| Thursday, 12th September 2024, 7:59 pm

നിലവാരമില്ലാത്ത ഭക്ഷണ വില്പന; അലഹബാദ് ഹൈക്കോടതി യു.പി സർക്കാരിൻ്റെ പ്രതികരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹബാദ്: നിലവാരമില്ലാത്ത ലഘുഭക്ഷണങ്ങൾ വിൽക്കുന്നത് പരിശോധിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ഉത്തർപ്രദേശിലെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ച് അലഹബാദ് ഹൈക്കോടതി.

ഇത് ഒരു ജില്ലയുടെ മാത്രം പ്രശ്‌നമല്ലെന്നും രാജ്യത്തിൻ്റെ മുഴുവൻ പ്രശ്‌നമാണെന്നും ചൂണ്ടിക്കാട്ടി കേസിൽ കേന്ദ്രസർക്കാരിനെ പ്രതിയാക്കണമെന്നും ഹൈക്കോടതി രജിസ്‌ട്രിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് വി. കെ. ബിർളയും ജസ്റ്റിസ് അരുൺ കുമാർ സിങ്ങും അടങ്ങുന്ന രണ്ടംഗ ബെഞ്ച് സ്വമേധയാൽ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണീ പ്രസ്താവന നടത്തിയത്.

കാലിത്തീറ്റയായി വിൽക്കരുതെന്ന് നിർദേശിച്ചിട്ടുള്ള ‘നാംകീനുകൾ’ വാങ്ങി വീണ്ടും പായ്ക്ക് ചെയ്ത ശേഷം മനുഷ്യ ഉപഭോഗത്തിനായി ഓപ്പൺ മാർക്കറ്റിൽ മറ്റ് ചില ലഘുഭക്ഷങ്ങളിൽ കലർത്തി വിൽക്കുകയാണെന്ന് സെപ്തംബർ അഞ്ചിൽ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇത് സാധാരണ പൗരൻ്റെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

‘കാലിത്തീറ്റയായി വിൽക്കരുതെന്ന് നിർദേശിച്ചിട്ടുള്ള ‘നാംകീനുകൾ’മനുഷ്യ ഉപഭോഗത്തിന് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനാൽ ഈ കോടതി നിലവിലെ പൊതുതാത്പര്യ ഹരജി ഏതെങ്കിലും പ്രത്യേക ജില്ലയ്ക്ക് മാത്രമല്ല, രാജ്യമൊട്ടാകെ വ്യാപിപ്പിക്കുകയാണ്,’ കോടതി പറഞ്ഞു.

ഹരജിയിൽ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം മുഖേന കേന്ദ്രസർക്കാരിനെ പ്രതിയാക്കാൻ ഹൈക്കോടതി നിർദേശിക്കുകയും കേസിൽ 2024 സെപ്റ്റംബർ 20 ന് അടുത്ത വാദം കേൾക്കുമെന്ന് തീരുമാനിക്കുകയും ചെയ്തു. വാദം കേൾക്കുന്നതിനിടെ യു.പി സർക്കാരിൻ്റെ അഭിഭാഷകൻ ഫുഡ് സേഫ്റ്റി ഓഫീസർ, കാൺപൂർ, ഫുഡ് സേഫ്റ്റി ഓഫീസർ, ബറേലി, കമ്മീഷണർ, ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, യു.പി എന്നിവരുടെ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു.

പിന്നാലെ ഉത്പാദന യൂണിറ്റുകൾ ഉൾപ്പെടെയുള്ളവർക്കെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതിയെ ധരിപ്പിച്ച് പുതിയൊരു സത്യവാങ്മൂലം സമർപ്പിക്കാൻ യു.പി ഭക്ഷ്യ-സിവിൽ സപ്ലൈസ് പ്രിൻസിപ്പൽ സെക്രട്ടറിയോട് കോടതി നിർദേശിച്ചു.

Content Highlight: Sale of ‘sub-standard’ namkeens: Allahabad High Court seeks UP govt’s response

We use cookies to give you the best possible experience. Learn more