| Tuesday, 23rd May 2023, 8:46 pm

സിനിമയില്‍ ഇപ്പോള്‍ യൂസ് ആന്‍ഡ് ത്രോ ആണ്, സിനിമയെ ഒരു ജോലിയാക്കി കാണരുത്: സലിം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ ഇപ്പോള്‍ യൂസ് ആന്‍ഡ് ത്രോ മനോഭാവം ആണെന്ന് നടന്‍ സലിം കുമാര്‍. ജീവിക്കാന്‍ ഒരു ജോലി കണ്ടെത്തിയിട്ട് മാത്രമേ സിനിമയിലേക്ക് വരാന്‍ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്സ് കോള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്നത്തെ കാലത്ത് സിനിമ ഒരു സ്വപ്ന ലോകം ഒന്നുമല്ല. ആര്‍ക്ക് വേണമെങ്കിലും സിനിമയില്‍ അഭിനയിക്കാം. പണ്ടായിരുന്നു ചാന്‍സ് ചോദിച്ച് നടക്കാന്‍ കഷ്ടപ്പാട്. ഇന്ന് അല്പം കഴിവ് മതി സിനിമയില്‍ അഭിനയിക്കാന്‍. ചിലപ്പോള്‍ കഴിവ് ഇല്ലങ്കില്‍ പോലും അഭിനയിക്കാം,’ സലിം കുമാര്‍ പറഞ്ഞു.

സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ പാടാണെന്നും സിനിമ മേഖലയില്‍ ഇപ്പോള്‍ യൂസ് ആന്‍ഡ് ത്രോ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒരു ജോലിയാക്കി കാണരുതെന്നും മറ്റൊരു ജോലി കണ്ടെത്തിയിട്ട് മാത്രമേ സിനിമയില്‍ എത്താവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്നത്തെ കാലത്ത് പിടിച്ച് നില്‍ക്കാന്‍ പാടാണ്. പിടിച്ച് നിന്നാലും അധിക കാലം സിനിമയില്‍ ഉണ്ടാകില്ല. കാരണം സിനിമയില്‍ ഇപ്പോള്‍ യൂസ് ആന്‍ഡ് ത്രോ ആണ്.
ഒരാള്‍ ഇപ്പോള്‍ സിനിമയില്‍ നല്ല അഭിനയം കാഴ്ച വെച്ചാല്‍ ഇയാള്‍ കൊള്ളാം എന്ന് പ്രേക്ഷകര്‍ വിചാരിക്കും. പക്ഷെ, പിന്നെ ആ അഭിനേതാവിനെ ചിലപ്പോള്‍ സിനിമയില്‍ കാണാന്‍ തന്നെ ഉണ്ടാകില്ല. അയാള്‍ക്ക് പകരം അടുത്ത സെക്ഷന്‍ ആളുകള്‍ വന്നുകൊണ്ടിരിക്കും. അതുകൊണ്ട്, സിനിമയെ ഒരു ജോലിയാക്കി ആരും കാണരുത്. ജീവിക്കാന്‍ മറ്റൊരു ജോലി കണ്ടെത്തിയിട്ടേ സിനിമയിലേക്ക് വരാവൂ,’ സലിം കുമാര്‍ പറഞ്ഞു.

ഷാമോന്‍ ബി. പാറേലില്‍ സംവിധാനം ചെയ്യുന്ന കെങ്കേമം എന്ന ചിത്രമാണ് സലിം കുമാറിന്റ റിലീസിനൊരുങ്ങുന്ന ചിത്രം. ഭഗത് ബേബി, നോബി മാര്‍ക്കോസ്, സുനില്‍ സുഗദ, ഇടവേള ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

Content Highlights: Salim Kumar on cinema

We use cookies to give you the best possible experience. Learn more