| Saturday, 27th August 2022, 5:28 pm

ശമ്പള പ്രതിസന്ധി; യു.കെയില്‍ ആയിരക്കണക്കിന് തപാല്‍ ജീവനക്കാര്‍ തെരുവിലിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: കുറഞ്ഞ ശമ്പള വര്‍ധനവ് നല്‍കിയതില്‍ പ്രതിഷേധിച്ച് യു.കെയിലുടനീളമുള്ള ആയിരക്കണക്കിന് തപാല്‍ ജീവനക്കാര്‍ പണിമുടക്ക് സമരം ആരംഭിച്ചു. ക്രൗണ്‍ ലോഗോയുള്ള പാഴ്സലുകളും കത്തുകളും രാജ്യത്തുടനീളം വിതരണം ചെയ്യുന്ന റോയല്‍ മെയില്‍ ഗ്രൂപ്പിലെ തൊഴിലാളികളാണ് സമരവുമായി പിക്കറ്റ് ലൈനുകളില്‍ ചേരുന്നത്.

‘ഞങ്ങള്‍ക്ക് വണ്ടത് മാന്യമായ വേതനം’ എന്ന മുദ്രാവാക്യമുയര്‍ത്തി കിഴക്കന്‍ ലണ്ടനില്‍, തപാല്‍ ജീവനക്കാര്‍ വെള്ളിയാഴ്ച ഡെലിവറി ഓഫീസിന് പുറത്ത് നിന്നുകൊണ്ട് പ്രതിഷേധിച്ചിരുന്നു.

റോയല്‍ മെയില്‍ ഗ്രൂപ്പ് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് യൂണിയനിലെ (സി.ഡബ്ല്യു.യു) 115,000 അംഗങ്ങള്‍ ആസൂത്രണം ചെയ്ത പണിമുടക്കില്‍ ആദ്യത്തേതാണ് വെള്ളിയാഴ്ച നടന്നത്.

ഓഗസ്റ്റ് 31 ബുധനാഴ്ചയും സെപ്റ്റംബര്‍ എട്ട്, ഒമ്പത് തിയതികളിലും പണിമുടക്ക് നടക്കും. യു.കെയിലെ വലിയൊരു വിഭാഗം തൊഴിലാളികള്‍ പങ്കെടുക്കുന്നതിനാല്‍ സി.ഡബ്ല്യു.യു ജനറല്‍ സെക്രട്ടറി ഡേവ് വാര്‍ഡ് ഇതിനെ ‘2009 ന് ശേഷമുള്ള യു.കെയിലെ ഏറ്റവും വലിയ പണിമുടക്ക്’ എന്നാണ് വിശേഷിപ്പിച്ചത്.

‘കഴിഞ്ഞ വര്‍ഷം കമ്പനി 758 ദശലക്ഷം പൗണ്ട് നേടിക്കൊണ്ട് റെക്കോര്‍ഡ് ലാഭം സ്വന്തമാക്കി. അതില്‍ 400 മില്യണ്‍ അവര്‍ ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് വിട്ടുകൊടുക്കുകയും, വലിയ റെക്കോര്‍ഡ് ബോണസുകള്‍ അവര്‍ സ്വയം സമ്മാനിക്കുകയും ചെയ്തു.

പക്ഷെ തപാല്‍ തൊഴിലാളികള്‍ക്ക് വെറും രണ്ട് ശതമാനം ശമ്പള വര്‍ധനവാണ് ഏര്‍പ്പെടുത്തിയത്. പണപ്പെരുപ്പം,വര്‍ധിച്ച എനര്‍ജി ബില്ലുകള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ഇത് സ്വീകാര്യമല്ല. ഇതുകാരണം ഞങ്ങള്‍ക്ക് കമ്പനിയുടെയും ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടു.

യു.കെയിലെ തപാല്‍ ജീവനക്കാര്‍ നമ്മുടെ സമൂഹത്തിന്റെ അവസാനത്തെ തൂണുകളില്‍ ഒന്നാണ്. ഞങ്ങളുടെ അംഗങ്ങള്‍ക്ക് അര്‍ഹമായ ശമ്പളകരാര്‍ ലഭിക്കാന്‍ ഞങ്ങള്‍ കഠിനമായി പോരാടാന്‍ പോകുന്നു,’ ഡേവ് വാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

സി.ഡബ്ല്യൂ.യുവിന്റെ സമരം റോയല്‍ മെയിലിനെ അതിന്റെ 500 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും അനിശ്ചിതത്വത്തിലേക്കാണ് തള്ളിവിടുന്നതെന്നും, ഇത് ജോലികളെ അപകടത്തിലാക്കുമെന്നും റോയല്‍ മെയില്‍ വക്താവ് വ്യാഴാഴ്ച പറഞ്ഞു. ഈ സാഹചര്യം പരിഹരിക്കുന്നതിനും ഉയര്‍ന്ന നിലവാരമുള്ള ജോലികള്‍ സംരക്ഷിക്കുന്നതിനും അവര്‍ സ്വയം മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങളുടെ ഉപഭോക്താക്കളോടും പൊതുജനങ്ങളോടും സി.ഡബ്ല്യു.യുവിന്റെ പണിമുടക്ക് നടപടിയുണ്ടാക്കുന്ന അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നു. അടുത്ത ആഴ്ചകളില്‍ ഞങ്ങള്‍ സി.ഡബ്ല്യു.യുവിനെ കാണാമെന്ന് വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ അവര്‍ ഓരോ ക്ഷണവും നിരസിച്ചു. യു.കെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ അജണ്ടയില്‍ സമയം ചെലവഴിക്കാനാണ് അവര്‍ താല്‍പ്പര്യപ്പെടുന്നത്.’ റോയല്‍ മെയില്‍ വക്താവ് പറഞ്ഞു.

പണിമുടക്കിന് ശേഷം മെയില്‍ ഡെലിവറി എത്രയും വേഗം സാധാരണ നിലയിലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ പണിമുടക്ക് ദിനത്തില്‍ കത്തുകള്‍ വിതരണം ചെയ്യില്ലെന്നും എന്നാല്‍ കൊവിഡ് ടെസ്റ്റ് കിറ്റുകളും മെഡിക്കല്‍ കുറിപ്പടികളും എത്തിക്കുന്നതിന് മുന്‍ഗണന നല്‍മെന്നും സി.ഡബ്ല്യു.യു പറഞ്ഞു.

റോയല്‍ മെയില്‍ ഉപയോക്താക്കള്‍ക്ക് പോസ്റ്റ് ബോക്സിലോ പോസ്റ്റ് ഓഫീസിലോ ഇനങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് തുടരാമെന്നും, എന്നാല്‍ കാലതാമസത്തെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: salary crisis; Thousands of postal workers took to the streets in the UK

We use cookies to give you the best possible experience. Learn more