ഡോ. മന്‍മോഹന്‍ സിങ്ങിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കെത്തുന്നത് സാമ്പത്തിക പരിഷ്‌ക്കരണങ്ങളുടെ തീക്ഷ്ണമായ ആദ്യ ദിനങ്ങളെ കുറിച്ച് ജയറാം രമേശ് എഴുതിയ ഇന്‍സൈഡര്‍ അക്കൗണ്ടായ ടു ദി ബ്രിങ്ക് ആന്റ് ബാക്ക് (To the Brink and Back) എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ച ഒരു സംഭവമാണ്.
പരിഷ്‌കരണങ്ങളുടെ ഭാഗമായി രൂപയുടെ മൂല്യം കുറച്ചപ്പോള്‍, തന്റെ കയ്യിലുണ്ടായിരുന്ന ഒരു ചെറിയ ഡോളര്‍ സംഖ്യക്ക് കിട്ടിയ അധിക മൂല്യം ധനകാര്യ മന്ത്രി ആയിരുന്ന ഡോ.സിങ് പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ച് രസീത് കൈപ്പറ്റി. തനിക്ക് ലഭിച്ച ‘വിന്റ്ഫാള്‍’ (windfall) എന്നാണ് ഫലിത രൂപേണ ഈ സംഖ്യയെ പുസ്തകത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
ധനകാര്യ മന്ത്രി എന്ന പദവിയില്‍ താനെടുക്കുന്ന ഒരു തീരുമാനത്തിലും തനിക്ക് വ്യക്തിഗത നേട്ടങ്ങള്‍ ഉണ്ടാവരുതെന്ന് കണിശമായി ഉറപ്പ് വരുത്തിയ സത്യസന്ധതയുടെ പര്യായമായ ഒരു മഹാനുഭാവന്‍. അത് കൊണ്ട് തന്നെയാണ് നോട്ട് നിരോധനത്തെ കുറിച്ച് അദ്ദേഹം ലീഗലൈസ്ഡ് പ്ലന്റര്‍ ആന്റ് ഓര്‍ഗനൈസ്ഡ് ലൂട്ട് (legalized plunder and organized loot) എന്ന് പറഞ്ഞപ്പോള്‍ എത്ര മാത്രം വലിയ ദുരന്തമാണിത് വരുത്താന്‍ പോവുന്നത് എന്ന് നമുക്കെല്ലാം ഉറപ്പായതും.
അദ്ദേഹത്തിന്റെ വാക്കുകള്‍ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം എത്ര പെട്ടെന്നാണ് തെളിയിച്ചത്. രാജ്യത്തിന് ഗുണകരമാകുന്ന ഒരു കാര്യത്തെയും കേവല രാഷ്ട്രീയത്തിന് വേണ്ടി മന്‍മോഹന്‍ സിങ് ഇത്ര രൂക്ഷമായി വിമര്‍ശിക്കില്ലെന്ന് അദ്ദേഹം ജീവിതം കൊണ്ട് തെളിയിച്ചതാണ്.
മറ്റൊന്ന് 2004-2014 കാലത്തെ ജന്തര്‍ മന്ദിര്‍ ആണ്. ഞാന്‍ പൂര്‍ണ്ണമായും ദല്‍ഹിയില്‍ ജീവിച്ച പത്ത് കൊല്ലമാണത്. എന്റെ ദല്‍ഹി ജീവിതം തുടങ്ങുന്നത് ഒന്നാം മന്‍മോഹന്‍ സിങ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ഉടനെയാണ്. പ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങളുടെയം ദിനരാത്രങ്ങള്‍. നര്‍മദ മൂവ്‌മെന്റ്, സിങ്കൂര്‍ നന്ദിഗ്രാം, നിരവധി ആദിവാസി, പരിസ്ഥിതി, അധഃസ്ഥിത വര്‍ഗ പ്രതിനിധികളുടെ നിരന്തര സമരങ്ങള്‍.
ഗവണ്‍മെന്റിന്റെ പിടിപ്പ് കേട് കൊണ്ടല്ലേ പ്രതിഷേധങ്ങളെന്ന് ലളിത യുക്തിയില്‍ ചോദിക്കാം. അല്ല എന്ന് ഉത്തരം പറയാന്‍ കഴിഞ്ഞ പത്ത് കൊല്ലം നമ്മെ പഠിപ്പിച്ച് കഴിഞ്ഞു. സംവിധാനത്തില്‍ പ്രതീക്ഷ ഉണ്ടാവുമ്പോഴാണ് സാധാരണ മനുഷ്യര്‍ തെരുവിലേക്കിറങ്ങുന്നത്. നീതിക്ക് വകയുണ്ടെന്നും ഭരണകര്‍ത്താക്കള്‍ക്ക് മനുഷ്യത്വം ബാക്കിയുണ്ടെന്നുമുള്ള വിശ്വാസത്തിലാണ് ആ പ്രതീക്ഷ പിറക്കുന്നത്. അപ്പൊള്‍ അവര്‍ തങ്ങളുടെ ശബ്ദം ഘോരഘോരം തെരുവിലുയര്‍ത്തുന്നു.
