തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ ജീവനക്കാരുടെ ഒരുമാസത്ത ശമ്പളം ആവശ്യപ്പെട്ടുള്ള സാലറി ചലഞ്ചില്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് വിസമ്മതപത്രം നല്‍കാനുള്ള അവസരം ശനിയാഴ്ചയോടെ അവസാനിക്കും. അതാത് ഓഫീസിലെ ഡ്രായിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍ക്കാണ് (ഡി.ഡി.ഒ) ജീവനക്കാര്‍ വിസമ്മതപത്രം എഴുതിനല്‍കേണ്ടത്.
വിവരങ്ങള്‍ ശമ്പള വിതരണമായ സ്പാര്‍ക്കില്‍ ഡി.ഡി.ഒമാര്‍ ചേര്‍ക്കണം. എത്രപേര്‍ വിസമ്മതം അറിയിച്ചെന്ന് ഇത് വരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 40 ശതമാനം ഉദ്യോഗസ്ഥര്‍ വിസമ്മതം അറിയിച്ചതായാണ് പ്രതിപക്ഷ സംഘടനകള്‍ പറയുന്നത്.
സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് കഴിയുന്ന തുക സംഭാവന ചെയ്യുന്നതിന് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥരുടെ സംഘടനയില്‍ ചിലര്‍ ട്രൈബ്യൂണലിനെ സമീപിക്കും.
അതേസമയം സാലറി ചലഞ്ചിന് പിന്നാലെ പെന്‍ഷന്‍ ചലഞ്ചിന് സംഘടന പ്രതിനിധികളുമായി മന്ത്രി തോമസ് ഐസക് ഇന്ന് വൈകീട്ട് ചര്‍ച്ച നടത്തും, നാലുമണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലാണ് യോഗം. ഒരുമാസത്തെ പെന്‍ഷന്‍ ഒറ്റത്തവണയായോ അല്ലെങ്കില്‍ ഗഡുക്കളായോ നല്‍കണമെന്ന് പെന്‍ഷന്‍കാരോട് ആവശ്യപ്പെടും. സാലറി ചലഞ്ച് പോലെ ഉത്തരവിറക്കി പെന്‍ഷന്‍ പിടിക്കാനാവില്ല. സമ്മതമില്ലാതെ പെന്‍ഷന്‍ പിടിക്കരുതെന്ന് സുപ്രീംകോടതി വിധിയുമുണ്ട്.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഒരു മാസത്തെ സാലറി നല്‍കണമെന്ന് ആവശ്യപ്പെടുന്ന സാലറി ചലഞ്ച് സംബന്ധിച്ച് നിര്‍ദ്ദേശം സെപ്തംബര്‍ 11 നാണ് സര്‍ക്കാര്‍ ഇറക്കിയത്.