| Thursday, 21st September 2023, 7:15 pm

പ്രവാസികള്‍ പ്രതിസന്ധിയില്‍; ഇന്ത്യയിലേക്കുള്ള മുഴുവന്‍ സര്‍വീസും റദ്ദാക്കി സലാം വിമാനക്കമ്പനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മസ്‌ക്കറ്റ്: ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തും. വെബ്‌സൈറ്റില്‍ നിന്ന് അടുത്ത മാസം മുതലുള്ള ബുക്കിങ് സൗകര്യവും നീക്കിയിട്ടുണ്ട്. ബുക്കിങ് പണം തിരികെ നല്‍കും.

ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്കയച്ച സര്‍ക്കുലറില്‍ കമ്പനി വ്യക്തമാക്കി.

നിലവില്‍ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലേക്ക് സലാം എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും ജയ്പൂര്‍, ലഖ്നൗ എന്നിവിടങ്ങളിലേക്കുമാണ് സര്‍വീസ്. ചില കണക്ഷന്‍ സര്‍വീസുകളും നടത്തിവരുന്നുണ്ട്.

മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരം, ലഖ്നൗ, ജയ്പൂര്‍ സെക്ടറുകളിലേക്കും സലാലയില്‍ നിന്ന് കോഴിക്കോടേക്കുമാണ് നിലവില്‍ സലാം എയറിന്റെ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍. ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിയതായി വിമാന കമ്പനി അറിയിച്ചതായി ട്രാവല്‍ ഏജന്‍സികളും സ്ഥിരീകരിച്ചു.

വിമാനക്കമ്പനിയുടെ പുതിയ തീരുമാനം ഒമാനിലെ പ്രവാസികള്‍ക്ക് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്ന സലാം എയറിന്റെ പിന്മാറ്റം സാധാരണക്കാരായ മലയാളികടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ തിരിച്ചടിയാണ്.

അതേസമയം, എത്ര നാളത്തേക്കാണ് സര്‍വീസ് നിര്‍ത്തുന്നതെന്ന കാര്യത്തില്‍ അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല. നേരത്തെ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്ത എല്ലാ യാത്രക്കാര്‍ക്കും സര്‍വീസ് റദ്ദാക്കിയതായി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പൂര്‍ണമായും ടിക്കറ്റ് തുക റീഫണ്ട് നല്‍കും. റീഫണ്ട് ലഭിക്കുന്നതിനായി സലാം എയറിനെയോ ടിക്കറ്റ് വാങ്ങിയ അംഗീകൃത ഏജന്‍സികളെയോ ബന്ധപ്പെടാവുന്നതാണ്.

Content Highlights: Salam Air stops all services to India

We use cookies to give you the best possible experience. Learn more