| Tuesday, 13th June 2023, 8:37 am

കിലുക്കത്തിന് ജഗതിക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ ഒരു തല്ലിപ്പൊളി വേഷം കൂടി അതിനൊപ്പം ചേര്‍ത്തു, കോമഡിക്ക് അവാര്‍ഡ് കൊടുക്കാന്‍ പേടിയാണ്: സലിംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോമഡി റോളുകള്‍ക്ക് നാഷണല്‍ അവാര്‍ഡ് പോയിട്ട് സ്‌റ്റേറ്റ് അവാര്‍ഡ് പോലും കിട്ടില്ലെന്ന് നടന്‍ സലിംകുമാര്‍. കോമഡി റോളുകള്‍ക്ക് മാത്രമായി അവാര്‍ഡ് നല്‍കാന്‍ ഭയമാണെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജഗതി ശ്രീകുമാറിന് അവാര്‍ഡ് കിട്ടിയപ്പോള്‍ മറ്റൊരു തല്ലിപ്പൊളി സിനിമയുടെ പേര് കൂടി കിലുക്കത്തിനൊപ്പം ചേര്‍ത്തതെന്നും സലിംകുമാര്‍ പറഞ്ഞു.

ചാര്‍ലി ചാപ്ലിനെ പോലും അംഗീകരിക്കാത്തയിടത്ത് പിന്നെ നമ്മുടെയൊക്കെ കാര്യം പറയാനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കരയിപ്പിക്കുന്നതിനേക്കാളേറെ ബുദ്ധിമുട്ടാണ് ചിരിപ്പിക്കാന്‍. എളുപ്പത്തില്‍ തള്ളിക്കളയാന്‍ പറ്റുന്നതാണ് കോമഡി. എന്നാല്‍ സീരിയസ് റോളുകള്‍ അങ്ങനെയല്ല. അത് നമ്മുടെ കണ്ണ് നനയിക്കും. പക്ഷെ ചിരിപ്പിക്കുന്നതിന് അവാര്‍ഡ് കിട്ടില്ല. നാഷണല്‍ അവാര്‍ഡ് പോയിട്ട് സംസ്ഥാന അവാര്‍ഡ് പോലും കിട്ടില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജഗതി ശ്രീകുമാര്‍. കിലുക്കത്തില്‍ അസാധ്യ പെര്‍ഫോമന്‍സായിരുന്നു അദ്ദേഹത്തിന്റേത്. ആ വര്‍ഷം അദ്ദേഹത്തിന് സഹനടനുള്ള അവാര്‍ഡ് കിട്ടി. പക്ഷെ അവാര്‍ഡ് കൊടുത്തത് കിലുക്കത്തിലെ വേഷത്തിനും വേറൊരു തല്ലിപ്പൊളി വേഷത്തിനും ചേര്‍ന്നായിരുന്നു.

ആ സീരിയസ് വേഷം ആര്‍ക്കും ചെയ്യാവുന്ന ഒരു തല്ലിപ്പൊളി വേഷമായിരുന്നു, ഞാന്‍ കണ്ടതാണത്. അങ്ങനെയാണ് അവാര്‍ഡ് നല്‍കിയത്. എന്ത് കൊണ്ട് തമാശ വേശത്തിന് അവാര്‍ഡ് കൊടുത്തു എന്ന ചോദ്യം വരാതിരിക്കാനാണ് അങ്ങനെ ചെയ്തത്. കിലുക്കത്തിന് മാത്രമായി നൂറ് ശതമാനവും അവാര്‍ഡിന് അര്‍ഹനായിരുന്നു അദ്ദേഹം. അപൂര്‍വം ചിലര്‍ എന്നായിരുന്നു ആ സിനിമയുടെ പേര്. അതില്‍ വലിയ പെര്‍ഫോമന്‍സൊന്നുമായിരുന്നില്ല. ആര്‍ക്കും ചെയ്യാവുന്ന ഒരു വേഷമായിരുന്നു അത്. അത് പക്ഷെ സെന്റിമെന്റല്‍ ക്യാരക്ടറായിരുന്നു. അതുകൂടി കൂട്ടിവെച്ചാണ് അവാര്‍ഡ് നല്‍കിയത്. അത്രയും പേടിയാണ് കോമഡിക്ക് അവാര്‍ഡ് നല്‍കാന്‍.

ചാര്‍ളി ചാപ്ലിന് പോലും ഓസ്‌കാര്‍ കൊടുത്തിട്ടില്ല. അതിന് വേറെ കാരണങ്ങളായിരുന്നു. ലൈഫ് അച്ചീവ്‌മെന്റിനുള്ള അവാര്‍ഡാണ് അദ്ദേഹത്തിന് കൊടുത്തിട്ടുള്ളത്. അപ്പോഴും സംസാരിക്കാനുള്ള അവസരം അദ്ദേഹത്തിന് കൊടുത്തിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിനെ പോലും കോമഡിയുടെ പേരില്‍ ആദരിച്ചിട്ടല്ല. പിന്നെ നമ്മളെപോലുള്ളവരുടെ കാര്യം പറയാനുണ്ടോ, ‘ സലിംകുമാര്‍ പറഞ്ഞു.

content highlights: Salim Kumar on Jagathy getting an award for her performance in Kilukkam

We use cookies to give you the best possible experience. Learn more