമാറിന് സാധിച്ചു. അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സലിംകുമാര്‍.
സിനിമയില്‍ തനിക്ക് ഏറ്റവും കൂടുതല്‍ ആത്മബന്ധമുള്ള നടനാണ് ഹനീഫയെന്ന് സലിംകുമാര്‍ പറഞ്ഞു. തങ്ങള്‍ ഒന്നിച്ചഭിനയിച്ച സിനിമകളുടെ ബ്രേക്കിനിടയില്‍ പഴയ കഥകള്‍ ഒരുപാട് പറയാറുണ്ടായിരുന്നെന്നും അതെല്ലാം കേള്‍ക്കാന്‍ നല്ല രസമായിരുന്നെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടിലെ മുന്‍മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുമായി വളരെ നല്ല സൗഹൃദമായിരുന്നു അദ്ദേഹത്തിനെന്നും സലിംകുമാര്‍ പറഞ്ഞു. ഹനീഫയുടെ തിരക്കഥകള്‍ വായിച്ചാണ് കരുണാനിധി അദ്ദേഹവുമായി സൗഹൃദം സ്ഥാപിച്ചതെന്നും വീട്ടിലേക്ക് ക്ഷണിച്ച് സത്കരിച്ചിട്ടുണ്ടെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
കരുണാനിധിയുടെ വീട്ടില്‍ നിന്ന് ഞണ്ടിന്റെ ഒരു സ്‌പെഷ്യല്‍ വിഭവം കഴിച്ചിട്ടുണ്ടെന്നും വേറെ എവിടെ നിന്നും അത്രക്ക് രുചിയുള്ള ഭക്ഷണം താന്‍ കഴിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും സലിംകുമാര്‍ പറഞ്ഞു. കഴിക്കുന്നതിനിടയില്‍ തന്റെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഹനീഫയെന്ന് കരുണാനിധി പറഞ്ഞെന്നും ആദ്യത്തെയാള്‍ എം.ജി.ആര്‍ ആണെന്ന് പറഞ്ഞെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു സലിംകുമാര്‍.
‘സിനിമയില്‍ എനിക്ക് ഏറ്റവും വലിയ ആത്മബന്ധമുള്ളത് ഹനീഫിക്കയുമായിട്ടാണ്. ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പല സിനിമകളുടെയും ഷൂട്ടിന്റെ ഇടയിലെ ബ്രേക്ക് സമയത്ത് ഞാനും പുള്ളിയും ഒരുമിച്ചായിരുന്നു ഇരുന്നത്. ചെന്നൈയില്‍ ഉണ്ടായിരുന്നപ്പോഴുള്ള അനുഭവങ്ങള്‍ തമാശരൂപത്തില്‍ പുള്ളി പറയുമായിരുന്നു. അതൊക്കെ കേട്ടിരിക്കാന്‍ നല്ല രസമായിരുന്നു. അതില്‍ ചില കാര്യങ്ങള്‍ പുതിയ അറിവായിരുന്നു. തമിഴ്‌നാട്ടിലെ മുന്‍ മുഖ്യമന്ത്രി കരുണാനിധിക്ക് ഏറ്റവും അടുപ്പമുള്ളവരില്‍ ഒരാളായിരുന്നു ഹനീഫിക്ക.
ഹനീഫിക്കയുടെ തിരക്കഥകളുടെ വലിയ ആരാധകനായിരുന്നു കരുണാനിധി. പുള്ളി കരുണാനിധിയുടെ വീട്ടിലേക്കൊക്കെ പോയിട്ടുണ്ട്. അവിടുന്ന് ഞണ്ടിന്റെ ഒരു സ്‌പെഷ്യല്‍ വിഭവം കഴിച്ചിട്ടുണ്ടെന്നും അത്രയും ടേസ്റ്റില്‍ വേറെ എവിടെ നിന്നും ഞണ്ട് കഴിച്ചിട്ടില്ലെന്നും ഹനീഫിക്ക പറഞ്ഞിട്ടുണ്ട്.
അന്ന് ഫുഡ് കഴിച്ചോണ്ടിരുന്നപ്പോള്‍ കരുണാനിധി പുള്ളിയോട് ഒരു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. ‘എന്റെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്ന രണ്ടാമത്തെ മലയാളിയാണ് താന്‍’ എന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യത്തെയാള്‍ എം.ജി.ആര്‍. ആയിരുന്നു,’ സലിംകുമാര്‍ പറയുന്നു.
Content Highlight: Salim Kumar shares a story happened in Cochin Haneefa’s life