സാലറി ചലഞ്ചിന് എന്താണ് ഉറപ്പെന്ന് സുപ്രീം കോടതി; ചലഞ്ചില്‍ സര്‍ക്കാരിന് പിഴച്ചെതെവിടെ..?
Focus on Politics
സാലറി ചലഞ്ചിന് എന്താണ് ഉറപ്പെന്ന് സുപ്രീം കോടതി; ചലഞ്ചില്‍ സര്‍ക്കാരിന് പിഴച്ചെതെവിടെ..?
ലിനിഷ മാങ്ങാട്
Monday, 29th October 2018, 11:53 pm

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രളയത്തെ അതിജീവിച്ച ജനതയാണ് നാം. അതിജീവനത്തിന് കൈത്താങ്ങാവാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് സാലറി ചലഞ്ച്. സമീപകാലത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വാക്കും “സാലറി ചലഞ്ച്” എന്നതായിരിക്കണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുക എന്നതാണ് സാലറി ചലഞ്ചിലൂടെ ഉദ്ധേശിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളികള്‍ ഇതില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ALSO READ: കണ്ണൂരില്‍ അമിത്ഷായ്ക്ക് വിമാനമിറങ്ങാന്‍ അനുമതി നല്‍കിയത് കേരള സര്‍ക്കാരല്ല; കിയാല്‍

എന്നാല്‍ മാസശമ്പളം പറ്റുന്ന സര്‍ക്കാരുദ്യോഗസ്ഥരോടുള്ള സര്‍ക്കാരിന്റെ സമീപനം മറ്റൊന്നായിരുന്നു. സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്ന അഭ്യര്‍ത്ഥന ഒരു ഉത്തരവായാണ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ എത്തിയത്. ഭൂരിപക്ഷം വരുന്ന സര്‍ക്കാരുദ്യോഗസ്ഥരും ഇതിനോട് സമ്മതം മൂളി. ചെറിയൊരു ശതമാനം ഉദ്യോഗസ്ഥര്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.

സാലറി ചലഞ്ചിനോട് എതിര്‍പ്പുമായി കോണ്‍ഗ്രസും ബി.ജെ.പിയുമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. സാലറി ചാലഞ്ചില്‍ പങ്കെടുത്ത ജീവനക്കാര്‍ എന്ന സര്‍ക്കാര്‍ കണക്കുകള്‍ എല്ലാം വ്യാജമാണെന്നും സെക്രട്ടറിയേറ്റില്‍ മാത്രം 1500 പേര്‍ വിസമ്മത പത്രം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ധനവകുപ്പില്‍ 173 പേരും, പൊതുഭരണ വകുപ്പില്‍ 70 പേരും, നിയമവകുപ്പില്‍ 40 പേരും വിസമ്മതപത്രം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. 70 ശതമാനം അധ്യാപകരും സാലറി ചാലഞ്ചിന് വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. പെന്‍ഷന്‍കാരോട് ഇഷ്ടമുള്ള തുക നല്‍കാനാണ് സര്‍ക്കാര്‍ പറഞ്ഞത്, ആ നിലപാട് സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തിലും പിന്തുടരണമായിരുന്നു ചെന്നിത്തല അഭിപ്രായപ്പെട്ടു.

ALSO READ: അമിത്ഷായുടെ വാക്ക്‌കേട്ട് സംഘപരിവാര്‍ ഇറങ്ങിത്തിരിച്ചാല്‍ അതിന്‍റെ ഫലം അനുഭവിക്കേണ്ടിവരും; മുഖ്യമന്ത്രി

കഴിഞ്ഞ സെപ്തംബര്‍ 11 ന് കേരളസര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് വിസമ്മതം അറിയിച്ചവര്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ പ്രതികാര നടപടിയായി മാറി.സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ “നോ സ്‌റ്റേറ്റ്‌മെന്റ്”, അതായത് വിസമ്മതപത്രം നല്‍കണമെന്നായിരുന്നു ഉത്തരവ്. ഈ ഉത്തരവ് വാസ്തവത്തില്‍ ശമ്പളം പിടിച്ചെടുക്കുന്ന തരത്തിലുള്ളതാണ്. “നോ സ്‌റ്റേറ്റ്‌മെന്റ്” നല്‍കാത്തവരുടെ 10% ശമ്പളം കുറക്കാനുള്ള ഉത്തരവു കൂടിയാണിത്. ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളില്‍ നിന്ന് പിടിച്ചു പറിക്കുന്ന നിലപാടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അവലംബിച്ചത്.

