| Wednesday, 3rd November 2021, 4:05 pm

സുരേഷ് ഗോപി ബി.ജെ.പിക്കാരനാണ്, പക്ഷേ അദ്ദേഹത്തിനെതിരെ ഞാന്‍ പ്രചരണത്തിന് പോകില്ല: സലിം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും സുഹൃത്തുക്കള്‍ക്കെതിരെ രാഷ്ട്രീയപ്രചരണത്തിന് പോകാറില്ലെന്ന് നടന്‍ സലിം കുമാര്‍. രാഷ്ട്രീയകാരണം കൊണ്ട് താന്‍ ഒരു കമ്യൂണിസ്റ്റുകാരനേയോ ഒരു ബി.ജെ.പിക്കാരനെയോ ദ്രോഹിക്കില്ലെന്നും അവരെ ശത്രുക്കളായി കാണുകയുമില്ലെന്നും സലിം കുമാര്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രാഷ്ട്രീയം സിനിമയെ ബാധിക്കാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സലിം കുമാറിന്റെ മറുപടി. ‘രാഷ്ട്രീയ എന്നത് എന്റെ അസ്തിത്വമാണ്. ഞാനൊരു കോണ്‍ഗ്രസുകാരനാണ് എന്ന് പറയുന്നതുകൊണ്ട് ഇവിടെ കുഴപ്പമുണ്ടാകുമെന്നോ കേരളം ഇടിഞ്ഞുപൊളിഞ്ഞു വീഴുമെന്നോ അല്ലെങ്കില്‍ എനിക്ക് സിനിമയില്‍ ചാന്‍സ് ഇല്ലാതാകുമെന്നോ എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല.

രാഷ്ട്രീയകാരണം കൊണ്ട് ഞാന്‍ ഒരു കമ്യൂണിസ്റ്റുകാരനേയോ ഒരു ബി.ജെ.പിക്കാരനെയോ ദ്രോഹിക്കില്ല. അവരെ ശത്രുക്കളായി കാണുകയുമില്ല. അവരെന്റെ സുഹൃത്തുക്കള്‍ തന്നെയാണ്. മഹാരാജാസില്‍ പഠിക്കുമ്പോള്‍ അവിടെ ഉള്ള എല്ലാവരും എസ്.എഫ്.ഐക്കാരായിരുന്നു.

അമല്‍നീരദ്, അന്‍വര്‍, ആഷിഖ് അബു, രാജീവ് രവി അങ്ങനെ എല്ലാവരും എസ്.എഫ്.ഐയുടെ ആളുകളായിരുന്നു. അവരുമൊക്കെയായി ഇപ്പോഴും ഞാന്‍ സൗഹൃദത്തിലാണ്. സുഹൃത്തുക്കളെ സുഹൃത്തുക്കളായി കാണാനും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാനും എനിക്കറിയാം.

പിന്നെ ഞാന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാലും എനിക്ക് ഇഷ്ടപ്പെട്ട ആളുകള്‍ക്കെതിരെ ഞാന്‍ പോകാറില്ല. പി. രാജീവിന് എതിരായ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഞാന്‍ പോയിട്ടില്ല. മുകേഷിനെതിരെ പോയിട്ടില്ല. ഗണേഷിനെതിരെ പോയിട്ടില്ല. സുരേഷ് ഗോപി, അദ്ദേഹം ബി.ജെ.പിക്കാരനാണ് ഞാന്‍ പോയിട്ടില്ല. ഞാന്‍ പോകില്ല. അതൊക്കെ നമ്മുടെ ഇഷ്ടമാണ്. രാഷ്ട്രീയം കൊണ്ട് സിനിമയില്‍ ചാന്‍സ് പോയിട്ടുണ്ടെങ്കില്‍ ആ സിനിമ തനിക്ക് വേണ്ടെന്നും സലിം കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Salim Kumar About  His Politics

We use cookies to give you the best possible experience. Learn more