2012ല്‍ കോഴിക്കോട് കടപ്പുറത്ത് സെറ്റിട്ട് “ഉസ്താദ് ഹോട്ടല്‍” കെട്ടിയുണ്ടാക്കുമ്പോള്‍ അന്‍വര്‍ റഷീദ് മനസ്സില്‍ പോലും കരുതിക്കാണില്ല ഒന്നര വര്‍ഷത്തിന്‌ശേഷം അതേ നഗരത്തില്‍നിന്നുതന്നെ അതിനൊരു ഡ്യൂപ്‌ളിക്കേറ്റ് ഇറങ്ങുമെന്ന്.
മാറ്റിനി / കെ.കെ രാഗിണി
[]പത്രമെടുത്തു തുറന്നാലും റിമോട്ടമര്‍ത്തി ചാനല്‍ തുറന്നാലും കേള്‍ക്കുന്ന വാര്‍ത്ത വിമാനത്താവളങ്ങളിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി എന്ന വാര്‍ത്തയാണ്. ഇസ്തിരിപ്പെട്ടിയുടെ അകത്തെ കോയിലിന്റെ രൂപത്തിലും ഗ്രീസിന്റെ രൂപത്തിലുമൊക്കെ കടത്താന്‍ ശ്രമിച്ചിട്ടും ഈ കള്ളക്കടത്ത് പിടിക്കപ്പെടുന്നു. (പിടിക്കാതെ പോകുന്നത് ഇതിലുമെത്രയോ ആയിരിക്കുമെന്ന പഴമൊഴിയോട് തല്‍ക്കാലം മത്സരിക്കുന്നില്ല).
അതേപോലെ, പല പല വേഷത്തില്‍ മാറിമാറി വന്നിട്ടും പിന്നെയും പിന്നെയും പിടിക്കപ്പെടുന്ന ആ പഴയ ജഗതി കഥാപാത്രത്തെ ഓര്‍മിപ്പിച്ചുകളഞ്ഞു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സലാല മൊബൈല്‍സ്.
2012ല്‍ കോഴിക്കോട് കടപ്പുറത്ത് സെറ്റിട്ട് “ഉസ്താദ് ഹോട്ടല്‍” കെട്ടിയുണ്ടാക്കുമ്പോള്‍ അന്‍വര്‍ റഷീദ് മനസ്സില്‍ പോലും കരുതിക്കാണില്ല ഒന്നര വര്‍ഷത്തിന്‌ശേഷം അതേ നഗരത്തില്‍നിന്നുതന്നെ അതിനൊരു ഡ്യൂപ്‌ളിക്കേറ്റ് ഇറങ്ങുമെന്ന്.
സലാല മൊബൈല്‍സ് എന്ന ഡ്യൂപ്‌ളിക്കേറ്റ് കണ്ടിറങ്ങിയപ്പോള്‍ അന്‍വര്‍ റഷീദിനെയും അഞ്ജലി മേനോനെയും മനസ്സില്‍ തൊഴുതുപോയി.
കൊറിയയില്‍നിന്നും ജപ്പാനില്‍നിന്നും ലാറ്റിനമേരിക്കയില്‍നിന്നുമുള്ള സിനിമകള്‍ ടോറന്റ് വഴി ഡൗണ്‍ലോഡ് ചെയ്ത് ഈച്ച കോപ്പിയടിച്ച് മലയാളത്തില്‍ പരീക്ഷണാത്മക ന്യൂജനറേഷന്‍ സിനിമകള്‍ ഇറക്കി കളിക്കുന്ന കാലമാണിത്. അത്രയൊന്നും മെനക്കെടാതെ കുന്ദംകുളം സ്‌റ്റൈലില്‍ സ്വന്തം നാട്ടില്‍നിന്നുതന്നെ സിനിമ കോപ്പിയടിക്കാമെന്ന് തെളിയിക്കുകയാണ് ശരത് എ. ഹരിദാസന്‍ എന്ന നവാഗതന്‍.
ദുല്‍ഖര്‍ സല്‍മാന്‍, മാമുക്കോയ, ഗോപീസുന്ദര്‍, കുറ്റിച്ചിറയിലെ കൂറ്റന്‍ പഴയ മാളികകള്‍, കോഴിക്കോട് കടപ്പുറം, ഖവാലി, സൂഫി സംഗീതം ഇത്യാദി ചേരുവകള്‍ ചേരുംപടി ചേര്‍ത്തുവെച്ചുകൊണ്ടു മാത്രമല്ല ശരത് ഈ കോപ്പിയെഴുത്ത് നിര്‍വഹിച്ചിരിക്കുന്നത്. കഥാഗതിയും സഞ്ചാരപഥങ്ങളുമൊക്കെ വിട്ടുപോകാതെ പൂരിപ്പിച്ചുകൊണ്ടുമാണ്.
