| Wednesday, 6th September 2023, 12:28 pm

ഞാന്‍ നോക്കുമ്പോള്‍ മാഷ് ഞാന്‍ വലിച്ച ബീഡിക്കുറ്റി പെറുക്കുന്നു, അന്നൊരു ശപഥമെടുത്തു, ഒരു ആഷ് ട്രേ വാങ്ങണം: സലിം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹാരാജാസ് കോളേജിലെ തന്റെ പഠനകാലത്തെ കുറിച്ചും അധ്യാപകനായ ഓമനക്കുട്ടന്‍ മാസ്റ്ററുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ സലിം കുമാര്‍.

മഹാരാജാസ് കോളേജിലെ അധ്യാപകനായ ഓമനക്കുട്ടന്‍ മാഷിന്റെ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കവേയാണ് കോളേജ് കാലത്തെ രസകരമായ ചില സംഭവങ്ങള്‍ സലിം കുമാര്‍ ഓര്‍ത്തെടുത്തത്.

താന്‍ വലിച്ച് താഴെയിട്ട ബീഡിക്കുറ്റി പെറുക്കിയെടുത്ത മാഷിനെ കുറിച്ചും അത് തന്നിലുണ്ടാക്കിയ കുറ്റബോധത്തെ കുറിച്ചും പിന്നാലെ താനെടുത്ത ശപഥത്തെ കുറിച്ചുമൊക്കെയാണ് സലിം കുമാര്‍ രസകരമായി സംസാരിക്കുന്നത്.

‘ ഞാന്‍ ഇന്ന് നിങ്ങള്‍ അറിയപ്പെടുന്ന ഒരു സലിം കുമാറാകാന്‍ മഹാരാജാസ് കോളേജ് വഹിച്ച പങ്ക് വളരെ വലുതാണ്. അവിടെ എനിക്ക് പ്രിയപ്പെട്ട, ഏറ്റവും പ്രിയപ്പെട്ട ഒന്നിനെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ തെരഞ്ഞെടുക്കുന്നത് എന്റെ ഓമനക്കുട്ടന്‍ മാസ്റ്ററെ ആയിരിക്കും. ഇന്നും ആ ബന്ധം ദൃഢമായി പോകുന്നുണ്ട്.

ഞാന്‍ മാഷെ ആദ്യമായി പരിചയപ്പെടുന്നത് കോളേജില്‍ ചേര്‍ന്ന് ഒരു യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ പ്രൈസ് കിട്ടിയ സമയം മുതലാണ്. അന്നു മുതലുള്ള കമ്പനിയാണ് മാഷുമായിട്ട്.

ഞാന്‍ മഹാരാജാസില്‍ വല്ലപ്പോഴുമൊക്കെയേ വരൂ. അപ്പോള്‍ മാഷെ കാണും, സൗഹൃദം പങ്കുവെക്കും. ആ ബന്ധം വലുതായി. ഓരോ യൂത്ത് ഫെസ്റ്റിവലിലും പോകുമ്പോള്‍ നമ്മളെ നയിച്ചത് ഓമനക്കുട്ടന്‍ മാസ്റ്ററായിരുന്നു. കുട്ടികളേക്കാള്‍ കമ്പനി എനിക്ക് മാഷുമായിട്ടായിരുന്നു. ഈ കമ്പനി കൂടിക്കൂടി ഞാന്‍ ഒരു നാല് വര്‍ഷം മഹാരാജാസില്‍ പഠിച്ചു. മൂന്ന് വര്‍ഷമേയുള്ളൂ പക്ഷേ ഞാന്‍ നാല് വര്‍ഷം പഠിച്ചു.

നാലാം വര്‍ഷം പഠിക്കുമ്പോള്‍ തിരുവല്ലയില്‍ യൂണിവേഴ്‌സിറ്റി കലോത്സവം കഴിഞ്ഞ് ഞങ്ങള്‍ കപ്പുമായി കോളേജിലേക്ക് വരികയാണ്. രാത്രിയായിട്ടുണ്ട്. കോളേജില്‍ എത്തിയ ശേഷം ബാക്കിയുള്ള പിള്ളേരൊക്കെ പോയി. ഞങ്ങള്‍ ഇങ്ങനെ സംസാരം തുടരുകയാണ്.

അര്‍ധരാത്രി ഒരുപാട് സമയം ഇരുന്ന് സംസാരിച്ചു. ആ കഥകളൊന്നും എനിക്ക് മറക്കാന്‍ പറ്റില്ല. അന്ന് ഹോസ്റ്റലിന്റെ ചുമതല മാഷിനാണ്. അദ്ദേഹത്തിന് അവിടെ ഒരു റൂമുണ്ട്. അങ്ങനെ മാഷിന്റെ നിര്‍ദേശ പ്രകാരം ഞങ്ങള്‍ അവിടെ പോയി കിടന്നു. ആ രാത്രി മുഴുവന്‍ ഞങ്ങള്‍ സംസാരിച്ചു. അങ്ങനെ സംസാരിക്കവേ മാഷ് എന്നോട് ഒരു കാര്യം ചോദിച്ചു.’ ഞാന്‍ അറിയാന്‍ വേണ്ടി ചോദിക്കുകയാണ്. നമ്മള്‍ ഇത്രയൊക്കെ സുഹൃത്തുക്കളായി കഴിഞ്ഞതല്ലേ, നീ മഹാരാജാസില്‍ ഏത് ക്ലാസിലാണ് പഠിക്കുന്നത്? ഇതായിരുന്നു മാഷിന്റെ ചോദ്യം. ഞാന്‍ മലയാളം ബി.എക്കാണ് പഠിക്കുന്നത്. മാഷോ? ഞാന്‍ മലയാളം ബി.എയ്ക്ക് പഠിപ്പിക്കുന്ന ആളാണ്.

അവിടെ വെച്ചാണ് ഗുരുവും ശിഷ്യനുമാണെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത് (ചിരി). അന്ന് നേരം വെളുത്തപ്പോള്‍ ഞാന്‍ കണ്ണ് തുറന്നപ്പോള്‍ കാണുന്നത് മാഷ് ഞാന്‍ വലിച്ചു താഴെയിട്ട ബീഡിക്കുറ്റി പെറുക്കിയെടുക്കുന്നതാണ്. കാരണം ഇത് എടുത്ത് മാറ്റിയില്ലെങ്കില്‍ മാഷിന്റെ പേരില്‍ കുറ്റം വരും.

അത് എനിക്ക് മനസില്‍ വല്ലാത്ത ദുഖഭാരം ഉളവാക്കി. അന്ന് തൊട്ട് ഞാന്‍ ഒരു ശപഥം എടുത്തു. ഇനി ബീഡി വലിച്ച് കുറ്റി താഴെയിടില്ല, ഒരു ആഷ് ട്രേ വാങ്ങണം (ചിരി). അങ്ങനെ ഒരു തീരുമാനം എന്നെ കൊണ്ട് എടുപ്പിച്ചത് ഓമനക്കുട്ടന്‍ മാസ്റ്ററായിരുന്നു,’ എന്നായിരുന്നു സലിം കുമാര്‍ പറഞ്ഞവസാനിച്ചത്.

Content Highlight: Salim Kumar share a Funny Moment on his College days

We use cookies to give you the best possible experience. Learn more