ശമ്പളം വെട്ടിക്കുറച്ചതിനെ തുടർന്ന് സമരം പ്രഖ്യാപിച്ച് കനേഡിയൻ വനിതാ ഫുട്ബോൾ ടീം. കനേഡിയൻ വനിതാ ടീം ക്യാപ്റ്റനായ ക്രിസ്റ്റീൻ സിൻക്ലറാണ് പ്രതിഫലക്കുറവിലും തുല്യ വേതനയില്ലായ്മയിലും പ്രതിഷേധിച്ച് സമരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കനേഡിയൻ ഫുട്ബോൾ ഫെഡറേഷന്റെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട സ്ഥിരതയില്ലായ്മയിൽ പ്രതിഷേധിച്ച് വനിതാ ടീം സമരത്തിന് മുന്നോടിയായുള്ള പത്രക്കുറിപ്പ് പുറത്തിറക്കിയത്.
ഫെബ്രുവരി 17ന് അമേരിക്കക്കെതിരെ ശീ ബിലീവ്സ് കപ്പിൽ മത്സരം നടക്കാനിരിക്കെയാണ് കനേഡിയൻ വനിതാ ടീമിന്റെ സമര പ്രഖ്യാപനം.
സമരത്തെ പിന്തുണച്ച് കനേഡിയൻ പുരുഷ ഫുട്ബോൾ ടീമും രംഗത്ത് വന്നിട്ടുണ്ട്.
വനിതാ ഫുട്ബോളിനോട് കാണിക്കുന്ന അവഗണന ഫുട്ബോൾ ഫെഡറേഷൻ അവസാനിപ്പിക്കും വരെ തങ്ങൾ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ക്രിസ്റ്റീൻ സിൻക്ലർ ബ്രോഡ്കാസ്റ്റർ ടീ.എസിനോട് അഭിപ്രായപ്പെട്ടത്.
“ഞങ്ങൾ തൊഴിൽ സമരത്തിലേക്ക് കടക്കുകയാണ്. ഇന്ന് മുതൽ ഞങ്ങൾ കാനഡയെ പ്രതിനിധീകരിച്ച് ഒരു മത്സരത്തിലും കളിക്കുകയില്ല. ഈ പ്രശ്നം അടിയന്തമായി പരിഹരിക്കുക എന്ന ആവശ്യമാണ് ഞങ്ങൾ മുന്നോട്ട് വെക്കുന്നത്,’ ക്രിസ്റ്റീൻ സിൻക്ലർ പറഞ്ഞു.
“ഞങ്ങളെ തുല്യതയോടെയും മാന്യമായും നോക്കിക്കാണമെന്ന അടിസ്ഥാനപരമായ ആവശ്യം മാത്രമാണ് ഞങ്ങൾക്കുന്നയിക്കാനുള്ളത്. മതിയായ ഫണ്ട് വകയിരുത്തി അത് അനുവദിച്ചു തന്നാൽ മാത്രമേ ഞങ്ങൾക്ക് ലോകകപ്പിനായും മറ്റും നന്നായി തയ്യാറാകാൻ സാധിക്കൂ,’ ക്രിസ്റ്റീൻ സിൻക്ലർ കൂട്ടിച്ചേർത്തു.
നിലവിൽ ഫിഫ വനിതാ റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ് കാനഡ. കൂടാതെ 2021 ഒളിമ്പിക്സിൽ സ്വർണമെഡലും ടീം സ്വന്തമാക്കിയിരുന്നു.
നിലവിൽ യു.എസ്.എ, വെയ്ൽസ് വനിതാ, പുരുഷ ഫുട്ബോൾ ടീമുകൾക്ക് തുല്യ വേതനം ലഭിക്കുന്നുണ്ട്.