കൊച്ചിന്‍ ഹനീഫയല്ലാതെ മറ്റൊരു സീനിയര്‍ നടനും അങ്ങനെയൊരു കാര്യം ചെയ്യാന്‍ സമ്മതിക്കില്ല: സലിംകുമാര്‍
Entertainment
കൊച്ചിന്‍ ഹനീഫയല്ലാതെ മറ്റൊരു സീനിയര്‍ നടനും അങ്ങനെയൊരു കാര്യം ചെയ്യാന്‍ സമ്മതിക്കില്ല: സലിംകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 31st October 2024, 12:59 pm

മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച കോമ്പോയാണ് കൊച്ചിന്‍ ഹനീഫ- സലിംകുമാര്‍ എന്നിവരുടേത്. ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്ന പല ഹിറ്റ് സിനിമകളിലും ഇരുവരുടെയും സാന്നിധ്യമുണ്ട്. പുലിവാല്‍ കല്യാണം, ഉദയപുരം സുല്‍ത്താന്‍, ചതിക്കാത്ത ചന്തു, സുന്ദരപുരുഷന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഈ കോമ്പോ കാരണം മലയാളികള്‍ ആസ്വദിച്ചിട്ടുണ്ട്. ഇരുവരുടെയും കോമ്പോയിലെ ഐക്കോണിക്കായിട്ടുള്ള സിനിമയാണ് 2003ല്‍ റിലീസായ പുലിവാല്‍ കല്യാണം.

ചിത്രത്തിലെ നായകന്‍ ജയസൂര്യയാണെങ്കിലും ഇന്നും പലരും റിപ്പീറ്റടിച്ച് കാണുന്നത് മണവാളന്‍- ധര്‍മേന്ദ്ര എന്നിവരുടെ കോമഡി സീനുകളാണ്. സോഷ്യല്‍ മീഡിയയുടെയും ട്രോള്‍ പേജുകളുടെയും കടന്നുവരവോടുകൂടി ഈ രണ്ട് കഥാപാത്രങ്ങളും കൂടുതല്‍ പോപ്പുലറായി മാറി. ആ സിനിമയില്‍ ഏറ്റവും സ്‌കോര്‍ ചെയ്തത് താനാണെന്നും കൊച്ചിന്‍ ഹനീഫയല്ലാതെ വേറെ ഏത് നടനായാലും അതിന് സമ്മതിക്കില്ലെന്നും സലിംകുമാര്‍ പറഞ്ഞു.

ആ സമയത്ത് താന്‍ സിനിമയലെത്തി വളരെ കുറച്ച് വര്‍ഷമേ ആയുള്ളൂവെന്നും എന്നാല്‍ കൊച്ചിന്‍ ഹനീഫ പണ്ടുമുതലേ സിനിമയിലുള്ള ആളായിരുന്നെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിന്‍ ഹനീഫ തന്ന പ്രോത്സാഹനമാണ് മണവാളന്‍ എന്ന കഥാപാത്രം വിജയിക്കാന്‍ കാരണമെന്നും അതുകൊണ്ടാണ് ഇന്നും തന്നെ പലരും ഓര്‍ക്കുന്നതെന്നും സലിംകുമാര്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു സലിംകുമാര്‍.

‘ഹനീഫിക്കയോടൊപ്പം ആദ്യമായി അഭിനയിച്ചത് അരമനവീടും അഞ്ഞൂറേക്കറും എന്ന സിനിമയിലാണ്. അന്ന് പുള്ളിയെക്കണ്ടപ്പോള്‍ വലിയ ജാഡയുള്ള ആളാണെന്നാണ് വിചാരിച്ചത്. പക്ഷേ പരിചയപ്പെട്ട് കഴിഞ്ഞപ്പോഴാണ പുള്ളിയുടെ സ്വഭാവമറിഞ്ഞത്. എന്റെ കരിയറിലെ ഒരുപാട് ഹിറ്റ് കഥാപാത്രങ്ങള്‍ ഹനീഫിക്കയുടെ കൂടെ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ തന്നെ എടുത്ത് പറയേണ്ട സിനിമയാണ് പുലിവാല്‍ കല്യാണം. ഇന്നും ആ സിനിമയെപ്പറ്റി പറയുമ്പോള്‍ എല്ലാവരും മണവാളനെയും ധര്‍മേന്ദ്രയെക്കുറിച്ചുമാണ് സംസാരിക്കുന്നത്.

അതില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്തത് ഞാനായിരുന്നു. ഹനീഫിക്കയല്ലാതെ വേറൊരു സീനിയര്‍ നടനും അങ്ങനെയൊരു കാര്യം ചെയ്യാന്‍ സമ്മതിക്കില്ല. ആ സിനിമ ചെയ്യുന്ന സമയത്ത് ഞാന്‍ സിനിമയിലെത്തി നാലഞ്ച് വര്‍ഷം ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. ഹനീഫിക്കയാണെങ്കില്‍ പ്രേം നസീറിന്റെ കാലം തൊട്ട് സിനിമയിലുള്ള ആളാണ്. പുള്ളി കോമഡിയെ നല്ലവണ്ണം പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാണ് ആ കഥാപാത്രം ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്നത്,’ സലിംകുമാര്‍ പറയുന്നു.

Content Highlight: Salim Kumar saying all credits of his character in Pulival Kalyanam movie is for Cochin Haneefa