താനൊരു കോണ്‍ഗ്രസുകാരനാണെന്നും കെ.കരുണാകരനെയും രമേശ് ചെന്നിത്തലയെയും ഇഷ്ടപ്പെടുന്ന ഒരു ഐ ഗ്രൂപ്പുകാരനാണെന്നും നടന്‍ സലിംകുമാര്‍. കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ ഒരുപാട് നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അച്ഛന്‍ കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് താനും കോണ്‍ഗ്രസുകാരനായതെന്നും സലിംകുമാര്‍ പറഞ്ഞു.
‘അച്ഛന്‍ കോണ്‍ഗ്രസുകാരനായതിന്റെ പേരിലാണ് ഞാനും കോണ്‍ഗ്രസുകാരനായത്. അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ എന്നെ ജാഥക്കും സമ്മേളനങ്ങള്‍ക്കും കൊണ്ട് പോകാറുണ്ടായിരുന്നു. കെ.കരുണാകരനോട് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും വലിയ ഇഷ്ടവും ആരാധനയുമുണ്ടായിരുന്നു.
കൊച്ചുകുട്ടിയായിരുന്ന കാലത്ത്, ഒരു ദിവസം അച്ഛന്‍ പറഞ്ഞു, ഇന്ന് ക്ലാസില്‍ പോകേണ്ട എന്ന്. ഒരാള്‍ക്ക് മാലയിടാനുണ്ട് എന്ന് പറഞ്ഞു. അന്ന് രാജന്‍ കേസിന്റെ വിസ്താരം നടക്കുന്ന സമയമാണ്. കെ.കരുണാകരന്‍ ഞങ്ങളുടെ ഗ്രാമത്തില്‍ വരുന്നുണ്ടായിരുന്നു. അച്ഛന്‍ എന്നയും കൊണ്ടുപോയി. എല്ലാവരും നോട്ട് മാലയിടുന്നുണ്ട്. ഈ പൈസ ഉപയോഗിച്ച് വേണ്ടിയിരുന്നു കേസ് നടത്താന്‍. അന്ന് ഒരു നോട്ട് മാല ഞാനിട്ടു. അന്ന് അദ്ദേഹം എന്റെ കവിളുകളില്‍ തലോടി. അന്ന് മുതലുള്ളൊരു ഇഷ്ടമാണ് അദ്ദേഹത്തോട്. അന്ന് മുതല്‍ ഞാനൊരു കരുണാകര ഭക്തനായി മാറി.
അച്ഛന്‍ മരിച്ചതിന് ശേഷം ഒരിക്കല്‍, പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റിന്റെ കല്ലിടല്‍ കര്‍മം നടക്കുന്നുണ്ടായിരുന്നു. കരുണാകരന്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് ഞാനും പോയി. അന്ന് എന്‍. ശിവന്‍പിള്ളയായിരുന്നു പറവൂര്‍ എം.എല്‍.എ. ശിവന്‍പിള്ളയായിരുന്നു അദ്ധ്യക്ഷപ്രസംഗം. കരുണാകരന്‍ ഉദ്ഘാടനവും.
അദ്ധ്യക്ഷപ്രസംഗത്തില്‍ അസാധ്യമായ തമാശ പറഞ്ഞുകൊണ്ട് എന്‍. ശിവന്‍പിള്ള കരുണാകരനെ നശിപ്പിച്ചു. എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു. എനിക്ക് സങ്കടമായി. കരുണാകരന്‍ ഇനിയെന്ത് പറയുമെന്ന് ഓര്‍ത്തായിരുന്നു എനിക്ക് സങ്കടം. പക്ഷെ കരുണാകരനാകട്ടെ, അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ശിവന്‍പിള്ളയെ കടത്തിവെട്ടി. അത്രയും ഹ്യൂമറായിരുന്നു കരുണാകരന്. അതോട് കൂടി എന്റെ ആരാധന ഇരട്ടിയായി.
കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം കരുണാകരനോടാണ്. പിന്നെ ചെന്നിത്തലയോടും. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്നും ഐ ഗ്രൂപ്പുകരനാണെന്നും എല്ലായിടത്തും പറയാറുണ്ട്. അതിന്റെ പേരില്‍ ഒരുപാട് നഷ്ടങ്ങളമുണ്ടായിട്ടുണ്ട്. അതിനി പറഞ്ഞിട്ട് കാര്യവുമില്ല. എനിക്ക് വന്ന് ചേരാത്ത ഒന്നിനെയും ഞാന്‍ നഷ്ടങ്ങളായി കണ്ടിട്ടുമില്ല.
സിനിമയിലെ അവസരങ്ങള്‍ മാത്രമല്ല, വേറെ ഒരുപാട് കാര്യങ്ങളിള്‍ നിന്ന് കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ എന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞാന്‍ താത്പര്യപ്പെട്ടിരുന്നില്ല. ഞാന്‍ അതിന് പറ്റിയ ആളുമല്ല. സിനിമാക്കാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നതാണ് നല്ലത്,’ സലിംകുമാര്‍ പറഞ്ഞു.
content highlights: salim kumar about politics