താനിപ്പോള്‍ അമ്പലങ്ങളില്‍ പോകാറില്ലെന്ന് നടന്‍ സലിം കുമാര്‍. എല്ലാ ദൈവങ്ങള്‍ക്കും പണമാണ് വേണ്ടതെന്നും ദൈവത്തിന് ജീവിക്കാന്‍ മനുഷ്യന്റെ കാശ് വേണമെന്നും സലീം കുമാര്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിന് നമ്മളോട് നേരിട്ട് സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്, പൂജാരിയോ മൊല്ലാക്കയോ, പള്ളീലച്ചനോ ആണ് ദൈവത്തിന് വേണ്ടി നമ്മളോട് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് ചെറുപ്പത്തില്‍ അടിച്ചേല്‍പിച്ച കുറെ വിശ്വാസങ്ങള്‍ക്കപ്പുറം ഇപ്പോള്‍ അത്തരം സങ്കല്‍പങ്ങളോട് തന്നെ വിശ്വാസമില്ലെന്നും സലിം കുമാര്‍ പറഞ്ഞു.
‘ഞാന്‍ അമ്പലങ്ങളിലൊക്കെ പോയിരുന്നു, ഇപ്പോള്‍ പോകാറില്ല. എല്ലാ ദൈവത്തിനും പൈസയാണ് വേണ്ടത്. ഹിന്ദുവായാലും മുസ്‌ലിമായാലും ക്രിസ്ത്യനായാലും എല്ലായിടത്തും പൈസയാണ് വേണ്ടത്. പൈസയില്ലാതെ ഒരു കാര്യവും നടക്കില്ല. ദൈവത്തിന് ജീവക്കണമെങ്കില്‍ മനുഷ്യന്റെ കാശ് വേണം. പിന്നെ ദൈവത്തിന്റെ ജോലിയെന്താണ്? ദൈവത്തിന് നമ്മളോട് നേരിട്ട് സംസാരിക്കാന്‍ പറ്റില്ല. പൂജാരിയോ, മൊല്ലാക്കയോ, പള്ളീലച്ചനോ വേണം. നമ്മളോട് നേരിട്ട് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ആളാണ് ദൈവം. എന്റെ ദൈവത്തോട് ഞാന്‍ നേരിട്ട് സംസാരിച്ചോളാം.
ചെറുപ്പത്തിലേ അടിച്ചേല്‍പിച്ച ചില സംഭവങ്ങളുണ്ട് മനസ്സില്‍. അതുകൊണ്ട് തന്നെ ഈശ്വരാ എന്ന് അറിയാതെ വിളിച്ചു പോകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എനിക്ക് ആ ഒരു സങ്കല്‍പത്തോട് തന്നെ വിശ്വാസമില്ല. ഇതെല്ലാം വെറും അര്‍ത്ഥ ശൂന്യമാണെന്ന് മനസ്സിലായിട്ടുണ്ട്. ജീവിതാനുഭവങ്ങളിലൂടെയാണ് അത് മനസ്സിലാക്കിയിട്ടുള്ളത്. ദൈവത്തിന്റെ പേര് പറഞ്ഞ്, ദൈവത്തെ വിറ്റ് ജീവിക്കുന്ന കുറെ ആളുകളുണ്ട്. മലയാളികള്‍ക്ക് അറിയാം ഇത് ദൈവത്തെ വില്‍ക്കലാണെന്ന്, എന്നിട്ടും അതിന് കൂട്ടുനില്‍ക്കുകയാണ്. അടുക്കുന്തോറും ഇതെല്ലാം തട്ടിപ്പാണെന്ന് മനസ്സിലായിക്കൊണ്ടിരിക്കുകയാണ്.
ദൈവത്തിനെ കാണാന്‍ തന്നെ രണ്ട് ക്യൂ ആണ്. വി.ഐ.പി ക്യൂവും പാവപ്പെട്ടവന് മറ്റൊരു ക്യൂവും. വഴിപാടുകള്‍ക്ക് എത്ര രൂപയാണ്. അത് കൊണ്ട് തന്നെ അതിലൊന്നും ഇപ്പോള്‍ വിശ്വാസമില്ല. അറിയാതെയൊക്കെ കൈ കൊണ്ട് തൊഴുത സംഭവങ്ങളുണ്ടായിട്ടുണ്ട്. അതൊക്കെ ചെറുപ്പത്തില്‍ അച്ഛനമ്മമാര്‍ കുത്തിവെച്ചതാണ്. ശബരിമലയില്‍ 18 വര്‍ഷം പോയിട്ടുണ്ട്, ക്രിസ്ത്യന്‍ പള്ളികളിലും പോകാറുണ്ടായിരുന്നു. അവിടെയെത്തുമ്പോഴാണ് മനസ്സിലാകുക പൈസയുടെ പരിപാടിയാണെന്ന്’, സലിം കുമാര്‍ പറഞ്ഞു.
content highlights: salim kumar about GOD and believes