സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000, പെന്‍ഷനും കൂടും; ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Kerala News
സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000, പെന്‍ഷനും കൂടും; ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th January 2021, 5:20 pm

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് പഠിക്കാന്‍ നിയമിച്ച കെ.മോഹന്‍ ദാസ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകിനുമാണ് റിപ്പോര്‍ട്ട് കൈമാറിയത്.

2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000 ആയും കൂടിയ ശമ്പളം 1,66,800 ആയും ഉയര്‍ത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ കുറഞ്ഞ ശമ്പളം 16,500ഉം കൂടിയ ശമ്പളം 1,40,000 ഉം ആണ്.

ജീവനക്കാര്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 700 രൂപ മുതല്‍ 3400 രൂപ വരെ ഇന്‍ക്രിമെന്റ അനുവദിക്കാനാണ് ശമ്പള പരിഷ്‌കാര കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 28 ശതമാനം ഡി.എയും പത്ത് ശതമാനം ശമ്പളവര്‍ധനവും നല്‍കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കുക വഴി സര്‍ക്കാരിന് 4810 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാവുമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പിതൃത്വ അവധി പത്ത് ദിവസത്തില്‍ നിന്നും 15 ദിവസമായി ഉയര്‍ത്താനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ദത്തെടുക്കുന്നവര്‍ക്കും ഇനി മുതല്‍ പിതൃത്വ അവധി ലഭിക്കും. ഇതു കൂടാതെ കിടപ്പിലായ മാതാപിതാക്കളെ സംരക്ഷിക്കാനും മൂന്ന് വയസ് വരെയുള്ള കുട്ടികളെ സംരക്ഷിക്കാനും 40 ശതമാനം ശമ്പളത്തോടെ ഒരു വര്‍ഷത്തെ അവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിക്കാനും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്.

വില്ലേജ് ഓഫീസര്‍മാര്‍ക്ക് 1500 രൂപ അലവന്‍സ് നല്‍കാന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.
കേന്ദ്ര ശമ്പള പരിഷ്‌ക്കരണത്തിന് ശേഷം മതി അടുത്ത ശമ്പള പരിഷ്‌ക്കണം എന്ന ശുപാര്‍ശയും ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.

ധനവകുപ്പിന്റേയും മന്ത്രിസഭയുടേയും തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാവും ശമ്പളകമ്മീഷന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Salary Revision commission submitted Report