പ്രേക്ഷകർക്ക് ഓർത്തോർത്ത് ചിരിക്കാൻ നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നടനാണ് സലിംകുമാർ. ഹാസ്യതാരമായി കരിയർ തുടങ്ങി പിന്നീട് ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള നാഷണൽ അവാർഡ് നേടി മലയാളികളെ അത്ഭുതപ്പെടുത്തിയ നടനാണ് അദ്ദേഹം. കോമഡി വേഷങ്ങൾക്കൊപ്പം തന്നെ സീരിയസ് കഥാപാത്രങ്ങളും ചെയ്യുന്ന ഒരു നടനാണ് ഇന്ന് സലിംകുമാർ.
പുലിവാൽ കല്യാണം, മായാവി, മീശ മാധവൻ തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ റിപ്പീറ്റ് വാല്യൂവുള്ള സലിംകുമാർ ചിത്രങ്ങളാണ്. എന്നാൽ തന്റെ സിനിമകൾ കണ്ട് ചിരിക്കാറില്ലെന്നും തന്റെ ഒരു സിനിമയും ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സലിംകുമാർ പറയുന്നു.
വർഷങ്ങൾക്ക് മുമ്പിറങ്ങിയ ചെസ്സ് എന്ന ചിത്രം പോലും ഈയിടെയാണ് മുഴുവൻ കണ്ടതെന്നും മീശ മാധവൻ ഇതുവരെ കണ്ടിട്ടില്ലെന്നും സലിം കുമാർ പറഞ്ഞു. തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് അമ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
‘ജീവിതത്തിൽ ചിരിയെക്കാൾ ഉപരി ഞാൻ കരഞ്ഞിട്ടേയുള്ളൂ. സിനിമയിൽ ആയിരിക്കും ഞാൻ കൂടുതൽ ചിരിച്ചിട്ടുള്ളത്. മനസറിഞ്ഞ് ചിരിച്ചിട്ടുള്ളത് സിനിമയിലാണ്. അതെന്റെ മാത്രമല്ല എല്ലാവരുടെ കാര്യത്തിലും അങ്ങനെയാണ്.
എന്നെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് എന്റെ അമ്മയായിരിക്കും. ഞാനെപ്പോഴും മറ്റുള്ളവരുടെ ചിരി കണ്ടിട്ടാണ് കൂടുതൽ ആസ്വദിച്ചിട്ടുള്ളത്. ഞാൻ അഭിനയിക്കുന്ന ഒരു സീനിൽ എന്റെ കുഴപ്പങ്ങൾ എന്താണെന്ന് അറിയുന്നതിനാവും എന്റെ ശ്രദ്ധ കൂടുതലും പോവാറുള്ളത്.
എനിക്കൊരിക്കലും എന്റെ സിനിമകൾ ആസ്വദിച്ചു കാണാൻ പറ്റിയിട്ടില്ല. ചെസ്സ് എന്ന എന്റെ സിനിമ കണ്ടത് കഴിഞ്ഞ ആഴ്ചയാണ്. ഇരുപത് കൊല്ലം മുമ്പ് ഇറങ്ങിയ സിനിമയെങ്ങാനുമാണത്. ദിലീപിനെ ഞാൻ വിളിച്ചു പറഞ്ഞു, നല്ല പടമാണ് അതെന്ന്. ഏത് സിനിമയാണെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, ചെസ്സെന്ന്. നീ ഇപ്പോഴാണോ കാണുന്നതെന്ന് എന്നോട് ചോദിച്ചു. അതുപോലെ മീശ മാധവനും ഞാൻ ഒരിക്കലും തീർത്ത് കണ്ടിട്ടില്ല,’സലിം കുമാർ പറയുന്നു