തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കും
Daily News
തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th November 2015, 9:34 pm

munnar

തിരുവനന്തപുരം:  സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാന്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ ധാരണയായി. വേതന വര്‍ധന ഈ മാസം മുതല്‍ നടപ്പിലാക്കുമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. അതേ സമയം മുന്‍കാല പ്രാബല്യത്തോടെ കൂലി വര്‍ദ്ധിപ്പിക്കുന്ന കാര്യം പിന്നീട് ചര്‍ച്ച ചെയ്യുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കില്ലെന്ന് അറിയിച്ച് കൊണ്ട് തോട്ടം ഉടമകള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വര്‍ധിപ്പിച്ച നിരക്കില്‍ കൂലി നല്‍കാനാവില്ലെന്നറിയിച്ച് കൊണ്ട് അസോസിയേഷന്‍ ഓഫ് പ്‌ളാന്‍േറഴ്‌സ് കേരള ചെയര്‍മാന്‍ സി. വിനയരാഘവനാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. നേരത്തെ കൂലി കൂട്ടാന്‍ ധാരണയുണ്ടാക്കിയത് സര്‍ക്കാരിനെ തെരഞ്ഞടുപ്പില്‍ സഹായിക്കാനായിരുന്നുവെന്നും തേയില, റബര്‍ വിലവര്‍ധിപ്പിക്കാതെ കൂലി വര്‍ധിപ്പിക്കില്ലെന്നും തോട്ടം ഉടമകള്‍ പറഞ്ഞിരുന്നു.

എന്നാല്‍ തോട്ടം ഉടമകളുടേത് സമ്മര്‍ദ്ദ തന്ത്രമാണെന്നും  കൂലി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ധാരണയുണ്ടാക്കിയതില്‍ നിന്ന് പിന്മാറിയാല്‍ തോട്ടം നടത്തിക്കൊണ്ട് പോകാന്‍ അനുവദിക്കില്ലെന്നും മന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയും ജനപ്രതിനിധികളും അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് തീരുമാനമെടുത്തതെന്നും ഇതില്‍ നിന്ന് പിന്മാറാന്‍ ഒരു കാരണവശാലും കഴിയില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.