‘ചന്ദ്രികയുടെ വിലയെക്കുറിച്ച് നിങ്ങള്‍ക്കറിയില്ല. കണ്ണുള്ളപ്പോള്‍ കണ്ണുകളുടെ പ്രയോജനമറിയില്ല. ചന്ദ്രികക്ക് കുറ്റങ്ങളും കുറവുകളുമുണ്ട് സമ്മതിക്കുന്നു. അച്ചടി പിശകുണ്ട്. വാര്‍ത്ത കൊടുക്കുന്നതില്‍ തെറ്റുകള്‍ വരുന്നുണ്ട്. ഫോട്ടോകള്‍ക്ക് തിരുത്തലുകളുമുണ്ട്. പ്രസിദ്ധീകരിക്കുന്നതില്‍ കാലതാമസമുണ്ട്. എങ്കിലും ചന്ദ്രിക ചന്ദ്രികയാണ്. അത് നിങ്ങളുടെ കണ്ണാണ്. ആ കണ്ണുകൊണ്ട് പ്രയോജനമുണ്ട്. അയല്‍വാസിക്ക് മാളികയുള്ളതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ഓലപ്പുര പൊളിച്ചു കളയുമോ? അല്ല, പൊളിച്ചുകളഞ്ഞാല്‍ അയല്‍ക്കാരന്‍ നിങ്ങളെ ആ വീട്ടില്‍ താമസിപ്പിക്കുമോ?’
സാമ്പത്തിക പരാധീനതയില്‍ നട്ടംതിരിയുന്ന ചന്ദ്രികക്ക് വേണ്ടി വെള്ളിയുണ്ടകള്‍ ചോദിച്ചുകൊണ്ട് സി.എച്ച്. മുഹമ്മദ് കോയ നടത്തിയ ഒരു പ്രസംഗമാണിത്.
മലബാര്‍ സമരാനന്തര മുസ്ലിം ജീവിതം അസഹനീയമായിരുന്നു. ബ്രിട്ടീഷ് ഭരണകൂടവും ദേശീയ രാഷ്ട്രീയവും മലബാറിലെ സമുദായത്തെ വേട്ടയാടിക്കൊണ്ടിരുന്നു. മുസ്ലിം ശരീരങ്ങള്‍ എല്ലാ മേഖലകളില്‍ നിന്നും തഴയപ്പെട്ടു. ഭരണകൂട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടു. ബൗദ്ധിക വ്യവഹാരങ്ങളില്‍ മുസ്ലിം സമുദായം അപരബോധത്താല്‍ മാറ്റിനിര്‍ത്തപ്പെട്ടു. ഇങ്ങനെയൊരു സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിലാണ് ചന്ദ്രിക പിറവിയെടുക്കുന്നത്. 1934-ല്‍ തലശ്ശേരിയില്‍ നിന്ന് സ്വതന്ത്ര വാരിക എന്ന നിലയിലാണ് ചന്ദ്രികയുടെ തുടക്കം. 1938-ല്‍ ദിനപത്രമായി.
നിലവിലുള്ള വിവാദങ്ങളിലേക്ക് ചന്ദ്രികയെ വലിച്ചിഴക്കുന്നത് നേതൃത്വത്തിന്റെ പിടിപ്പുകേടാണ്. ചന്ദ്രികയുടെ നിലനില്‍പ്പിന്റെ ആവശ്യകതയെ കൃത്യമായി സി.എച്ച്. ദീര്‍ഘദൃഷ്ടിയുടെ കണ്ണുകളില്‍ വരച്ചു കാണിച്ചിട്ടുണ്ട്. ആ കണ്ണുകളിലെ വെളിച്ചം നഷ്ടമായിട്ടില്ല. കെടുത്തിക്കളയരുത്. സമുദായത്തെ പിന്നിലേക്ക് തള്ളിവിടുന്ന നീക്കങ്ങള്‍ ചന്ദ്രികയില്‍ നിന്നുണ്ടാവരുത്.
മൈനോറരിറ്റി രാഷ്ട്രീയത്തിന്റെ ഭാഷാ സ്‌കൂളായിരുന്നു ചന്ദ്രിക. തലമുറകള്‍ക്ക് രാഷ്ട്രീയത്തെ പഠിപ്പിച്ച് കൊടുത്ത സ്ഥാപനം. വലിയ പ്രതിഭകള്‍ ചന്ദ്രികയിലൂടെ സാഹിത്യത്തിന് സംഭാവനകള്‍ നല്‍കി. മലയാളസാഹിത്യചരിത്രം രേഖപ്പെടുത്തിയ ഒരുപാട് സാഹിത്യ വ്യക്തികളെ ചന്ദ്രിക സമൂഹത്തിന് സമര്‍പ്പിച്ചു. മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതുതലമുറയെ ഏറെ പ്രോത്സാഹിപ്പിച്ചു.
