|

കെ.എസ്.ആര്‍.ടിയില്‍ ഇനി ഒന്നാം തീയതി മുതല്‍ ശമ്പളം: കെ.ബി. ഗണേഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒന്നാം തീയതി മുതല്‍ ശമ്പളം നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. എസ്.ബി.ഐയില്‍ നിന്ന് നൂറ് കോടി ഓവര്‍ ഡ്രാഫ്റ്റ് എടുക്കുമെന്നും സര്‍ക്കാര്‍ പണം തരുമ്പോള്‍ ഇത് പിന്നീട് തിരിച്ചടയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് തന്നെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പിണറായി സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് 625 കോടി നല്‍കിയെന്നും അത് വഴിയാണ് ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ 2021 ജൂലൈ മാസം രണ്ടാം തീയതി ശമ്പളം കൊടുത്തതിന് ശേഷം ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം കൊടുക്കാനോ ഒന്നിച്ച് ശമ്പളം നല്‍കാനോ കെ.എസ്.ആര്‍.ടി.സിക്ക് സാധിച്ചിരുന്നില്ല. അതില്‍ പ്രകടമായ മാറ്റം വരുത്തിക്കൊണ്ട്, മുഖ്യമന്ത്രിയുടെ പിന്തുണയില്‍ പുതിയൊരു പരീക്ഷണം നടത്തുകയാണ്. കെ.എസ്.ആര്‍.ടി.സിക്ക് സാമ്പത്തിക ബാധ്യയതയുണ്ട്.

സര്‍ക്കാരിന്റെ സാമ്പത്തിക സഹായം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ഇത് നടപ്പിലാക്കുക. ഏകദേശം 50 കോടി രൂപ മാസം സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുന്നുണ്ട്. ഈ മാസം മുതല്‍ ഇനി വരുന്ന ഒന്നാം തീയതികളില്‍ എല്ലാം ജീവനക്കാരുടെയും ശമ്പളം അവരുടെ അക്കൗണ്ടില്‍ എത്തും,’ മന്ത്രി പറഞ്ഞു

സര്‍ക്കാര്‍ നിലവില്‍ 50 കോടി കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുന്നുണ്ടെന്നും അതുപയോഗിച്ച് വലിയ മാറ്റങ്ങള്‍ ഉണ്ടായെന്നും ആ മാറ്റത്തില്‍ ജീവനക്കാര്‍ വഹിച്ച പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു.

ജീവനക്കാരുടെ പെന്‍ഷനും കൃത്യമായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. വരുമാനത്തിന്റെ അഞ്ച് ശതമാനമാണ് പെന്‍ഷന്‍ ആയി നല്‍കുക. പെന്‍ഷന് പുറമെ പി.എഫും കൃത്യമായി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: Salary will be paid from the first day in KSRTC says K.B. Ganesh Kumar