| Saturday, 29th December 2018, 10:56 pm

'എന്നെ സ്വീകരിക്കാനാണ് വിദ്യാര്‍ത്ഥികള്‍ കറുപ്പ് വസ്ത്രമണിഞ്ഞെത്തിയത്' ; വിദ്യാര്‍ത്ഥികളെ ഐ.എസ് തീവ്രവാദികളാക്കിയ ജനം ടിവി വാര്‍ത്തയ്‌ക്കെതിരെ സലീംകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ താന്‍ ഉദ്ഘാടകനായി എത്തിയ പരിപാടിയെ അല്‍ ഖാഇദ അനുകൂല റാലിയാക്കി വാര്‍ത്ത നല്‍കിയ ജനം ടിവി വാര്‍ത്തയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ സലീംകുമാര്‍. വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കി ചിത്രീകരിച്ച വാര്‍ത്ത തെറ്റ് തന്നെയാണെന്നും റേറ്റിങ് കൂട്ടാന്‍ എന്ത് വാര്‍ത്തയും കൊടുന്ന നടപടി തെറ്റാണെന്നും സലീംകുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സലീംകുമാറിന്റെ പ്രതികരണം

കുട്ടികള്‍ കറുപ്പ് വസ്ത്രമണിഞ്ഞത് ഒരു വെല്‍ക്കം തീം മാതൃകയില്‍ ചെയ്തതാണത്. എന്നെ സ്വീകരിക്കാനായാണ് കുട്ടികളെല്ലാവരും കറുത്ത വസ്ത്രം ധരിച്ചെത്തിയത്. ഏകദേശം ഇരുന്നൂറോ മുന്നൂറോ മീറ്റര്‍ അകലെ നിന്ന് തുടങ്ങിയിട്ട് കോളേജിന്റെ സ്‌റ്റേജ് വരെയാണ് നിന്നത്. ആണുങ്ങളും പെണ്ണുങ്ങളും എല്ലാവരും ഉണ്ടായിരുന്നു. കറുത്ത ഷര്‍ട്ട് ഇട്ടു വരണമെന്ന് കുട്ടികള്‍ എന്നോട് രണ്ട് ദിവസം മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് ഞാനും ബ്ലാക്ക് ഷര്‍ട്ട് ഇട്ട് പോവുകയായിരുന്നു.

കോളേജിലെ ഒരു ആഘോഷം മാത്രമാണിത്. അതിലുപരിയായി അതിനകത്ത് വേറൊന്നുമില്ല. വിദ്യാര്‍ത്ഥികളുടെ അവരുടെ കോളേജ് ഡേ പ്രത്യേക തീമൊക്കെ വെച്ചിട്ട് ആഘോഷിക്കുമ്പോള്‍ അവരെ ഐ.എസ് തീവ്രവാദികളാക്കുന്നത് തെറ്റ് തന്നെയാണ്.

ഒരു വാര്‍ത്തയുടെ നിജസ്ഥിതി അറിഞ്ഞിട്ട് മാത്രം കൊടുക്കണം എന്നൊരഭ്യര്‍ത്ഥനയാണ് ജനം ടി.വിയോടുള്ളത്. റേറ്റിങ് കൂട്ടാന്‍ എന്ത് വാര്‍ത്തയും കൊടുക്കുന്നത് ശരിയല്ലല്ലോ. നിരപരാധികളെ, നല്ല രീതിയില്‍ മുന്നോട്ടു പോകുന്ന ഒരു കോളേജിനെയൊക്കെ കരിവാരി തേക്കുന്നത് ശരിയല്ല

“കേരളത്തില്‍ ഐഎസ്-അല്‍ ഖ്വായ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടനം” എന്ന തലക്കെട്ടോടെയാണ് ജനം ടിവി വാര്‍ത്ത നല്‍കിയിരുന്നത്.

വര്‍ക്കല സി.എച്ച് മുഹമ്മദ് കോളേജിന് അല്‍ ഖാഇദ ബന്ധം: ജനം ടിവിയുടേത് വ്യാജ വാര്‍ത്തയാണെന്ന് പൊലീസ്

എന്നാല്‍ ജനം ടിവിയുടെ വാര്‍ത്ത തെറ്റാണെന്നും വിദ്യാര്‍ത്ഥികളുടെ റാലിയ്ക്ക് ജനം തീവ്രവാദ സ്വഭാവം നല്‍കുകയായിരുന്നുവെന്നും അയിരൂര്‍ പൊലീസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചിരുന്നു.

പൊലീസിന്റെ വിശദീകരണം

കോളേജില്‍ നടന്ന ആഘോഷവുമായി ബന്ധപ്പെട്ട് ബൈക്ക് റേസ് മറ്റും വിദ്യാര്‍ത്ഥികള്‍ നടത്തിയിരുന്നു ഇതാണ് വാര്‍ത്തയായി വന്നത്. പിന്നെ ബാത്ത് റൂമിലൊക്കെ ചിത്രങ്ങളൊക്കെ വരച്ചു വെച്ചിരുന്നു. “പൈറേറ്റ്സ്” എന്നാണ് എഴുതി വെച്ചിരിക്കുന്നത്. ജനം ടി.വി ഇതിന് തീവ്രവാദം സ്വഭാവം നല്‍കുകയാണുണ്ടായത്. സംഭവത്തില്‍ ഡി.ജി.പി അന്വേഷിക്കുമെന്ന് പറഞ്ഞത് ജനം ടി.വി വാര്‍ത്ത കൊടുത്ത സാഹചര്യത്തിലാണെന്നും അയിരൂര്‍ പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ജനം ടി.വി തീവ്രവാദികളാക്കിയത് നടന്‍ സലിംകുമാറിനെ സ്വീകരിക്കാന്‍ നിന്ന വിദ്യാര്‍ത്ഥികളെ; പരിപാടി നടന്നത് കഴിഞ്ഞ മാര്‍ച്ചില്‍

ജനം ടി.വിക്കെതിരെ മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍; വര്‍ക്കല സി.എച്ച്.എം.എം കോളേജില്‍ അല്‍ ഖാഇദ ബന്ധമുണ്ടെന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ നാടിന് ആപത്ത്

We use cookies to give you the best possible experience. Learn more