| Tuesday, 13th June 2023, 9:39 am

അവരുടെ ശബ്ദം പഠിക്കാന്‍ വേണ്ടി ഒരു ദിവസം മുഴുവന്‍ കൂടെ സഞ്ചരിച്ചു, അതിന് യൂണിവേഴ്‌സിറ്റി പ്രൈസും കിട്ടി: സലിംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിക്ക് വേണ്ടി കെ.ആര്‍. ഗൗരിയമ്മയുടെ ശബ്ദം പഠിക്കാന്‍ ഒരു ദിവസം മുഴുവന്‍ അവര്‍ക്കൊപ്പം അലഞ്ഞിട്ടുണ്ടെന്ന് നടന്‍ സലിംകുമാര്‍. ആ വര്‍ഷത്തെ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ ഗൗരിയമ്മയുടെ ശബ്ദം അനുകരിച്ചതിന് തനിക്ക് സമ്മാനം കിട്ടിയെന്നും താരം പറഞ്ഞു.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈലില്‍ എത്രയാളുടെ ശബ്ദവും ലഭിക്കുമെന്നതിനാല്‍ ഇന്നത്തെ കാലത്ത് മിമിക്രി പഠിക്കാന്‍ എളുപ്പമാണെന്നും സലിം കുമാര്‍ പറഞ്ഞു.

‘ഇന്നത്തെ കാലത്ത് മിമിക്രി പഠിക്കല്‍ അത്ര വലിയ സംഭവമല്ല. കാരണം നമ്മുടെ കൈയിലൊക്കെ മൊബൈലുണ്ട്. ഈ മൊബൈലില്‍ നൂറ് തവണ ഒരാളുടെ ശബ്ദം കേട്ടാല്‍ നമുക്ക് അനുകരിക്കാനാകും. ആര്‍ക്കും പറ്റും. പണ്ട് അങ്ങനെയായിരുന്നില്ല. തിയേറ്ററില്‍ പോയിരുന്ന് പഠിക്കണമായിരുന്നു.

ഞാന്‍, കെ.ആര്‍. ഗൗരിയമ്മയുടെ ശബ്ദം അനുകരിക്കാന്‍ വേണ്ടി, അവരുടെ ശബ്ദം പഠിക്കാന്‍ വേണ്ടി ഒരു ദിവസം മുഴുവന്‍ അവര്‍ക്കൊപ്പം നടന്നിട്ടുണ്ട്. അവരുടെ കൂടെ എന്ന് പറഞ്ഞാല്‍ അവര്‍ പ്രസംഗിക്കുന്ന സ്ഥലങ്ങളില്‍ ഞാന്‍ പോകും. അവരെ പാര്‍ട്ടി പുറത്താക്കിയ സമയമായിരുന്നു അത്. കേരളം മുഴുവന്‍ അവര്‍ക്കന്ന് സ്വീകരമണമുണ്ടായിരുന്നു. അവര്‍ക്ക് സ്വീകരണമുള്ള സ്ഥലങ്ങള്‍ മുഴുവന്‍ ഞാന്‍ നോട്ടീസെടുത്ത് നോക്കി മനസിലാക്കി, ബസ് കയറി, അവരുടെ കൂടെ നടന്നാണ് കെ.ആര്‍. ഗൗരിയമ്മയുടെ ശബ്ദം പഠിച്ചത്. ആ വര്‍ഷം എനിക്ക് യൂണിവേഴ്‌സിറ്റി പ്രൈസും കിട്ടി, ഗൗരിയമ്മയുടെ ശബ്ദം അനുകരിച്ചതിന്.

ഇന്ന് അതിന്റെ ആവശ്യമില്ല. മൊബൈലില്‍ എത്ര തവണ വേണമെങ്കിലും നമുക്ക് അവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയും. പണ്ട് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. കാലഘട്ടം മാറിയപ്പോള്‍ അത് എളുപ്പമായി മാറി. അതുകൊണ്ട് തന്നെ ഒരുപാട് മിമിക്രിക്കാരും വന്നു. ഒരുപാടെണ്ണം വരുന്നതും ആപത്താണ്,’ സലിംകുമാര്‍ പറഞ്ഞു.

content highlights; Salim Kumar on learning Gauriamma’s voice

We use cookies to give you the best possible experience. Learn more