ശബ്ദ മുഖരിതവും ജനനിബിഡവുമായിരുന്ന ജന്തര്‍ മന്ദിറും പാര്‍ലമെന്റിന്റെ പടിവാതില്‍ വരെ എത്തിയ ജനകീയ പ്രക്ഷോഭങ്ങളും ഡോ. മന്‍മോഹന്‍ സിങ് എന്ന ജനാധിപത്യ മൂല്യങ്ങളില്‍, നാട്യങ്ങള്‍ക്കുമപ്പുറം അടിയുറച്ച് വിശ്വസിച്ച ഭരണ കര്‍ത്താവിനെ കാലത്തിനു മുന്നില്‍ സാക്ഷ്യപ്പെടുത്തുന്നു.
സെക്യൂരിറ്റി എന്ന ആശയത്തെ കേവല സൈനിക വൃത്തത്തില്‍ നിന്നും പുറത്ത് കടത്തി പ്രവിശാലമായ ഹ്യൂമണ്‍ സെക്യൂരിറ്റി പ്രതലത്തില്‍ പഠിക്കാന്‍ ഒരുമ്പെട്ടത് തന്നെ വിമര്‍ശിക്കാന്‍ കാര്യമായി എന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു.
ജി.ഡി.പി വളര്‍ച്ചക്ക് ക്രമാനുഗതമായ പുരോഗതി മാനവ വികാസത്തില്‍ (human development) ഉണ്ടായില്ലെന്നിരിക്കെ തന്നെ, മന്‍മോഹന്‍ സിങ് എന്ന ധനമന്ത്രി മുതല്‍ പ്രധാനമന്ത്രി വരെ എങ്ങനെയാണ് കോടി കണക്കിന് സാധാരണക്കാരായ ഇന്ത്യക്കാരുടെ ജീവിതത്തെ ഗുണപരമായി മാറ്റിയെടുത്തത് എന്ന് പി.എച്ച്.ഡി ഗവേഷണം വരച്ചു കാട്ടിത്തന്നു. ഒരു രാജ്യമെന്ന രീതിയില്‍ നാം ഈ മനുഷ്യനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു.
അടുത്തത്, തികഞ്ഞ മാന്യനായി എങ്ങനെ പൊതു ജീവിതത്തില്‍ ഇടപഴകണം എന്നതാണ്. ഇതത്ര എളുപ്പമല്ല എന്ന് നമുക്കറിയാവുന്നതാണ്. നാല് പതിറ്റാണ്ടിലേറെ നീണ്ട തന്റെ പൊതു ജീവിതത്തില്‍ ഒരിക്കല്‍ പോലും അമാന്യമായ ഒരു പെരുമാറ്റമോ ഒരു വാക്ക് പോലുമോ അദ്ദേഹത്തില്‍ നിന്നുമുണ്ടായില്ല. മിത ഭാഷയായി, സൗമ്യനായി അദ്ദേഹം സംസാരിച്ചു. മാന്യമായി പ്രതികരിക്കാന്‍ സാധ്യമല്ലാത്ത അവസരങ്ങളില്‍ മൗനമവലംബിച്ചു.
ഇടതുപക്ഷവും സംഘപരിവാറും പരിഷ്‌കരണങ്ങളുടെ ആദ്യ പതിറ്റാണ്ടില്‍ ആഗോള മുതലാളിത്ത പിശാചിന്റെ പ്രതിരൂപമായി അദ്ദേഹത്തെ അവതരിപ്പിച്ചു. വേള്‍ഡ് ബാങ്കിലെയും ഐ.എം.എഫിലെയും സൗത്ത് കമ്മിഷനിലെയും പൂര്‍വ കാലത്തെ എത്ര ഭീകരമായാണവര്‍ അവതരിപ്പിച്ചത് എന്നോര്‍ത്ത് നോക്കുക.
നയപരവും വസ്തുനിഷ്ഠവുമായ എല്ലാ വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം പാര്‍ലമെന്റിലും പുറത്തും മറുപടി നല്‍കി. വ്യക്തിഹത്യയെയും പുലഭ്യം പറച്ചിലുകളെയും തന്റെ സഹജമായ മാന്യത കൊണ്ട് രാജകീയമായി അവഗണിച്ചു. പ്രധാനമന്ത്രി കാലത്ത് സംഘപരിവാറുകാര്‍ പറഞ്ഞു പരത്തിയ കഥകളും ട്രോളുകളും ഇന്നോര്‍ക്കുമ്പോള്‍ ഒരു ജനത എന്ന തലത്തില്‍ നമുക്ക് ആത്മനിന്ദ തോന്നണം.
