നാഷണല്‍ അവാര്‍ഡല്ല ഓസ്‌കാര്‍ നേടിയാലും ഐ.സി.യു.വിലെ മൂന്ന് കര്‍ട്ടനുകള്‍ക്കുള്ളില്‍ തീരാവുന്നതാണ് ജീവിതം, പിന്നെന്ത് അഹങ്കരിക്കാനാണ്: സലിംകുമാര്‍
Entertainment news
നാഷണല്‍ അവാര്‍ഡല്ല ഓസ്‌കാര്‍ നേടിയാലും ഐ.സി.യു.വിലെ മൂന്ന് കര്‍ട്ടനുകള്‍ക്കുള്ളില്‍ തീരാവുന്നതാണ് ജീവിതം, പിന്നെന്ത് അഹങ്കരിക്കാനാണ്: സലിംകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th June 2023, 11:22 am

എത്രവലിയ അംഗീകാരങ്ങള്‍ നേടിയാലും ഐ.സി.യു.വിലെ മൂന്ന് കര്‍ട്ടനുകള്‍ക്കുള്ളില്‍ തീരാവുന്നതേയുള്ളൂ ജീവിതമെന്ന് നടന്‍ സലിംകുമാര്‍. മരണം മുന്നില്‍ കണ്ട് ഐ.സി.യു.വില്‍ കിടന്ന ദിവസങ്ങളില്‍ താന്‍ അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ആ തിരിച്ചറിവുണ്ടായാല്‍ പിന്നെ എങ്ങനെയാണ് അഹങ്കരിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ഓഷോയുടെ കല്ലറയില്‍ പറയുന്നത് പോലെ ഈ ജീവിതം ഒരു സന്ദര്‍ശനം മാത്രമാണെന്നും ആ സന്ദര്‍ശനം പരമാവധി ഗംഭീരമാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആരെയും മനപ്പൂര്‍വം ദ്രോഹിച്ചിട്ടില്ലെന്നും കുറെയേറെ ആളുകളെ സങ്കടങ്ങള്‍ മറന്ന് പൊട്ടിച്ചിരിപ്പിക്കാനായത് മാത്രമാണ് വലിയ സന്തോഷമെന്നും സലിംകുമാര്‍ പറഞ്ഞു.

‘ദൈവദാസന്‍മാരെന്ന് പറഞ്ഞ് നടക്കുന്ന ചിലരുണ്ട്. ഞാന്‍ അവരോടൊക്കെ സംസാരിക്കുമായിരുന്നു. പ്രൊട്ടസ്റ്റന്റുമാരും, ഹിന്ദുസന്യാസിമാരുമായൊക്കെ ഞാന്‍ വെറുതെ സംസാരിക്കുമായിരുന്നു. സൗഹൃദ സംഭാഷണം പോലെ. എല്ലാവരും ആത്മഹത്യ ചെയ്യാന്‍ പോകുന്ന വേളയിലാണ് അവര്‍ക്ക് മുന്നില്‍ ദൈവം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു സ്വാമി പറഞ്ഞ കഥയുണ്ട്, അദ്ദേഹം കടത്തില്‍ മുങ്ങി, കുടുംബവുമൊത്ത് ചോറില്‍ വിഷം കലര്‍ത്തി ഒരുമിച്ചിരുന്ന് കഴിക്കാന്‍ തുടങ്ങുമ്പോഴാണ് അദ്ദേഹത്തിന്റെ മുന്നില്‍ ദൈവം പ്രത്യക്ഷപ്പെട്ട് കൊണ്ട് മരിക്കരുത് എന്ന് പറയുന്നത്.

ഗോപാല്‍ജിയെന്ന ഒരു പാസ്റ്ററുണ്ട്, അദ്ദേഹം കടംകയറി ആത്മഹത്യ ചെയ്യാന്‍ വേണ്ടി കടലിലേക്ക് പോകുമ്പോഴാണ് അദ്ദേഹത്തിന് മുന്നില്‍ ദൈവം പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തില്‍ മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിലാണ് ഓരോരുത്തരും ദൈവത്തിന്റെ വഴിയിലേക്ക് തിരിയുന്നത്. അവിടെ വെച്ച് നമ്മള്‍ ദൈവത്തെ കാണും. ദൈവമെന്ന് വെച്ചാല്‍ ജീവിതമാണ്. മരിക്കാന്‍ സൗകര്യമില്ലാത്തൊരു പ്രതിഭാസത്തെയാണ് ദൈവമായി കാണുന്നത്. ഇനിയും ജീവിക്കണമെന്നത് കൊണ്ട് ദൈവത്തിന്റെ പേര് പറഞ്ഞോ, അങ്ങനെ തോന്നിപ്പിച്ചോ, ജീവിതത്തിലേക്ക് മടങ്ങിവരികയാണ് ചെയ്യുന്നത്.

