പ്രേക്ഷകർക്ക് ഓർത്തോർത്ത് ചിരിക്കാൻ നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നടനാണ് സലിംകുമാർ. ഹാസ്യതാരമായി കരിയർ തുടങ്ങി പിന്നീട് ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള നാഷണൽ അവാർഡ് നേടി മലയാളികളെ അത്ഭുതപ്പെടുത്തിയ അഭിനേതാവാണ് അദ്ദേഹം. കോമഡി വേഷങ്ങൾക്കൊപ്പം തന്നെ സീരിയസ് കഥാപാത്രങ്ങളും ചെയ്യുന്ന ഒരു അഭിനേതാവാണ് ഇന്ന് സലിംകുമാർ.
2006ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് നേടിയ അനുഭവം പങ്കുവെക്കുകയാണ് സലിംകുമാർ. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു സലിംകുമാറിന് അന്ന് പുരസ്‌കാരം ലഭിച്ചത്.
പച്ചകുതിര എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ആ അവാർഡിനെ കുറിച്ച് അറിയുന്നതെന്നും അന്ന് മികച്ച നടനുള്ള അവാർഡ് കിട്ടിയത് മോഹൻലാലിനാണെന്നും സലിംകുമാർ പറഞ്ഞു. അന്നത്തെ അവാർഡ് ജൂറിയിൽ സംവിധായകൻ സിബി മലയിൽ ഉണ്ടായിരുന്നുവെന്നും പണ്ട് തനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ച സംവിധായകനാണ് അദ്ദേഹമെന്നും സലിംകുമാർ മലയാള മനോരമ ഹോർത്തൂസ് പരിപാടിയിൽ പറഞ്ഞു.
‘അന്ന് അവാർഡ് ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ദിലീപിന് അവാർഡ് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചാണ് എല്ലാവരും ഇരിക്കുന്നത്. കമൽ സാറിന്റെ പച്ചകുതിര എന്ന സിനിമയുടെ ലൊക്കേഷനായിരുന്നുവത്. നമുക്ക് അവാർഡ് പ്രഖ്യാപനം കേൾക്കാമെന്ന് പറഞ്ഞ് ഒരു ഹോട്ടലിന്റെ റിസപ്ഷനിലെ ടി.വിക്ക് മുന്നിൽ ഇരിക്കുകയാണ് ഞങ്ങൾ. ദിലീപിന് അവാർഡ് ഉണ്ടാവുമെന്നാണ് എല്ലാവരുടെയും ധാരണ. പക്ഷെ ഫലം പ്രഖ്യാപിച്ചപ്പോൾ മോഹൻലാലിനാണ് ബെസ്റ്റ് ആക്ടർ അവാർഡ്.
അതോടെ അവിടെയൊരു മ്ലാനതയായി. മോഹൻലാലിന് മികച്ച നടനുള്ള അവാർഡ് കിട്ടിയാൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. കാരണം അതദ്ദേഹത്തിന് അർഹതപ്പെട്ടത് തന്നെയാണ്. പക്ഷെ ദിലീപ് ഞങ്ങളുടെ കൂടെ ഇരിക്കുന്നുണ്ട്. അപ്പോൾ എല്ലാവരും നല്ല വിഷമത്തോടെയൊക്കെ അഭിനയിക്കണമല്ലോ.
അല്ലാണ്ട് ദിലീപിന് അവാർഡ് കിട്ടിയില്ലെന്ന് കരുതി നമുക്കെന്താണ്. ആ സിനിമ യൂണിറ്റ് മുഴുവൻ അഭിനയിക്കുകയാണ്. എന്നാൽ രണ്ടാമത്തെ ഫലം വന്നപ്പോൾ സെക്കന്റ് ബെസ്റ്റ് ആക്ടർ സലിം കുമാറാണ്. എന്റെ പേര് പറഞ്ഞതോടെ അവിടെ വലിയ കയ്യടിയായി.
അത് കണ്ടപ്പോൾ ഞാൻ പെട്ടെന്ന് ഓർത്തത് സിബി മലയിലിനെയായിരുന്നു. കാരണം അദ്ദേഹം ജൂറി ചെയർമാനാണ്. പണ്ട് എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് പറഞ്ഞുവിട്ട ആളാണ് ജൂറി ചെയർമാനായി എനിക്ക് മികച്ച നടനുള്ള അവാർഡ് തരുന്നത്. അത് കണ്ടപ്പോഴാണ് കാലത്തിന്റെ ഒരു കളിയെ കുറിച്ച് ഞാൻ ഓർത്ത് പോയത്,’സലിം കുമാർ പറയുന്നു.
Content Highlight: Salim kumar About His State Award And Sibi Malayil