പ്രേക്ഷകർക്ക് ഓർത്തോർത്ത് ചിരിക്കാൻ നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നടനാണ് സലിംകുമാർ. ഹാസ്യതാരമായി കരിയർ തുടങ്ങി പിന്നീട് ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള നാഷണൽ അവാർഡ് നേടി മലയാളികളെ അത്ഭുതപ്പെടുത്തിയ അഭിനേതാവാണ് അദ്ദേഹം. കോമഡി വേഷങ്ങൾക്കൊപ്പം തന്നെ സീരിയസ് കഥാപാത്രങ്ങളും ചെയ്യുന്ന ഒരു അഭിനേതാവാണ് ഇന്ന് സലിംകുമാർ.
കരിയറിന്റെ തുടക്കകാലത്ത് ഒരു സിനിമയിൽ അഭിനയിച്ച അനുഭവം പറയുകയാണ് അദ്ദേഹം. ചിത്രത്തിൽ തനിക്കൊരു അശ്ലീല ഡയലോഗ് ഉണ്ടായിരുന്നുവെന്നും അത് പറയാൻ പറ്റില്ലെന്ന് താൻ സംവിധായകനോട് പറഞ്ഞിരുന്നുവെന്നും സലിംകുമാർ പറയുന്നു. എന്നാൽ അവരത് മാറ്റിയില്ലെന്നും ആ ഡയലോഗ് പറഞ്ഞാൽ 25 വർഷം കഴിഞ്ഞിട്ടാവും താൻ നാണംകെടുകയെന്ന് പറഞ്ഞെന്നും സലിംകുമാർ പറഞ്ഞു. മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ സിനിമയിൽ വെച്ച് എന്നോട് ഒരു ഡയലോഗ് പറയാൻ പറഞ്ഞു. അതിപ്പോൾ ഇവിടെ വെച്ച് പറയാൻ പറ്റില്ല. ഞാൻ ആ ഡയലോഗ് പറയില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞു. സ്ക്രിപ്റ്റ് റൈറ്റർ അതിന്റെ ക്യാമറമാൻ തന്നെയാണ്.
പുള്ളി ആ ഡയലോഗ് എന്തായാലും പറയണമെന്ന് പറഞ്ഞു. അത് പച്ചതെറിയാണ് എനിക്കത് പറയാൻ പറ്റില്ലെന്ന് ഞാൻ ഡയറക്ടറോട് പറഞ്ഞു. അതുകാരണം ആ സിനിമയുടെ ഷൂട്ടിങ് വരെ നിർത്തിവെച്ചു. ജഗദീഷേട്ടൻ ഉണ്ടായിരുന്നു സിനിമയിൽ. അദ്ദേഹം, അവർ എന്തെങ്കിലും ചെയ്യട്ടെയെന്നൊക്കെ പറഞ്ഞ് മധ്യസ്ഥതയിൽ വന്നു.
ഒടുവിൽ ഞാൻ പറഞ്ഞു, ഈ ഡയലോഗ് ഞാൻ പറയാം പക്ഷെ ഒരു 25 വർഷം കഴിഞ്ഞാൽ ഞാൻ അതിന്റെ പേരിൽ നാണം കെടേണ്ടി വരുമെന്ന്. ഇപ്പോൾ ആ സിനിമ ഇറങ്ങിയിട്ട് ഏകദേശം 25 വർഷമാവാൻ പോകുന്നു. എന്റെ മറുപടി കേട്ട് സംവിധായകൻ ചോദിച്ചു, അതെന്താ അങ്ങനെ പറഞ്ഞതെന്ന്.
ഞാൻ പറഞ്ഞു, ഈ പടമിപ്പോൾ തിയേറ്ററിൽ ഒന്നും ഓടാനും പോകുന്നില്ല ആരും കാണാനും പോകുന്നില്ല. പക്ഷെ ഒരു 25 വർഷം കഴിഞ്ഞാൽ ഈ സിനിമ ടി.വിയിലൊക്കെ വരും, അന്ന് എന്റെ മകന് കല്യാണ പ്രായമൊക്കെയായിട്ടുണ്ടാവും.
അപ്പോൾ അവന്റെ പെണ്ണിന്റെ വീട്ടിൽ ഞാൻ ചെല്ലുമ്പോഴായിരിക്കും ഈ പടം ചിലപ്പോൾ ടി.വിയിൽ വരുന്നത്. ആ സമയം ഞാൻ നാണംകെട്ട് പോവുമെന്ന് സംവിധായകനോട് പറഞ്ഞു. പക്ഷെ ഞാൻ അത്രയൊക്കെ പറഞ്ഞിട്ടും ആ ഡയലോഗ് അവർ മാറ്റിയില്ല,’സലിംകുമാർ പറയുന്നു.
Content Highlight: Salim Kumar About A Dialogue In His Film