പി. ജയരാജന്റെ തലയില്‍ കൈവെച്ചു സത്യം ചെയ്താണ് മദ്യപാനം നിര്‍ത്തിയതെന്ന് മാഹി സ്വദേശി ബാബു; ഇന്നത്തെ തലമുറയില്‍ പലരും സ്റ്റാംപ് ഒട്ടിക്കുന്നതു നാവിന് അടിയിലാണെന്നു നടന്‍ സലിംകുമാര്‍
Drug Addiction
പി. ജയരാജന്റെ തലയില്‍ കൈവെച്ചു സത്യം ചെയ്താണ് മദ്യപാനം നിര്‍ത്തിയതെന്ന് മാഹി സ്വദേശി ബാബു; ഇന്നത്തെ തലമുറയില്‍ പലരും സ്റ്റാംപ് ഒട്ടിക്കുന്നതു നാവിന് അടിയിലാണെന്നു നടന്‍ സലിംകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2019, 7:12 pm

മക്കളെ ഇടയ്ക്കിടെ ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ക്കു നേരം കിട്ടിയാല്‍ കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപിക്കുന്നത് ഒരു പരിധിവരെ തടയാനാകുമെന്ന് നടന്‍ സലിം കുമാര്‍.
എന്റെ മക്കളാണ്, ഒരു തെറ്റും ചെയ്യില്ലെന്ന മുന്‍വിധി ആദ്യമേ മാറ്റിവയ്ക്കണമെന്നും സലിംകുമാര്‍ പറഞ്ഞു. ഇന്നലെ കണ്ണൂര്‍ ഐ.ആര്‍.പി.സി നടത്തിയ ലഹരി വിമുക്ത ക്യാമ്പയിന്‍ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സലിം കുമാര്‍.

ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയുംസ്റ്റാംപ് ശേഖരിച്ചു ബുക്കില്‍ ഒട്ടിച്ചിരുന്നവരാണു പഴയ തലമുറയെങ്കില്‍ ഇന്നത്തെ തലമുറയില്‍ പലരും സ്റ്റാംപ് ഒട്ടിക്കുന്നതു നാവിന് അടിയിലാണ്. ഒരു വര്‍ഷംകൊണ്ട് 66 പേരെ ലഹരിമുക്തരാക്കിയ ഐആര്‍പിസി വലിയ സേവനമാണു ചെയ്യുന്നത്. കണ്ണൂരില്‍ മദ്യപാനികള്‍ ഇല്ലാത്ത സ്ഥിതിയുണ്ടാകണം.അങ്ങനെ ഐആര്‍പിസിയുടെ ലഹരിവിമോചനകേന്ദ്രം പൂട്ടിപ്പോകണമെന്നുമാണു തന്റെ പ്രാര്‍ഥനയെന്നും സലിം കുമാര്‍ പറഞ്ഞു.

ഐ.ആര്‍.പി.സി കേന്ദ്രത്തില്‍ നിന്ന് ലഹരിവിമുക്തി നേടിയര്‍ തങ്ങളുടെ അനുഭവങ്ങള്‍ സദസിനോട് പങ്കുവെച്ചു. സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറിയും ഐ.ആര്‍.പി.സി ഉപദേശക സമിതി ചെയര്‍മാന്‍ പി. ജയരാജന്റെ തലയില്‍ തലയില്‍ കൈവെച്ചു സത്യം ചെയ്താണ് മദ്യപാനം നിര്‍ത്തിയതെന്ന് മാഹി സ്വദേശി ബാബു പറഞ്ഞു.

രാഷ്ട്രീയത്തിന് അതീതമായി ലഹരിവിമോചന രംഗത്ത് ഐആര്‍പിസിയുടെ ഇടപെടലുകള്‍ തുടരുമെന്ന് അധ്യക്ഷത വഹിച്ച പി. ജയരാജന്‍ പറഞ്ഞു.