|

ദര്‍ഭമുന കാലില്‍ കൊള്ളാതെ നടന്നുനീങ്ങിയ ശേഷം 'ഓ ഐ ഫോര്‍ഗെറ്റ്' എന്ന് പറഞ്ഞ് തിരിഞ്ഞു നടന്ന ആംഗ്ലോ ഇന്ത്യന്‍ ശകുന്തള; അനുഭവക്കുറിപ്പുമായി സലിം കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചിയിലെ പണ്ടത്തെ നാടകകാലത്തെ കുറിച്ചുള്ള ചില ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടന്‍ സലിം കുമാര്‍. നാടകകൃത്ത് ആയിരുന്ന ടിപ് ടോപ്പ് അസീസ് എന്നയാളെ കുറിച്ചും ടിപ് ടോപ്പ് ആര്‍ട്‌സ് എന്ന ക്ലബ്ബിനെ കുറിച്ചും അവരുടെ കോമഡി നാടകങ്ങളെ കുറിച്ചുമാണ് സലിം കുമാര്‍ മാധ്യമത്തിന് നല്‍കിയ അഭമുഖത്തില്‍ മനസുതുറന്നത്.

ഇത്രയും ചിരിപ്പിക്കുന്ന നാടകങ്ങള്‍ മലയാളത്തില്‍ വേറെ ഉണ്ടായിട്ടില്ലെന്നും കോമഡി നാടകങ്ങളെ കുറിച്ച് പറയുമ്പോള്‍ തീര്‍ച്ചയായും പറയേണ്ട പേരാണ് ടിപ് ടോപ്പ് അസീസിന്റേതെന്നും തോപ്പില്‍ ഭാസിയോടൊപ്പമൊക്കെ വെക്കാന്‍ പറ്റിയ വ്യക്തിയാണ് അദ്ദേഹമെന്നും എന്നാല്‍ എന്തുകൊണ്ടോ ഒരു കുഞ്ഞ് പോലും അദ്ദേഹത്തിന്റെ പേര് പറയാന്‍ തയ്യാറായിട്ടില്ലെന്നും സലിം കുമാര്‍ പറയുന്നു.

താന്‍ അദ്ദേഹത്തിന്റെ നാടകങ്ങള്‍ സംവിധാനം ചെയ്യുകയും നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹ്യൂമറായിരുന്നു അക്കാലത്ത് മിമിക്രിക്കാരും മിമിക്‌സ് പരേഡുകാരും ഏറ്റെടുത്തതെന്നും സലിം കുമാര്‍ പറഞ്ഞു. സൈനുദ്ദീന്‍, സിദ്ദിഖ് ലാല്‍ തുടങ്ങിയവര്‍ കൗണ്ടറുകളില്‍ പ്രാവീണ്യരായത് ടിപ് ടോപ്പ് അസീസില്‍ നിന്നും കണ്ടുപഠിച്ചാണ്. എന്നാല്‍ ഇത്തരം തമാശകളുടെ ഉപജ്ഞാതാവായ ടിപ് ടോപ്പ് അസീസിനൊന്നും ഒരു സ്ഥാനവും കേരള സമൂഹത്തില്‍ കിട്ടിയിട്ടില്ലെന്നും മമ്മൂക്ക അടക്കം അദ്ദേഹത്തിന്റെ നാടകങ്ങള്‍ കളിച്ചിട്ടുണ്ടെന്നും സലിം കുമാര്‍ പറഞ്ഞു. ഇതിനൊപ്പം അക്കാലത്തെ രസകരമായ ഒരു നാടക അനുഭവവും സലിം കുമാര്‍ പങ്കുവെച്ചു.

‘ കൊച്ചിയിലെ ഒരു നാടകത്തില്‍ ഒരു ആംഗ്ലോ ഇന്ത്യന്‍ സ്ത്രീ ആണ് ശകുന്തളം ആയി അഭിനയിക്കുന്നത്. ദുഷ്യന്തനായി കൊങ്ങിണി സമുദായത്തില്‍പ്പെട്ട ഒരാളും. ഒരു വയോജന വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഒരു അധ്യാപകന്‍ ഈ നാടകം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ശകുന്തള നടന്നുപോകുമ്പോള്‍ കാലില്‍ ദര്‍ഭമുന കൊള്ളണം. പക്ഷേ ശകുന്തള ദര്‍ഭമുന കഴിഞ്ഞും നടന്നുപോയിക്കഴിഞ്ഞു. ദര്‍ഭമുന കൊണ്ടില്ല.

അപ്പോള്‍ അധ്യാപകന്‍ ദര്‍ഭമുന..ദര്‍ഭമുന.. എന്നുപറഞ്ഞു. അപ്പോള്‍ ശകുന്തള ‘ഓ ഐ ഫോര്‍ഗെറ്റ്’ എന്നുപറഞ്ഞാണ് തിരിച്ചുവരുന്നത്. അപ്പോള്‍ ദുഷ്യന്തനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന കൊങ്ങിണി മനുഷ്യന്‍ ആ ഭാഷാ ശൈലിയില്‍ പറയുകയാണ്.’ സറിയാണ് പുറകോട്ടു വറണം….’ ഇത്തരം തമാശകളുടെ ഘോഷയാത്രയാണ് കൊച്ചിയില്‍.

ഇത്തരം കഥാപാത്രങ്ങളെ ഒക്കെ എടുത്തുകൊണ്ടായിരുന്നു ഞാനൊക്കെ ആദ്യം മോണോ ആക്ട് ആദ്യം തുടങ്ങിയത്. മിമിക്‌സ് പരേഡ് പോലുള്ള കലാരൂപങ്ങള്‍ രൂപപ്പെടുന്നതിന് നല്ല ഒരു ബേസ് ഇത്തരം കലാരൂപങ്ങള്‍ക്ക് ഉണ്ടായിരുന്നു, സലിം കുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Salim Kumar Experience comedy in Drama

Latest Stories