സര്‍ക്കാരിന്റെ സാലറി ചാലഞ്ചിനെതിരെ കേരള എന്‍.ജി.ഒ സംഘ് ഹൈക്കോടതിയില്‍ കേസ് നല്‍കി. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ഒക്ടോബര്‍ 9 സ്റ്റേ ചെയ്തു. താല്‍പര്യമുള്ളവരില്‍നിന്നു ശമ്പളം സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്നും സാലറി ചലഞ്ച് വിഷയത്തില്‍ സര്‍ക്കാരിനു നിര്‍ബന്ധബുദ്ധിയുണ്ടെന്ന കാര്യം പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

അപ്പോഴാണ് സാലറി ചലഞ്ചിനെതിരെ നിന്നവര്‍ സര്‍ക്കാരിന് ശത്രുക്കളായത്. ഇതിനെതിരെ നിന്നവര്‍ നാടിന്റെ വളര്‍ച്ചയെ സഹായിക്കാന്‍ തയ്യാറല്ലാത്തവരാണെന്നും വര്‍ഗവഞ്ചകരാണെന്നുമടക്കമുള്ള പ്രചരണങ്ങളായിരുന്നു പിന്നീട്.

തങ്ങള്‍ക്കാവുന്ന വിധത്തില്‍ പ്രളയത്തില്‍പ്പെട്ടവരെ സഹായിച്ചവരാണ് ഓരോ മലയാളിയും. പക്ഷേ സാലറി ചലഞ്ച് എന്ന പേരില്‍ ദുരിതാശ്വാസ നിധിയിലേക്ക് പോകുന്ന പണം എങ്ങനെ ഉപയോഗിക്കുന്നുവെന്നതിന് കൃത്യമായ കണക്കോ രൂപരേഖയോ ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഒരു വ്യക്തിയുടെ മൗലികാവകാശമാണ് ജോലിയെടുത്തതിന്റെ കൂലി ലഭിക്കുക എന്നത്. തങ്ങളുടെ പണം ഏത് രീതിയില്‍ ഉപയോഗിക്കുന്നുവെന്നറിയാനുള്ള ഒരു തൊഴിലാളിയുടെ അവകാശത്തെയാണ് സര്‍ക്കാര്‍ ഇതിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നു.

ALSO READ: മതവികാരം വൃണപ്പെടുത്തിയെന്ന കേസ്; രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി

 

സര്‍ക്കാര്‍ തുടര്‍നടപടികളുമായി പിന്നേയും മുന്നോട്ട് പോയി. സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന് അവിടേയും തിരിച്ചടി നേരിടേണ്ടി വന്നു. പണം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ശരിയാണെന്നും അതില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു.

മറ്റൊരു പ്രധാന നിരീക്ഷണം കൂടി കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. തങ്ങളുള്‍പ്പെടെയുള്ളവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ തുക പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നതിന് യാതൊരു ഉറപ്പും നിലവിലെ സാഹചര്യത്തില്‍ ഇല്ല. ജനങ്ങള്‍ക്കിടയില്‍ വിശ്വാസം ഉറപ്പാക്കിക്കൊണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള നടപടി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും കോടതി പറഞ്ഞു. ഇത് തന്നെയാണ് സാലറി ചലഞ്ചിനെതിരെ നിന്നവരും ഉന്നയിക്കുന്ന പ്രധാനവാദം.

എന്നാല്‍ സാലറി ചലഞ്ചില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സമ്മതിച്ചുകൊണ്ടായിരുന്നു ധനമന്ത്രി തോമസ് ഐസക് രംഗത്തുവന്നത്.കോടതി വിധി തിരിച്ചടിയാണെന്നും കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് സാലറി ചലഞ്ചിന്റെ ഉത്തരവില്‍ മാറ്റം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ സംഭാവനയായി ലഭിച്ച തുകയില്‍ 458 കോടി രൂപ ദുരിതാശ്വാസത്തിനായി ഉപയോഗിച്ചെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ഉപയോഗിച്ച പണത്തിന് കൃത്യമായ കണക്ക് വേണമെന്നും അത് ജനങ്ങളെ കൂടി അറിയിക്കണമെന്നുമായിരുന്നു സാലറി ചലഞ്ചിനെതിരെ നിന്നവരുടേയും വാദം.

ലിനിഷ മാങ്ങാട്
കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസം ഡിപ്ലോമ