സഞ്ജയ ബാരുവിന്റെ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ (The Accidental Prime Minister) പുറത്തിറങ്ങിയപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബം ആദ്യമായും അവസാനമായും പരസ്യമായി പ്രതിഷേധിച്ചത്.
വസ്തുതാ രഹിതവും കെട്ടുകഥകള്‍ നിറഞ്ഞതുമായ ആ പുസ്തകത്തിലെ വസ്തുതാപരമായ തെറ്റുകളെയും വ്യക്തിപരമായ ആക്ഷേപങ്ങളെ നിഷേധിച്ചു കൊണ്ടും അതില്‍ പ്രതിഷേധിച്ച് കൊണ്ടും അദ്ദേഹത്തിന്റെ മകള്‍, പരിണിത പ്രഞ്ജയായ ചരിത്രകാരിയും ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ, ഉപേന്ദര്‍ സിങ് ഒരു കുറിപ്പ് പുറത്തിറക്കിയിരുന്നു. അത് പോലും എത്ര മാന്യമായിരുന്നുവെന്ന് ഒരാവര്‍ത്തി വായിച്ചു നോക്കുക.
അവസാനമായി 2011 ലെ ആ ലോക്‌സഭാ പ്രസംഗം. ശഹാബ് ജാഫ്രിയുടെ കവിത ഉദ്ധരിച്ച് ശ്രിമതി സുഷമ സ്വരാജ് പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നു:
tu idhar udhar ki na baat kar ye bata ki qafile kyuuñ luTe
tiri rahbari ka saval hai hameñ rahzan se gharaz nahiñ
(അതും ഇതും പറഞ്ഞിരിക്കാതെ, എങ്ങനെ ഈ സാര്‍ത്ഥവാഹകസംഘം കൊള്ളയടിക്കപ്പെട്ടു എന്ന് പറയൂ?)
ഇത് നിങ്ങളുടെ നേതൃത്വത്തെ കുറിച്ചുള്ള ചോദ്യമാണ്, അല്ലാതെ കള്ളന്മാരോടല്ല ഞങ്ങളുടെ പരാതി!)
പ്രധാനമന്ത്രി തന്റെ സ്വതസിദ്ധമായ പതിഞ്ഞ സ്വരത്തില്‍, തെല്ലൊരു ലജ്ജയോടെ അല്ലാമാ ഇഖ്ബാലിന്റെ കവിത കൊണ്ട് മറുപടി പറയുന്നു:
maana ki teri diid ke qabil nahiñ huuñ maiñ
tu mera shauq dekh mira intizar dekh
(ഞാന്‍ നിങ്ങളുടെ ദര്‍ശനത്തിനര്‍ഹന്‍ അല്ല എന്ന് ഞാന്‍ സമ്മതിക്കുന്നു,
എങ്കിലും, നിങ്ങള്‍ എന്റെ ഈ കാത്തിരിപ്പും ആഗ്രഹവും ഒന്ന് നോക്കൂ.)
സുഷമ സ്വരാജിന്റെ മുഖത്ത് വിരിഞ്ഞ ആ പുഞ്ചിരി, അദ്വാനിയുടെ മുഖത്തെ ചിരി, സഭാതലം ഒന്നടങ്കം കയ്യടികള്‍ കൊണ്ടും ആര്‍പ്പു വിളികള്‍ കൊണ്ടും പൊട്ടിച്ചിരികള്‍ കൊണ്ടും മുഖരിതമായത്. എന്തൊരു ആസുര കാലത്താണ് സുഹൃത്തുക്കളെ, നാം ജീവിക്കുന്നത്.
പ്രിയപ്പെട്ട ഞങ്ങളുടെ മുന്‍ പ്രധാനമന്ത്രി, അര്‍ഹിക്കുന്നതിലും നല്ല നേതാവിനെ ഒരു ജനതക്ക് കൈ വന്നതിന്റെ അപൂര്‍വ ഉദാഹരണങ്ങളില്‍ ഒന്നാണ് താങ്കള്‍. ഈ സത്യാനന്തര കാലത്ത് ഇന്ത്യയുടെ അവസാനത്തെ ‘യഥാര്‍ത്ഥ’ പ്രധാനമന്ത്രി താങ്കള്‍ ആവാതിരിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.
(ഉര്‍ദു കവിതകളുടെ മലയാള പരിഭാഷക്ക് അലി തല്‍വാറിനോട് കടപ്പാട്).
Content Highlight: Saleel Chembayil talks about Manmohan Singh