കൊച്ചി: ആദാമിന്റെ മകന്‍ അബുവിന് ശേഷം കുഞ്ഞനന്തന്റെ കട എന്ന ചിത്രവുമായി സംവിധായകന്‍ സലിം അഹമ്മദ് വരുന്നു. മമ്മൂട്ടിയാണ് കുഞ്ഞനന്തന്റെ കടയില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആദാമിന്റെ മകന്‍ അബുവിന്റെ ക്യാമറാമാന്‍ മധു അമ്പാട്ട് തന്നെയാണ് ഈ ചിത്രത്തിലും ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇതിന് പുറമേ ശബ്ദവിഭാഗത്തിന്റെ ചുമതലയേറ്റെടുത്ത് കൊണ്ട് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും സലിം അഹമ്മദിനൊപ്പമുണ്ട്. []
കണ്ണൂരിന്റെ പശ്ചാത്തലത്തിലാണ് കുഞ്ഞനന്തന്റെ കട ഒരുങ്ങുന്നത്. കണ്ണൂര്‍ ഭാഷയും ചിത്രത്തില്‍ ഉപയോഗിക്കും.
കുഞ്ഞനന്തന്‍ എന്ന പലച്ചരക്ക് കച്ചവടക്കാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ഭാര്യഭര്‍ത്താക്കന്മാരുടെ ജീവിതമാണ് കുഞ്ഞനന്തന്റെ കട പറയുന്നത്.
ആദാമിന്റെ മകന്‍ അബുവിലൂടെ ദേശീയ പുരസ്‌കാരം നേടിയ നടന്‍ സലിം കുമാറിനും ചിത്രത്തില്‍ ശക്തമായ വേഷമുണ്ടാകും. നായികയെ ഇനിയും തീരുമാനിച്ചിട്ടില്ലാത്ത സിനിമയില്‍ എലിയും കഥാപാത്രമായി എത്തുന്നുണ്ട്.
സിങ്ക് സൗണ്ട് ഉപയോഗിക്കുന്ന സിനിമയിലെ മിക്കവാറും കഥാപാത്രങ്ങളെ അവതരിപ്പിക്കുക കണ്ണൂരിലെ നാടക അഭിനേതാക്കള്‍ ആയിരിക്കുമെന്ന് സലിം അഹമ്മദും റസൂല്‍ പൂക്കുട്ടിയും അറിയിച്ചു.
ആദാമിന്റെ മകന്‍ അബുവിനേക്കാള്‍ സാമൂഹിക പ്രതിബദ്ധതയുളള സിനിമയായിരിക്കും “കുഞ്ഞനന്തന്റെ കട”. സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കാനും ചിത്രത്തിലൂടെ ശ്രമിക്കും. ആദാമിന്റെ മകന്‍ അബുവില്‍ ശബ്ദത്തിന്റെ കാര്യത്തില്‍ ചില പോരായ്മകള്‍ സംഭവിച്ചിരുന്നു. ഇത് മറികടക്കുന്നതിനാണ് പുതിയ ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയെ തിരഞ്ഞെടുത്തത്. സിനിമയുടെ കഥ എഴുതുമ്പോള്‍ തന്നെ മമ്മൂട്ടിയാണ് തന്റെ കുഞ്ഞനന്തന്‍ എന്ന് തീരുമാനിക്കുകയായിരുന്നെന്നും സലിം അഹമ്മദ് അറിയിച്ചു.
ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ പാലക്കാട്ട് ആരംഭിക്കും.