സാലറി ചലഞ്ച്; സുപ്രീം കോടതി വിധി തിരിച്ചടിയെന്ന് തോമസ് ഐസക്
Kerala News
സാലറി ചലഞ്ച്; സുപ്രീം കോടതി വിധി തിരിച്ചടിയെന്ന് തോമസ് ഐസക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th October 2018, 5:12 pm

തിരുവനന്തപുരം: സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി തിരിച്ചടിയാണെന്ന് ധനമന്ത്രി തോമസ് ഐസക്.

സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമെ ഈ മാസം തുക ഈടാക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ഭൂരിപക്ഷം ജീവനക്കാരും സാലറി ചലഞ്ചിന് സമ്മത പത്രം നല്‍കിയിട്ടുണ്ടെന്നും പിരിക്കുന്ന തുക ദുരിതാശ്വാസത്തിന് വേണ്ടിമാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് സാലറി ചലഞ്ചിന്റെ ഉത്തരവില്‍ മാറ്റം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.നിലവില്‍ സംഭാവനയായി ലഭിച്ച തുകയില്‍ 458 കോടി രൂപ ദുരിതാശ്വാസത്തിനായി ഉപയോഗിച്ചെന്നും മന്ത്രി പറഞ്ഞു.

Also Read ശബരിമലയില്‍ സംരക്ഷണം യഥാര്‍ത്ഥ വിശ്വാസികള്‍ക്കു മാത്രമെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍

സാലറി ചലഞ്ചില്‍ പണം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ശരിയാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് വ്യക്തമാക്കിയത്.

കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളടക്കമുള്ളവര്‍ ധനസഹായം നല്‍കിയിട്ടുണ്ട്. പണം നല്‍കേണ്ടയെന്നാണ് തങ്ങളുടെ തീരുമാനമെങ്കില്‍ അത് അറിയിച്ചുകൊണ്ട് ഒരു വിസമ്മത പത്രം നല്‍കേണ്ട ആവശ്യകതയെന്താണെന്നും കോടതി ചോദിച്ചു. പല കാരണം കൊണ്ടും പണം നല്‍കാന്‍ കഴിയാത്തവരുണ്ടാകും. അവരെ ഒരു വിസമ്മത പത്രത്തിലൂടെ അപമാനിതരാക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

Doolnews Video