മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് സലീം കുമാര്‍. പ്രിയപ്പെട്ട മൂന്ന് പേരുടെ മരണം തന്നെ വല്ലാതെ പിടിച്ച് കുലുക്കിയിട്ടുണ്ടന്ന് പറുയുകയാണ് അദ്ദേഹം. ഇന്നസെന്റ്, നെടുമുടി വേണു, കെ.പി.എ.സി ലളിത എന്നിവരുടെ മരണം ശൂന്യത സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
മൂവരും വിളിച്ചന്വേഷിക്കാറുണ്ടായിരുന്നുവെന്നും മലയാള സിനിമയില്‍ ഇങ്ങോട്ട് വിളിക്കുന്നവര്‍ കുറവാണെന്നും അദ്ദേഹം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഇന്നസെന്റേട്ടന്റെയും നെടുമുടി വേണു ചേട്ടന്റെയും ലളിത ചേച്ചിയുടെയും മരണം എന്നെ പിടിച്ചുലച്ചിട്ടുണ്ട്. ഇത് എന്റെ മാത്രം നഷ്ടമൊന്നുമല്ല. എനിക്ക് പ്രത്യേകിച്ച് നഷ്ടങ്ങളുണ്ട്. ഇവരൊക്കെയായിട്ട് നല്ല കമ്പനിയായിരുന്നു ഞാന്‍.
ലളിത ചേച്ചി വീട്ടില്‍ വരാറുണ്ട്. അച്ചാറൊക്കെ കൊടുത്തുവിടും. ഒരുപാട് നേരം സംസാരിക്കും.
വേണു ചേട്ടന്‍ ഇവിടെ വന്നിട്ടില്ല. ഇന്നസെന്റേട്ടന്‍ മാസത്തില്‍ രണ്ട് പ്രാവശ്യം വിളിക്കുമായിരുന്നു. വേണു ചേട്ടനും വിളിക്കും. സിനിമയില്‍ എന്നെ വിളിക്കുന്നത് വളരെ കുറവ് ആളുകളാണ്. വളരെ കുറച്ച് ആളുകളേയുള്ളൂ ഇങ്ങോട്ട് വിളിക്കുന്നത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കും. അല്ലാതെ സുഖ വിവരങ്ങള്‍ അറിയാന്‍ വേണ്ടി വിളിച്ചിരുന്ന ആളുകളുണ്ടായിരുന്നു. അങ്ങനെ ആരുമില്ല ഇപ്പോള്‍.
പെട്ടെന്നൊരു ശൂന്യത അനുഭവപ്പെട്ടു. ഇന്നസെന്റേട്ടന്റെ മരണം വല്ലാതെ വിഷമിപ്പിച്ചു. കാരണം ഹോസ്പിറ്റലില്‍ പോകുന്നതിന് അരമണിക്കൂര്‍ മുന്നേ വരെ സംസാരിച്ചതാണ്. എന്റെ മകനെ എഴുത്തിനിരിത്തിയത് പുള്ളിയാണ്.
ഞാന്‍ പുള്ളിയോട് പറഞ്ഞു, ചേട്ടാ എന്റെ മൂത്ത മകന്‍ ചന്തുവിനെ എഴുത്തിനിരിത്തിയ ആള്‍ക്ക് നാല് എം.എ, ഒരു എല്‍.എല്‍.ബിയുണ്ട്. പിന്നീട് ഞാന്‍ ഇളയ മകനെ എഴുത്തിനിരിത്താന്‍ ആര് വേണമെന്ന് ആലോചിച്ചപ്പോള്‍ ചേട്ടന്റെ പേരാണ് മനസില്‍ ആദ്യം വന്നത്. പുള്ളി പറഞ്ഞു, നിനക്കെന്താ ഭ്രാന്തുണ്ടോ, ആ ചെക്കനെ വല്ല അറിവുള്ള ആരെയെങ്കിലും എഴുത്തിനിരത്തൂവെന്ന്.
പക്ഷേ ഞാന്‍ പറഞ്ഞു, ഞാന്‍ കണ്ടതില്‍ ഏറ്റവും അറിവുള്ളയാള്‍ ചേട്ടന്‍ തന്നെയാണ്. ഞാന്‍ ജീവിതത്തില്‍ കണ്ടതില്‍ എട്ടാം ക്ലാസിന്റെ പഠിപ്പേ ഉള്ളൂവെങ്കിലും 800 ക്ലാസിന്റെ മതിപ്പുള്ള മനുഷ്യനാണ് അദ്ദേഹം.
ഇന്നസെന്റേട്ടന്‍ മരിച്ചപ്പോള്‍ ആലീസേച്ചിയെ കാണാന്‍ ചെന്നപ്പോള്‍ അവന്‍ വന്നോയെന്നാണ് ആദ്യം ചോദിച്ചത്,’ സലീം കുമാര്‍ പറഞ്ഞു.
content highlight: salim kumar rememebering nedumudi venu, kpac lalitha, innocent