കഴിഞ്ഞ പതിനൊന്നു കൊല്ലമായി 27ാം രാവില്‍ മുടങ്ങാതെ റംസാന്‍ വ്രതം നോക്കുന്ന നടനാണ് സലിം കുമാര്‍.
2006 ല്‍ അച്ഛനുറങ്ങാത്ത വീട് ചെയ്യുന്ന സമയത്ത് ഉഷ ചേച്ചിയാണ് തന്നോട് ഒരു നോമ്പ് എടുക്കണമെന്ന് പറഞ്ഞത്. 27ാം നോമ്പിന്റെ കാര്യവും അവരാണ് പറഞ്ഞത്.
ഈ ഒരു നോമ്പ് എടുത്താല്‍ 30 നോമ്പ് എടുക്കുന്നതിനു തുല്യമാണെന്നും പറഞ്ഞു. പ്രത്യേകിച്ച് ഞാനൊരു മുസ്ലിം അല്ലാത്തതുകൊണ്ട്. അന്നു തുടങ്ങി എല്ലാ വര്‍ഷവും ഞാന്‍ 27ാം നോമ്പ് പിടിക്കുന്നെന്നും സലിംകുമാര്‍ പറയുന്നു.
“നോമ്പ് എടുക്കണമെന്ന ആഗ്രഹം പണ്ടേ ഉണ്ടായിരുന്നു. നമ്മുടെ കൂടെയുള്ള സഹോദരങ്ങള്‍ ഒരു മാസം നോമ്പ് എടുക്കുന്നതിന് പിന്നിലുള്ള ത്യാഗങ്ങളെക്കുറിച്ച് നമുക്കും അറിയണം. അതില്‍ സുഖമുണ്ടാകും, ദുഃഖമുണ്ടാകും, വിഷമങ്ങളുമുണ്ടാകും.
അത് എന്താണെന്ന് അറിയണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. പക്ഷേ ഒരു 30 വര്‍ഷം നോമ്പ് എടുക്കാന്‍ പറ്റിയില്ല, മടിച്ചു മടിച്ചു നില്‍ക്കുകയായിരുന്നെന്നും സലിം കുമാര്‍ പറയുന്നു.
ഇന്നത്തെ നോമ്പ് പിടിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു അനുഭൂതി അനുഭവപ്പെട്ടു. ഒരുപാട് നന്‍മകള്‍ അതിലുണ്ടെന്ന് തോന്നി. ലോകത്തുള്ള ബാക്കി എല്ലാത്തിനും ഒഴിവു കൊടുക്കും. നമ്മുടെ വായ്ക്ക് ഒരു റെസ്റ്റും കൊടുക്കാറില്ല. ശാസ്ത്രീയപരമായിട്ടും ആത്മീയപരമായിട്ടും ശാരീരികപരമായിട്ടും നോമ്പ് എടുക്കുന്നത് നല്ലതാണന്നാണ് തോന്നിയിട്ടുള്ളത്.
ആഹാരം കഴിക്കാതെ കുറച്ചു നേരമൊക്കെ നില്‍ക്കാറുണ്ടെങ്കിലും, ഇത് രാവിലെ മുതല്‍ വൈകുന്നേരം വരെ വിശപ്പ് എന്താണെന്ന് അറിഞ്ഞ്, വിശ്രമം കൊടുക്കാത്ത ഒരവയവത്തിന് വിശ്രമം കൊടുത്ത്, വയറിനെക്കുറിച്ചോ ആഹാരത്തെക്കുറിച്ചോ ചിന്തിക്കാത്ത ഒരു ദിവസമായിരുന്നെന്നും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സലിം കുമാര്‍ പറയുന്നു.