| Tuesday, 21st September 2021, 3:20 pm

ജയറാമിനെ നായകനാക്കിയപ്പോള്‍ പത്മരാജന് ഭ്രാന്തുണ്ടോ എന്ന് പോലും ചോദിച്ചവരുണ്ട്; സലിം കുമാര്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്നും ഒരു മിമിക്രിക്കാരനെ അംഗീകരിക്കാന്‍ പലര്‍ക്കും വിഷമമാണെന്നും മിമിക്രി എന്നാല്‍ ഒരു മൂന്നാംകിട കലയാണെന്ന ആക്ഷേപം താനൊക്കെ ഒരുകാലത്ത് സ്ഥിരമായി കേട്ടുകൊണ്ടിരുന്ന ഒന്നായിരുന്നെന്നും നടന്‍ സലിം കുമാര്‍.

മിമിക്രിക്കാരനായ ജയറാമിനെ അപരന്‍ എന്ന ചിത്രത്തില്‍ നായനാക്കാന്‍ പത്മരാജന്‍ തീരുമാനിച്ചപ്പോള്‍ പത്മരാജന് ഭ്രാന്തുണ്ടോ എന്ന് പോലും ചോദിച്ചവരുണ്ടെന്നും ആ പടം വിജയിക്കാന്‍ വേണ്ടി തനിക്ക് പരിചയം പോലുമില്ലാതിരുന്ന ജയറാമിന്റെ പേരില്‍ അമ്പലത്തില്‍ വഴിപാട് വരെ കഴിച്ചിരുന്നെന്നും റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സലിം കുമാര്‍ പറയുന്നു.

‘ മിമിക്രി ഒരു മൂന്നാംകിട കലയാണെന്ന ആക്ഷേപം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ആ സമയത്താണ് പത്മരാജന്റെ പടത്തില്‍ ഹീറോ ആവാന്‍ ജയറാം എന്ന ആള്‍ക്ക് അവസരം കിട്ടുന്നത്. ഞാന്‍ നാടകട്രൂപ്പിന്റെ കൂടെ മിമിക്രി ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ് അത്. അവിടെ കുറച്ച് ബുദ്ധിജീവികളുണ്ട്.

പത്മരാജനെന്താ ഭ്രാന്തുണ്ടോ ഈ മിമിക്രിക്കാരെയൊക്കെ വിളിച്ച് നായകനാക്കാന്‍ എന്നായിരുന്നു അവര്‍ പറഞ്ഞത്. എനിക്ക് ജയറാമേട്ടനെ ആ സമയത്ത് പരിചയം പോലുമില്ല. എന്നിട്ട് പോലും ഞാന്‍ അമ്പലത്തില്‍ പോയി ജയറാമേട്ടന് വേണ്ടി വഴിപാട് കഴിച്ചു. ഇക്കാര്യം ഞാന്‍ പിന്നീട് ജയറാമേട്ടനോട് പറഞ്ഞിട്ടുണ്ട്.

അപരന്‍ സിനിമ റിലീസ് ചെയ്യുമ്പോള്‍ എന്റെ കയ്യില്‍ ബീഡി വാങ്ങാന്‍ പോലും കാശില്ല. എന്നിട്ടും പറവൂരില്‍ നിന്ന് ട്രക്കര്‍ വിളിച്ചിട്ട് എന്റെ പത്തിലേറെ വരുന്ന കൂട്ടുകാരെ കൊണ്ടുപോയി അപരന്‍ സിനിമ കണ്ടു. ഒരു തരത്തില്‍ അതൊരു പ്രതികാരമായിരുന്നു.

ഹീറോ ആയിട്ട് വന്ന മിമിക്രിക്കാരന്‍ രക്ഷപ്പെടണമെന്ന എന്റെ അതിയായ ആഗ്രഹമായിരുന്നു അതിന് പിന്നില്‍. ഇപ്പോള്‍ അതൊക്കെ തമാശയായി തോന്നുമെങ്കിലും ഒരുപാട് അവഹേളനങ്ങള്‍ അക്കാലത്ത് ഞങ്ങള്‍ നേരിട്ടിരുന്നു, സലിം കുമാര്‍ പറഞ്ഞു.

ഒരുപാട് കലാകാരന്മാര്‍ ജീവിച്ചുപോകുന്ന ഒരു മേഖലയാണ് മിമിക്രിയെന്നും മറ്റേത് കലയെടുത്താലും അതിനേക്കാളുപരിയായി മിമിക്രി ജീവിതമാര്‍ഗമാക്കിയവര്‍ നിരവധിയാണെന്നും സലിം കുമാര്‍ പറഞ്ഞു.

മിമിക്രി എന്നത് വലിയ ഒരു കാര്യം തന്നെയാണ്. അതിനെ ചെറുതാക്കി കാണാന്‍ പറ്റില്ല. അതുപോലെ കലാഭവന്‍ എന്നത് വലിയൊരു പ്രസ്ഥാനമാണ്. എത്ര പേര്‍ അതുകൊണ്ട് ജീവിച്ചുപോകുന്നുണ്ട്. അവിടെയുള്ള എല്ലാവരും നമ്മുടെ ഗുരുക്കന്‍മാരായിരുന്നു.

മിമിക്രിക്കാര്‍ ചെയ്യുന്ന കോമഡി സിനിമയെ മിമിക്രി സിനിമ എന്ന് പറഞ്ഞ് തരംതാഴ്ത്തിയ സമയമുണ്ടായിരുന്നു. കലാഭവന്‍ മണിയുടെ അഭിനയത്തെയൊക്കെ മിമിക്രി കാണിച്ചു എന്ന് പറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്. അത് അദ്ദേഹം മിമിക്രിക്കാരനായതുകൊണ്ട് മാത്രമായിരുന്നു.

ഇന്നും ഒരു മിമിക്രിക്കാരനെ അംഗീകരിക്കാന്‍ പലര്‍ക്കും ശരിക്കും വിഷമമുണ്ട്. അടുത്തിടെ എന്നോട് ഒരാള്‍ ചോദിച്ചതാണ് ‘നാഷണല്‍ അവാര്‍ഡ് കിട്ടണമെങ്കില്‍ മിമിക്രി പഠിക്കണോ’ എന്ന്. ഇപ്പോള്‍ ആ ലെവല്‍ വരെയെത്തി. അത് ആ കലയുടെ മഹത്വം തന്നെയാണ്, സലിം കുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Salim Kumar Jayaram padmarajan mimicy Artists

Latest Stories

We use cookies to give you the best possible experience. Learn more