നാട് നന്നാവണമെങ്കിൽ കപട രാഷ്ട്രീയക്കാർ നാട്ടിൽ നിന്നും പോകണമെന്ന് നടൻ സലിം കുമാർ. കേരളം ദൈവത്തിന്റെ സ്വന്തം നാടല്ലെന്നും ടൂറിസം ഡിപ്പാർട്മെൻറ് മാത്രമാണ് അങ്ങനെ വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്സ്പ്രെസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ ഒരിക്കലും ജാതകത്തിൽ വിശ്വസിക്കുന്ന ആളല്ല. എന്റെ ഭാര്യ അമ്പലത്തിലൊക്കെ പോകാറുണ്ട്. എന്റെ രണ്ടുമക്കളും അമ്പലത്തിൽ പോകാറില്ല. എന്റെ മൂത്ത മകന്റെ ജാതകം എഴുതിക്കണമെന്ന് ഭാര്യ പറഞ്ഞു. ഞാൻ എഴുതിക്കോളാൻ പറഞ്ഞു. അതിനൊന്നും എനിക്ക് കുഴപ്പമില്ല. അവൻ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർ ആകും എന്നാണ് ജാതകത്തിൽ പറയുന്നത്. അവൻ ഇപ്പോൾ എൽ.എൽ.ബി ക്ക് പഠിക്കുന്നു (ചിരിക്കുന്നു).
ഇതെല്ലം തട്ടിപ്പാണ്. അവനിപ്പോൾ 24 വയസുണ്ട്. ഒരു വയസുള്ളപ്പോൾ എഴുതിപ്പിച്ചതാണ്. കാലം മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ പള്ളികളൊക്കെ ഇപ്പോൾ വിവാഹ മണ്ഡപങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിൽ ഇപ്പോഴും നരബലിയൊക്കെ നടന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ട് പ്രബുദ്ധ കേരളം എന്ന് നമ്മൾ തന്നെ പറയും. വേറെ ആരും നമ്മുടെ നാടിനെ പ്രബുദ്ധ കേരളം എന്ന് വിശേഷിപ്പിക്കുന്നില്ല,’ സലിം കുമാർ പറഞ്ഞു.
കേരളത്തിനെ ഗോഡ്സ് ഓൺ കൺട്രി എന്ന് ടൂറിസം വിഭാഗമാണ് വിളിക്കുന്നതെന്നും നമ്മുടേത് ഒരു സാധാരണ നാടാണെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തെ ടൂറിസം ഡിപ്പാർട്മെൻറ് മാത്രമാണ് ഗോഡ്സ് ഓൺ കൺട്രി എന്ന് വിളിക്കുന്നത്. വിദേശികൾ വിചാരിക്കുന്നത് ഇത് ദൈവത്തിന്റെ സ്വന്തം നാടാണെന്നാണ്. നമ്മുടേത് സാധാരണ ഒരു നാടാണ്. നമ്മുടേതിനേക്കാൾ എത്രയോ നല്ല സ്ഥലങ്ങൾ ഉണ്ട്. നല്ല ബീച്ചുകൾ റോഡുകൾ, തടാകങ്ങൾ ഒക്കെ അവിടങ്ങളിൽ ഉണ്ട്. നമ്മൾ വിചാരിക്കുന്നത് ഇതാണ് സ്വർഗമെന്നാണ്. ഇത് സ്വർഗം ഒന്നുമല്ല. നമ്മുടെ നാട്ടിൽ നിന്ന് ഈ കപട രാഷ്ട്രീയക്കാർ പോകാതെ നാട് നന്നാകില്ല,’ സലിം കുമാർ പറഞ്ഞു.
Content Highlights: Salim Kumar on Kerala