കാലത്തിനനുസരിച്ച് ബന്ധങ്ങളിലും കാഴ്ചപ്പാടിലും വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നടന്‍ സലിം കുമാര്‍. തന്റെ അച്ഛന്റെ കാലത്തും തന്റെ കാലത്തും വന്ന വ്യത്യാസങ്ങളെക്കുറിച്ചാണ് പ്രധാനമായും നടന്‍ സൂചിപ്പിക്കുന്നത്.
താനൊക്കെ മക്കളായിരുന്ന സമയത്ത് അച്ഛനായിരുന്നു വീട്ടിലെ ദൈവമെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ വീട്ടിലെ ഏകാധിപതിയല്ലെന്നും സലിം കുമാര്‍ പറയുന്നു.
‘മക്കളെ കര്‍ശനമായി വളര്‍ത്തുന്ന ഒരച്ഛനല്ല ഞാന്‍. പണ്ട് എന്റെ അച്ഛന്റെ ശബ്ദം കേട്ടാല്‍ ഞങ്ങള്‍ അനങ്ങില്ല. ഞമ്മള്‍ ഉച്ചത്തില്‍ സംസാരിച്ചാല്‍ അച്ഛന്‍ കോലായിലുണ്ടെന്ന് അമ്മ വാണിങ് തരും. അച്ഛന്‍ കഴിച്ചിട്ടേ നമുക്ക് ആഹാരം കഴിക്കാന്‍ അവകാശമുണ്ടാവൂ.
അദ്ദേഹം പറയുന്ന ഭക്ഷണമേ വീട്ടിലുണ്ടാക്കൂ. അന്നേ മനസ്സില്‍ കയറിക്കൂടിയ ഒരു മോഹമുണ്ട്. എന്നെങ്കിലും ഒരച്ഛനായി ഷൈന്‍ ചെയ്യണമെന്ന്. പക്ഷേ കഷ്ടകാലം എന്റെ പ്രായത്തിലുള്ളവര്‍ അച്ഛനായപ്പോള്‍ ഭരണം മാറി. മക്കളായി വീട്ടിലെ രാജാക്കന്‍മാര്‍,’ സലിം കുമാര്‍ പറയുന്നു.
ഒന്നുകില്‍ മക്കള്‍ പറയുന്നത് കേട്ട് ഒത്തുപോവാം അല്ലെങ്കില്‍ മക്കളോട് എതിര്‍ത്ത് മാറി നില്‍ക്കാം. ഒന്നാമത്തേതാണ് ആരോഗ്യത്തിന് നല്ലതെന്നും പഴയ അച്ഛന്റെ കാലം കഴിഞ്ഞുപോയെന്നും സലിം കുമാര്‍ പറഞ്ഞു.
‘പഴയ ഗര്‍വ്വോടെ ഞാന്‍ അച്ഛനാണ്, ഇങ്ങനെയാണ് കാര്യങ്ങള്‍ നടത്തേണ്ടതെന്ന് പറഞ്ഞാല്‍ ഇന്നത്തെ തലമുറ സമ്മതിച്ച് തരില്ല. അവരുടെ ലോകം വേറെയാണ്. അവരുടെ വിനോദം വേറെയാണ്. അവര്‍ പടിഞ്ഞാറന്‍ സങ്കല്‍പ്പങ്ങളിലേക്ക് പോയിക്കഴിഞ്ഞു. അവരുടെ സിനിമ മാറി, അവരുടെ സംഗീതം മാറി പണ്ട് ഒരാഴ്ച റേഷന്‍ വന്നില്ലെങ്കില്‍ ജീവിതം താളം തെറ്റിയിരുന്നു. ഇന്ന് ഒരു മണിക്കൂര്‍ ഡാറ്റ ഇല്ലാതായാല്‍ ജീവിതം പാളം തെറ്റും,’ സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.