കേന്ദ്ര സര്‍വകലാശാലകളില്‍ വലിയ വിദ്യാര്‍ത്ഥി വിഭാഗം ലീഗിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ പാകത്തിലുള്ള ഇന്റലക്ച്വല്‍ വര്‍ക്കുകള്‍ നടത്തുന്നവരാണ് ആ വിദ്യാര്‍ത്ഥികള്‍. അവരിലേക്ക് ചന്ദ്രികയെ വ്യാപിപ്പിക്കണം. വിവിധ ഭാഷകളിലേക്ക് ചന്ദ്രിക പോര്‍ട്ടലുകളെത്തണം. പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് ചന്ദ്രികയെ കൊണ്ടെത്തിക്കുന്നത് സമുദായത്തോട് കാണിക്കുന്ന അനീതിയാണ്. കേരളീയ പൊതുമണ്ഡലത്തില്‍ ചന്ദ്രിക ഉല്‍പാദിപ്പിച്ച ജ്ഞാനോല്‍പാദനപരമായ ‘സാംസ്‌കാരിക മൂലധനം’ വിലമതിക്കാനാവാത്തതാണ്.
കേരളത്തിന്റെ സാംസ്‌കാരിക-സാഹിത്യ-രാഷ്ട്രീയ-സാമൂഹ്യശാസ്ത്രരചനകളില്‍ ചന്ദ്രിക വര്‍ഷങ്ങളായി വഹിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സാംസ്‌കാരിക സമ്പന്നതയെ ഇല്ലാതാക്കുന്നത് സമുദായ രാഷ്ട്രീയത്തിനകത്ത് നിന്നുള്ളവരാകരുത്. സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്നമെങ്കില്‍, അതിന് മതിയായ സ്പോണ്‍സേഴ്സ്/ക്രൗഡ് ഫണ്ടിങ് ഈ മാധ്യമസ്ഥാപനത്തിന് ലഭിക്കാത്തതല്ലല്ലോ?
രാജ്യദ്രോഹപട്ടവും മാധ്യമ വേട്ടയും ന്യൂനപക്ഷ വിരുദ്ധ നയങ്ങളും ഘടനാപരമായി തന്നെ നിലവിലെ ഭരണകൂടത്തിന്റെ സവിശേഷതകളായത് കൊണ്ട് തന്നെ പാര്‍ട്ടി പത്രത്തേക്കാള്‍ ചന്ദ്രികയുടെ ഇടം കൂടുതല്‍ നിര്‍ണായകമാണെന്നാണ് നാം മനസ്സിലാക്കേണ്ടത്. എത്രമേല്‍ ഭീകരമായിട്ടാണ് സത്യാനന്തരകാല മാധ്യമങ്ങള്‍ മൈനോറിറ്റികളോടുള്ള ബോധത്തെ നിര്‍മ്മിക്കുന്നത്.
പൊതുബോധത്തോട് മൈനോറിറ്റി സെന്‍സിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള സംവിധാനമാണ്, കള്‍ച്ചറല്‍ കാപിറ്റലാണ് ചന്ദ്രിക. ഈയടുത്ത് ഹിന്ദുത്വ ശക്തികള്‍ ചന്ദ്രികയെ അക്രമിച്ചിരുന്നു. അക്കാദമിക വ്യവഹാരങ്ങളെ കീഴടക്കാനൊരുങ്ങുന്ന, ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘപരിവാറിന്റെ വിധ്വംസകമായ ഇരുണ്ട ഭരണത്തിന് കീഴില്‍ മാധ്യമങ്ങളെല്ലാം സര്‍ക്കാരിന്റെ ഓശാന ജിഹ്വകളായി മാറുമ്പോള്‍ ചന്ദ്രികക്ക് നിറവേറ്റാനുള്ള ദൗത്യങ്ങള്‍ ഏറെയാണ്. മുസ്‌ലിം ലീഗിന്റെ സാംസ്‌കാരിക മൂലധനമാണ് ചന്ദ്രിക, ആര്‍ത്തി പെരുത്തവരുടെ മൂലധനമല്ല.
ള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Saleem Deli writes about Chandrika and Muslim League