ജീവിതത്തില്‍ തിരിച്ചറിവുണ്ടായ ഘട്ടത്തിലാണ് താന്‍ ബുദ്ധനെ ആരാധിച്ചു തുടങ്ങിയത് നടന്‍ സലിം കുമാര്‍. ബുദ്ധ മതത്തില്‍ ചേരാന്‍ വേണ്ടി താന്‍ ശ്രീലങ്കയില്‍ പോയിരുന്നു എന്നും എന്നാല്‍ ബുദ്ധനെ ആരാധിക്കാന്‍ ബുദ്ധമതത്തില്‍ ചേരേണ്ടതില്ലെന്നും തിരിച്ചറിഞ്ഞപ്പോള്‍ തിരികെ പോന്നെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മരണം മുന്നില്‍ കണുന്ന ഒരു സമയത്ത് മാത്രമേ അത്തരമൊരു തിരിച്ചറിവുണ്ടാകൂ എന്നും സലിംകുമാര്‍ പറഞ്ഞു.
‘സ്വന്തം ലൈഫില്‍ നിന്ന് തന്നെയായിരിക്കും എന്റെ വാക്കുകളില്‍ നിരാശ വരുന്നത്. ഭര്‍ത്താവെന്ന നിലിയും അച്ഛനെന്ന നിലയിലും ഞാന്‍ ഹാപ്പിയാണ്. എന്നാല്‍ മനുഷ്യനെന്ന നിലയില്‍ ഞാന്‍ ഹാപ്പിയല്ല. എന്റെ യാത്ര എവിടേക്കാണെന്ന് എനിക്ക് വ്യക്തമായി അറിയാം. ആ യാത്രയില്‍ വലിയ സന്നാഹങ്ങളൊന്നും കരുതേണ്ട ആവശ്യമില്ല. ഓരോ ചുവടും സൂക്ഷിച്ച് മുന്നോട്ട് വെക്കേണ്ട ആവശ്യമൊന്നുമില്ല.
നമ്മള്‍ എത്ര സൂക്ഷിച്ച് ചവിട്ടിയാലും എത്തേണ്ട ഒരു സ്ഥലമുണ്ട്. അപ്പോള്‍ പിന്നെ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ആലോചിക്കുന്നത്. അതൃപ്തിയല്ല ഞാന്‍ പ്രകടിപ്പിക്കുന്നത്. അറിവ് തന്നെയാണ്. ഞാന്‍ എന്താണെന്ന അറിവ് എനിക്കുണ്ട്. ഞാന്‍ ഇന്നതേ ആകുകയൊള്ളൂ, അതിനപ്പുറം ആകാന്‍ പോകുന്നില്ല. ഇവിടം വിട്ട് പോകേണ്ട ആളാണെന്ന നല്ല ബോധ്യം എനിക്കുണ്ട്. പിന്നെ ഞാനെന്തിനാണ് ടെന്‍ഷനടിക്കുന്നത്.
എന്ത് നേടിയാലും അവസാനം എന്താണെന്ന ബോധ്യം നമുക്കുണ്ട്. ഞാന്‍ പലപ്പോഴും അതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ട്. പണ്ടാരോ പറഞ്ഞിട്ടുണ്ട്, ചിന്തിച്ചാല്‍ ഒരന്തവുമില്ല, ചിന്തിച്ചില്ലെങ്കില്‍ ഒരു കുന്തവുമില്ല എന്ന്. ചിന്തിച്ചു കഴിഞ്ഞാല്‍ ഒരു ഉറുമ്പിനെ പോലും നമ്മള്‍ ദ്രോഹിക്കില്ല.
വെറുതെയല്ല ബുദ്ധന്‍ കൊട്ടാരം വിട്ട് പോയത്. ബുദ്ധിയില്ലാഞ്ഞിട്ടല്ല ബുദ്ധന്‍ അവദൂതനെ പോലെ അലഞ്ഞത്. ജീവിതം ഇത്രയേ ഒള്ളൂ എന്ന് മനസ്സിലായവരാണ് അവര്‍. ബുദ്ധന്‍ അങ്ങനെ ഉപേക്ഷിച്ച് പോന്നില്ലായിരുന്നെങ്കില്‍ ആരെങ്കിലും അറിയുമായിരുന്നോ. ഒരു രാജാവായി അവിടെ അവസാനിക്കേണ്ട ആളായിരുന്നു. അതു കൊണ്ടാണ് ഞാന്‍ ബുദ്ധനെ ഇഷ്ടപ്പെടുന്നത്. എന്റെ ഓരോ മുക്കിലും മൂലയിലും ബുദ്ധനുണ്ട്. ജീവിതത്തില്‍ തിരിച്ചറിവുണ്ടായ ഘട്ടത്തിലാണ് ഞാന്‍ ബുദ്ധനെ ആരാധിക്കാന്‍ തുടങ്ങിയത്. ബുദ്ധമതത്തില്‍ ചേരാന്‍ വേണ്ടിയാണ് ഞാന്‍ ശ്രീലങ്കയില്‍ പോയത്. പിന്നെ ഞാന്‍ ആലോചിച്ചു, എന്തിനാണ് ബുദ്ധ മതത്തില്‍ ചേരുന്നത് എന്ന്.
ബുദ്ധനെ ആരാധിക്കാന്‍ ബുദ്ധമതത്തില്‍ ചേരേണ്ട ആവശ്യമില്ല. മഹാത്മാഗാന്ധിയെ ആരാധിക്കാന്‍ കോണ്‍ഗ്രസുകാരനാകേണ്ട. ശ്രീനാരായണ ഗുരുവിനെ ആരാധിക്കാന്‍ എസ്.എന്‍.ഡി.പിയില്‍ ചേരുകയും വേണ്ട. ഇവരെയൊക്കെ ആരാധിക്കാനാകും. ജീവിതത്തില്‍ അത്തരമൊരു തിരിച്ചറിവുണ്ടായ ഘട്ടത്തിലാണ് ഞാന്‍ ബുദ്ധനെ ആരാധിക്കാന്‍ തുടങ്ങിയത്. അദ്ദേഹമാണ് ദൈവമെന്ന് എനിക്ക് തോന്നി. കാരണം, എല്ലാം സുഖലോലുപതയും ഉപേക്ഷിച്ച് ഭിക്ഷാംദേഹിയായി അലഞ്ഞുതിരിഞ്ഞ അദ്ദേഹം അത്രയേ ഒള്ളൂ ജീവിതമെന്ന് കാണിച്ചു തന്നു. മരണം മുന്നില്‍ കാണുന്ന സമയത്തേ ആ തീരിച്ചറിവുണ്ടാകൂ,’ സലിംകുമാര്‍ പറഞ്ഞു.
content highlights; salim kumar about Budha