| Sunday, 11th June 2023, 3:39 pm

മമ്മൂട്ടിക്ക് പോലും സോറി പറയേണ്ടി വന്നു, കഷണ്ടിത്തലയന്‍ എന്ന് വിളിക്കുന്നത് എങ്ങനെയാണ് ബോഡി ഷെയിം ആകുന്നത്: സലിം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊളിറ്റിക്കല്‍ കറക്ടനസിന്റെ പേരില്‍ മമ്മൂട്ടിക്ക് പോലും സോറി പറയേണ്ടി വന്നു എന്ന് നടന്‍ സലിം കുമാര്‍. കഷണ്ടിത്തലയന്‍ എന്ന് വിളിക്കുന്നത് എങ്ങനെയാണ് ബോഡി ഷെയിം ചെയ്യലാകുന്നത് എന്നും അദ്ദേഹം ചോദിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സലിം കുമാര്‍.

കഷണ്ടിയും കുടവയറും മീശയുമൊക്കെ പുരുഷന്റെ ഉത്തമ ലക്ഷണമായിട്ടാണ് പഠിച്ചിട്ടുള്ളതെന്നും അതൊക്കെ എങ്ങനെയാണ് ബോഡിഷെയ്മിങ്ങിന്റെ പരിധിയില്‍ വരുന്നതെന്നും താരം ചോദിച്ചു.

‘പലതിനും വിലങ്ങുതടികളുണ്ട് ഇപ്പോള്‍. ഒരാളെ കഷണ്ടിത്തലയനെന്നോ, കറുത്തവനെന്നോ വിളിക്കാന്‍ പറ്റില്ല. ഓരോ വാക്കിലും പൊളിറ്റിക്കല്‍ കറക്ടനസ് കണ്ടുപിടിക്കുകയാണ്. ഏത് വാക്ക് പറഞ്ഞാല്‍ കേസെടുക്കുമെന്ന് അറിയില്ല.

ഹ്യൂമര്‍ എന്ന് പറയുന്നത് ഒരു ചട്ടക്കൂട്ടില്‍ നിര്‍മിക്കാന്‍ പറ്റുന്നതല്ല. അതിന് അതിരുകള്‍ പാടില്ല. കുഞ്ചന്‍ നമ്പ്യാര്‍ പോലും രാജാവിനെ പരിസഹസിച്ച് പാട്ടുകള്‍ എഴുതിയിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് നെഹ്‌റു പറഞ്ഞിട്ടുണ്ട് എന്നെപോലും വെറുതെ വിടരുതെന്ന്. ഹ്യൂമര്‍ അതുവരെ കയറിച്ചെല്ലാവുന്ന ഒരു അവസ്ഥ കൊടുക്കണം. എന്നാല്‍ മാത്രമേ ഹ്യൂമര്‍ വര്‍ക്കാവൂ.

ബോഡി ഷെയ്മിങ് പ്രശ്‌നമാണ്, അത് പാടില്ലൊരിക്കലും. അല്ലാതെ എന്തിനെയും ഏതിനെയും ബോഡിഷെയ്മിങ് എന്ന് പറയരുത്. മമ്മൂട്ടിക്ക് പോലും മുടിയില്ല എന്ന് പറഞ്ഞതിന്റെ പേരില്‍ സോറി പറയേണ്ടി വന്നു. കഷണ്ടി ഒരാളുടെ ഐഡിന്റിഫിക്കേഷനാണ്. അത് ബോഡി ഷെയ്മിങില്‍ പെടുത്താന്‍ പറ്റില്ല. കഷണ്ടി പുരുഷന്റെ ഉത്തമ ലക്ഷണമാണെന്ന് ചെറുപ്പത്തില്‍ പഠിച്ചിട്ടുണ്ട്. കഷണ്ടി, കുംഭക്കുടവയര്‍, മീശ, വെടിക്കല ഇതൊക്കെ പുരുഷന്റെ ഉത്തമ ലക്ഷണങ്ങളായിട്ടാണ് നമ്മള്‍ ചെറുപ്പത്തില്‍ പഠിച്ചിട്ടുള്ളത്. ഇതെങ്ങനെയാണ് ബോഡി ഷെയ്മിങ്ങാകുന്നത്. പരസ്പര വിരുദ്ധമാണ് എല്ലാ കാര്യങ്ങളും. പഠിക്കുന്നതൊന്നും പറയാന്‍ പാടുള്ളതൊന്നുമാണ്. അത്തരത്തിലായി പൊളിറ്റിക്കല്‍ കറക്ടനസെന്ന് പറയുന്നത്’, സലീം കുമാര്‍ പറഞ്ഞു.

content highlights: salim kumar about political correctness

We use cookies to give you the best possible experience. Learn more