രാഹുൽ ഗാന്ധി ഭരണഘടന ഉയർത്തി പ്രചരണം നടത്തി; പിന്നാലെ ഭരണഘടന വാങ്ങാൻ ആളുകളുടെ തിരക്ക്
India
രാഹുൽ ഗാന്ധി ഭരണഘടന ഉയർത്തി പ്രചരണം നടത്തി; പിന്നാലെ ഭരണഘടന വാങ്ങാൻ ആളുകളുടെ തിരക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2024, 4:23 pm

ന്യൂദൽഹി: ഭരണഘടനയെ പ്രതിഷേധത്തിന്റെ പ്രതീകമായി കാണിച്ചുകൊണ്ട് ഇന്ത്യ ബ്ലോക്ക് നടത്തിയ പ്രചരണത്തിന് പിന്നാലെ ഭരണഘടനയുടെ ചെറിയ കോട്ട് പോക്കറ്റ് പതിപ്പിന്റെ വില്പന കൂടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 5000 കോപ്പികൾ വിറ്റഴിച്ചതായി പ്രസാധകർ അവകാശപ്പെടുന്നു.

പതിനെട്ടാം ലോക്‌സഭയുടെ ഉദ്ഘാടന സമ്മേളനത്തിന് പാർലമെന്റിന് പുറത്ത് ഒത്തുകൂടിയ ഇന്ത്യ സഖ്യ അംഗങ്ങൾ ഭരണഘടനയുടെ ചെറുതും വലുതുമായ പതിപ്പുകൾ ഉയർത്തിക്കാണിച്ച് പ്രതിഷേധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ഭരണഘടനയെ തകർക്കുമെന്ന് പറയാനായി രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ ഭരണഘടന ഉയർത്തിപ്പിടിച്ചിരുന്നു.

പിന്നാലെ ഭരണഘടന വില്പനയ്ക്ക് പുതു ഉണർവുണ്ടായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തെരഞ്ഞെടുപ്പോടുകൂടി പോക്കറ്റ് ഭരണഘടനാ ജനാധിപത്യത്തിന്റെ പ്രതീകമായി മാറിയെന്നാണ് പ്രസാധകർ പറയുന്നത്. തുടർന്ന് ഭരണഘടന വാങ്ങുന്നവരുടെ എണ്ണവും വർധിച്ചു.

ഭരണഘടനയുടെ കോട്ട് പോക്കറ്റ് പതിപ്പിന്റെ പ്രസാധകരായ ഈസ്റ്റേൺ ബുക്ക് കമ്പനിയുടെ വില്പന വർധിച്ചതായി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ലഖ്‌നൗ ആസ്ഥാനമായ ഈസ്റ്റേൺ ബുക്ക് കമ്പനി 2009ലാണ് കോട്ട് പോക്കറ്റ് ഭരണഘടനാ അച്ചടിക്കാൻ തുടങ്ങിയത്. എന്നാൽ ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും വലിയ വിൽപ്പനയാണ് സമീപ കാലങ്ങളിലായി ഉണ്ടായതെന്ന് പ്രസാദകനായ സുമീത് മാലിക് പറയുന്നു.

‘കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 5000 കോപ്പികളാണ് വിറ്റഴിഞ്ഞ് പോയത്. 2023 ൽ ആകെ വിറ്റ ഭരണഘടനയുടെ എണ്ണമാണ് മൂന്ന് മാസം കൊണ്ട് വിറ്റത്. പുതിയ സ്റ്റോക്കുകൾ വരുന്നതനുസരിച്ച് ഉടൻ തന്നെ വിറ്റ് പോകുന്നുണ്ട് ,’ സുമീത് പറഞ്ഞു.

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിനായി കോൺഗ്രസ് നാല് പെട്ടി നിറയെ കോപ്പികൾ വാങ്ങിയതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. പുസ്തകത്തിന്റെ ഒരു പകർപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് സമ്മാനിച്ചിരുന്നെന്നും മാലിക് പറഞ്ഞു.

 

 

 

Content Highlight: Sale of Constitution’s copies increase amid INDIA bloc campaign: Report