Entertainment
മൈക്കിൾ ജാക്സൺ മരണപ്പെട്ടപ്പോൾ മാധ്യമങ്ങൾ എന്റെ അനുശോചനത്തിനായി തിരക്കുകൂട്ടി, അത്ഭുതമായിരുന്നു അന്ന്: സലിം കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 20, 03:12 am
Thursday, 20th February 2025, 8:42 am

പ്രേക്ഷകര്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള നടനാണ് സലിംകുമാര്‍. ഹാസ്യതാരമായി കരിയര്‍ തുടങ്ങി പിന്നീട് ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് നേടി മലയാളികളെ അത്ഭുതപ്പെടുത്തിയ അഭിനേതാവാണ് അദ്ദേഹം. കോമഡി വേഷങ്ങള്‍ക്കൊപ്പം തന്നെ സീരിയസ് കഥാപാത്രങ്ങളും ചെയ്യുന്ന ഒരു അഭിനേതാവാണ് ഇന്ന് സലിംകുമാര്‍.

തന്റെ ജീവിതത്തിലെ ഒരു ചിരി ഓർമ പങ്കുവെക്കുകയാണ് അദ്ദേഹം. ലോക പ്രശസ്ത പോപ്പ് ഗായകനും നർത്തകനുമായ മൈക്കിൾ ജാക്സൺ മരണപ്പെട്ട സമയത്ത് അദ്ദേഹത്തിനൊരു അനുശോചനം അറിയിക്കണമെന്ന് പറഞ്ഞ് മാധ്യമങ്ങൾ തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ എന്തിനാണ് എല്ലാവരും തന്നെ വിളിക്കുന്നതെന്ന് തനിക്ക് മനസിലായില്ലെന്നും സലിം കുമാർ പറയുന്നു.

ചതിക്കാത്ത ചന്തു എന്ന സിനിമയിൽ മൈക്കിൾ ജാക്‌സണുമായി സാമ്യമുള്ള കഥാപാത്രം ചെയ്തത് കൊണ്ടാണ് എല്ലാവരും തന്നെ വിളിച്ചതെന്ന് പിന്നെ മനസിലായെന്നും പിറ്റേന്ന് അച്ചടിച്ച് വന്ന ഇംഗ്ലീഷ് പത്രത്തിൽ പ്രഭുദേവയുടെ അനുശോചനത്തിനൊപ്പം തന്റേതും ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ചിരി ഉണ്ടാക്കിയ പലസംഭവങ്ങളും ഉണ്ട്. അതു പലതും പല രൂപത്തിൽ പിന്നീട് സിനിമകളിലേക്ക് കയറ്റിവിടുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഒരുകാര്യം പറയാം, മൈക്കിൾ ജാക്സൺ മരിച്ചവാർത്ത ലോകം അറിഞ്ഞുകൊണ്ടിരിക്കുന്ന സമയം, തൃശ്ശൂരിലെ ഒരു ലൊക്കേഷനിലാണ് ഞാൻ. ചിലർ എന്നെ വിളിച്ച് വാർത്ത അറിയിക്കുന്നു. മൈക്കിൾ ജാക്സനെക്കുറിച്ചുള്ള അറിവുകൾ പ്രകടിപ്പിക്കുന്നു. ഇതെല്ലാം ഇവരെന്തിനാണ് എന്നോട് പറയുന്നതെന്ന് മനസ്സിലായില്ലെങ്കിലും ചുമ്മാനിന്നു കൊടുത്തു. അല്പം കഴിഞ്ഞപ്പോൾ ഒരു ചാനലിൽ നിന്നൊരു റിപ്പോർട്ടർ വിളിക്കുന്നു അനുശോചനം ലൈവായി വേണമെന്ന്.

ഞാനും മൈക്കിൾ ജാക്സനും തമ്മിൽ എന്താണ് ബന്ധം, എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടിയും കിട്ടിയില്ല. അനുശോചനത്തിനായി വിളികൾ കൂടുതലായെത്തിയപ്പോൾ ഞാനുമായുള്ള മൈക്കിൾ ജാക്സന്റെ ബന്ധം ഞാൻ തിരിച്ചറിഞ്ഞു. മൈക്കിൾ ജാക്സന്റെ രൂപത്തിൽ മലയാളി അടുത്തു കണ്ട ഏക വ്യക്തി ഞാനാണ്, ചതിക്കാത്ത ചന്തുവിലെ ഡാൻസ് ‌മാസ്റ്ററുടെ കഥാപാത്രം.

മൈക്കിൾ ജാക്സനുമായി യഥാർത്ഥ ബന്ധമുള്ളവരിൽ നിന്നൊന്നും കമന്റുകളെടുക്കാൻ കഴിയാത്ത കേരളത്തിലെ മാധ്യമപ്രവർത്തകർ എന്നെ വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. ചിരിയല്ല അത്ഭുതമായിരുന്നു ആദ്യം നിറഞ്ഞത്. പക്ഷേ, ചാനലുകാർ തിരക്കുകൂട്ടി ഞങ്ങൾക്ക് സലിംകുമാറേട്ടൻ്റെ അനുശോചനം കൂടിയേതീരൂ.

എനിക്കാണോ ഭ്രാന്ത് നാട്ടുകാർക്കാണോ ഭ്രാന്ത് എന്ന് ചിന്തിച്ച് പോയി. അന്ന് ഞാൻ അണപൊട്ടുന്ന ദുഃഖത്തോടെ ചാനലുകളിൽ സംസാരിച്ചു. അടുത്തദിവസം പുറത്തുവന്ന ഇംഗ്ലീഷ് പത്രത്തിൽ പോലും എന്റേയും പ്രഭുദേവയുടേയും അനുശോചനക്കുറിപ്പുകളാണ് പ്രാധാന്യത്തോടെ നൽകിയിരുന്നത്,’ സലിംകുമാർ പറയുന്നു.

 

Content Highlight: Salim Kumar About Death Of Michael Jackson