മരണം മുന്നില്‍ കണ്ട് ജീവിതത്തിലേക്ക് തിരികെ വന്നവനാണ് ഞാനും. ഞാന്‍ അസുഖമായി ഐ.സി.യുവില്‍ കിടക്കുന്ന സമയത്ത് തൊട്ടടുത്ത ബെഡുകളിലുളളവരൊക്കെ പടക്കം പൊട്ടുന്നത് പോലെ മരിച്ച് വീഴുകയായിരുന്നു. ആ കാഴ്ച ഞാന്‍ നേരിട്ട് കണ്ടതാണ്. അവരുടെ ബന്ധുക്കള്‍ വന്ന് പോകുന്നതൊക്കെ ഞാന്‍ അറിയുന്നുണ്ടായിരുന്നു. ഒരു ദിവസം ഒരു രോഗിയുടെ അമ്മ വന്ന് ചോദിക്കുന്നത് ഞാന്‍ കേട്ടിരുന്നു, എന്റെ മോനെ വേറെ വല്ലയിടത്തും കൊണ്ടുപോയി രക്ഷപ്പെടുത്താന്‍ പറ്റുമോ എന്ന്. അത് കേട്ട് എനിക്ക് തന്നെ സങ്കടം വന്നു. പ്രായമായൊരു സ്ത്രീയായിരുന്നു അവര്‍. അത് കഴിഞ്ഞ് 10 മിനിറ്റിനുള്ളില്‍ അയാള്‍ മരിക്കുകയും ചെയ്തു.

ആരോ എഴുതിയ സ്‌ക്രിപ്റ്റ് പോലെ വെല്‍ അറേഞ്ച്ഡ് ആയിരുന്നു ഐ.സി.യു ജീവിതം. തൊട്ടടുത്തുള്ളത് ഞാനാണ്. ആ അവസ്ഥയിലേക്ക് എത്താന്‍ എനിക്കും അധികം സമയം വേണ്ടിയിരുന്നില്ല. അന്നെനിക്ക് മനസ്സിലായി ജീവിതം ഇത്രയേ ഉള്ളൂവെന്ന്. നാഷണല്‍ അവാര്‍ഡല്ല ഓസ്‌കാര്‍ വാങ്ങിയാലും ജീവിതം ആ ഐ.സി.യു.വിലെ മൂന്ന് കര്‍ട്ടനുകള്‍ക്കുള്ളില്‍ തീരാവുന്നതേയുള്ളൂ. ആ ഞാന്‍ ഇനിയെന്ത് അഹങ്കരിക്കാനാണ്, എന്ത് തൃപ്തിയോടെ ജീവിക്കാനാണ്. അത് ചിന്തിക്കാതിരിക്കുയാണ് നല്ലത്. നന്മ ചെയ്യുക, ഒരാളെയും ദ്രോഹിക്കാതിരിക്കുക അത്രയും ഞാന്‍ ചെയ്യുന്നുണ്ട്. ജീവിതം എന്നെ പഠിപ്പിച്ച പാഠം അതാണ്.

ഇത്രയേയുള്ളൂ ജീവിതം. ഒരു ടൂര്‍ വന്നിരിക്കുന്നതാണ് നമ്മള്‍. ഓഷോയുടെ കല്ലറയില്‍ എഴുതിവെച്ചിട്ടില്ലേ ഇത്രനാള്‍ മുതല്‍ ഇത്രനാള്‍ വരെ ഇവിടെ സന്ദര്‍ശിച്ചുവെന്ന്. ആ സന്ദര്‍ശനം ഗംഭീരമാക്കുക. ആളുകളെയൊക്കെ ഒന്ന് ചിരിപ്പിക്കുന്നതില്‍ ഞാന്‍ വിജയിച്ചിട്ടുണ്ട്. ഒരാളെയും ഞാന്‍ മനപ്പൂര്‍വം ദുഃഖിപ്പിച്ചിട്ടില്ല. അത് മാത്രമേയുള്ളൂ ഏക സന്തോഷം. ആരെയും അറിഞ്ഞുകൊണ്ട് ദ്രോഹിച്ചിട്ടില്ല. ഇനി ദ്രോഹിക്കുകയുമില്ല. കാരണം ഒരു തിരിച്ചറിവിന്റെ പാതയിലെത്തിയിട്ടുണ്ട്. എന്റെ മക്കളോടും ഞാന്‍ പറഞ്ഞിട്ടുണ്ട് ഒരാളെയും പറ്റിച്ചോ വെട്ടിച്ചോ ജീവിക്കരുതെന്ന്. ജീവിതം ഒന്നേയുള്ളൂ അധികമൊന്നുമില്ല. ഒരാളുടെ മനസ്സിലെങ്കിലും നനവ് കൊടുക്കാന്‍ പറ്റിയാല്‍ അതാണ് ജീവിതം. ഇത്രയും പേരെ സങ്കടങ്ങള്‍ മറന്ന് പൊട്ടിച്ചിരിപ്പിക്കാനായി എന്നതാണ് വലിയ സന്തോഷം,’ സലിംകുമാര്‍ പറഞ്ഞു.

content highlight : salim kumar about his ICU Life