Entertainment
ഒരു റിട്ടയർമെന്റ് എന്തിനും നല്ലതാണല്ലോ, അഭിനയം അല്ലാതെ എന്നെ മറ്റൊന്നിനും കൊള്ളില്ല: സലിം കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 15, 05:05 pm
Thursday, 15th June 2023, 10:35 pm

അഭിനയ ജീവിതത്തിൽ താൻ ഒരു റിട്ടയർമെന്റ് ആഗ്രഹിച്ചിരുന്നെന്ന് നടൻ സലിം കുമാർ. ഇപ്പോൾ താൻ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സിനിമകളിൽ നിന്നും വിട്ട് നിൽക്കുകയാണെന്നും ഇപ്പോൾ വെറുതെ ഇരിക്കുന്നതുകൊണ്ട് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് കേരളക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്നെ ഇപ്പോൾ ഒരുപാട് പേര് സിനിമ ചെയ്യാൻ വിളിക്കുന്നുണ്ട്. പക്ഷെ ഞാൻ ചെയ്യുന്നില്ല. എനിക്ക് ആരോഗ്യപരമായിട്ട് കുറച്ച് പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ട് ഇപ്പോൾ സിനിമകൾ ഒന്നും ചെയ്യുന്നില്ല. ഒരുപാട് ചിത്രങ്ങളിലേക്ക് എന്നെ ക്ഷണിച്ചിട്ടുണ്ട്. നാദൃഷ എന്നെ മൂന്ന് സിനിമകളിലേക്ക് വിളിച്ചിരുന്നു. പുള്ളി എന്റെ അടുത്ത സുഹൃത്താണ്. മൂന്ന് സിനിമകളാണ് ചെയ്യാൻ പറ്റാതെ പോയത്. ശാരീരിക അസ്വസ്ഥതകളാണ്, ഒരു രണ്ട് മൂന്ന് മാസം കൂടി കഴിഞ്ഞാൽ ശരിയാകുമെന്ന് തോന്നുന്നു. ശരിയായി കഴിഞ്ഞാൽ പോകും,’ സലിം കുമാർ പറഞ്ഞു.

താൻ അഭിനയ ജീവിതത്തിൽ നിന്നും ഒരു റിട്ടയർമെന്റ് ആഗ്രഹിച്ചിരുന്നെന്നും, അഭിനയം ഒക്കെ മതിയാക്കേണ്ട സമയം ആയിരുന്നെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു റിട്ടയർമെന്റ് എന്തിനും ആവശ്യമാണെന്ന് എനിക്ക് തോന്നിയിരുന്നു. എനിക്കതിനുള്ള പ്രായം ആയിട്ടില്ലെങ്കിലും ഇതൊക്കെ മതിയാകേണ്ട സമയം ആയെന്ന് മനസ് പറഞ്ഞ്‌ തുടങ്ങിയിട്ടുണ്ടായിരുന്നു.

ഇപ്പോൾ അഭിനയിക്കണമെന്ന് ആഗ്രഹം ഉണ്ട്. അഭിനയിച്ചില്ലെങ്കിൽ വേറൊരു തൊഴിലിനും ഇനി കൊള്ളില്ല. ഒരു തൊഴിലും എനിക്ക് ചെയ്ത് ശീലമില്ല. വേറെ എന്തെങ്കിലും സംരംഭത്തിലേക്ക് തിരിഞ്ഞാലോ എന്ന് ഞാൻ ഓർത്തതാണ്. മറ്റൊരു തൊഴിലിനും കൊള്ളില്ല, ഇത് തന്നെയാണ് എനിക്ക് പറ്റൂ എന്ന് തോന്നി. പറ്റാവുന്നത്ര കാലം വരെ ഇത് തന്നെ ചെയ്യാം എന്നുള്ള ഒരു തീരുമാനത്തിലാണ്. ഇപ്പോൾ എന്തായാലും ഒരു ഇടവേള എടുത്തിരിക്കുകയാണ്. പുതിയ കാര്യങ്ങളൊക്കെ പഠിക്കാമല്ലോ. പുതിയ ആളുകൾ എങ്ങനെ ഉണ്ടെന്നൊക്ക മനസിലാക്കാം, അവർക്ക് ആവശ്യമുണ്ടെങ്കിൽ നമുക്ക് ചെല്ലാം, അല്ലെങ്കിൽ വെറുതെ ഇരിക്കാം,’ സലിം കുമാർ പറഞ്ഞു.

Content Highlights: Salim Kumar on retirement