ഫതീഹ് അകിന്‍ എന്ന ജര്‍മന്‍ സംവിധായന്‍ 2009ല്‍ ചെയ്ത “സോള്‍ കിച്ചണെ” മാതൃകയാക്കിയാണ് അന്‍വര്‍ റഷീദ് ഉസ്താദ് ഹോട്ടല്‍ പിടിച്ചത്. ഭക്ഷണം വിശപ്പടക്കാനുള്ള ഒരു ഉപാധി എന്നതിനപ്പുറം അതില്‍ അടങ്ങിയിരിക്കുന്ന മിസ്റ്റിക് ഭാവത്തെ കണ്ടത്തെുകയായിരുന്നു അകിന്‍ സിനിമയുടെ സാരാംശം.
ആ സാരാംശം മാത്രം കടമെടുത്ത് ബാക്കിയെല്ലാം മലയാള മണ്ണിലേക്ക് സമര്‍ത്ഥമായി സന്നിവേശിപ്പിച്ചായിരുന്നു ഉസ്താദ് ഹോട്ടല്‍ സിനിമയായത്. അത് ചില്ലറ അധ്വാനം വേണ്ട കര്‍മമായിരുന്നില്ല.
എന്നാല്‍, അത്രയൊന്നും കഷ്ടപ്പെടാതെ ഒരു സിനിമയുണ്ടാക്കി പ്രേക്ഷകരെയും കേരള പോലീസിനെയും ഒരേ സമയം വിഢിയാക്കിയിരിക്കുകയാണ് ശരത്.
സ്ഥിരമായി ഒരു കടയില്‍നിന്ന് റീചാര്‍ജ് ചെയ്യുന്നവരുടെ ഫോണ്‍ സംഭാഷണങ്ങളാണ് ടാപ്പ് ചെയ്യപ്പെടുന്നത് എന്നുപോലും മനസ്സിലാക്കാന്‍ കഴിയാത്ത ഊളന്മാരാണ് കേരളപോലീസ്. അടുത്തിടെയായി പോലീസിനെ ഇങ്ങനെ ഊളന്മാരാക്കുന്നത് സിനിമയില്‍ വര്‍ധിച്ചുവരുന്നുണ്ട്. ദൃശ്യത്തിലും ഇത് കണ്ടതാണ്.
കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും വാങ്ങുന്ന പച്ചക്കറിയിലും പഴത്തിലുമെല്ലാം മായം കലര്‍ന്ന ഈ കാലത്ത് സിനിമയില്‍ മാത്രമായി അതുണ്ടാവരുതെന്ന് ശഠിക്കുന്നതെങ്ങനെ…?
എന്നാലും വേണ്ടേ ചേട്ടാ ചിലതെങ്കിലും വേറിട്ട്….!
ഉസ്താദ് ഹോട്ടലില്‍ ഫൈസിയുടെയും കരീമിന്റെയും കഥ പറയുന്നത് മാമുക്കോയയുടെ ശബ്ദത്തിലാണ്. സലാലയില്‍ അത് ശ്രീനിവാസന്റെ ശബ്ദമാകുന്നു. ഫ്രഞ്ച് കോമഡി ട്രാക്കിലായിരുന്നു ഉസ്താദ് ഹോട്ടലിന്റെ തുടക്കമെങ്കില്‍ അതേ പാതയില്‍ സഞ്ചരിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുകയാണ് ഇവിടെ.
മമാസിന്റെ “പാപ്പീ അപ്പച്ചാ” മാതൃകയില്‍ ഗ്രാഫിക്‌സിന്റെയൊക്കെ അമിതോപയോഗത്തിലൂടെ വേറിട്ടതെന്ന് തോന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു തുടക്കമായിരുന്നെങ്കിലും കുറച്ചുകഴിയുമ്പോള്‍ ഒക്കെ പതിവുപടിയാകുന്നു.
അന്‍വര്‍ റഷീദ് ഹോട്ടലിനെ പശ്ചാത്തലമാക്കിയപ്പോള്‍ ശരത് ഒരു മൊബൈല്‍ കടയിലേക്ക് കയറിപ്പോകുന്നു. അത് ഫൈസിയാണെങ്കില്‍ ഇത് അഫ്‌സല്‍. രണ്ടിലും ദുല്‍ഖര്‍ സല്‍മാന്‍. ഫൈസി പഠിപ്പൊക്കെയുള്ളവനായിരുന്നു. അഫ്‌സല്‍ കുഴിമടിയനായ, അലസനായ പ്രത്യേക ലക്ഷ്യമൊന്നുമില്ലാത്ത ചെറുപ്പക്കാരന്‍.
ബാപ്പയില്ലാത്ത അഫ്‌സലിന് ശേഷിക്കുന്ന കാലം മുഴുവനും ചിക്കന്‍ ബിരിയാണിയും മന്തിയും വെച്ചുവിളമ്പുന്ന ഉമ്മ (ഗീത). ഗള്‍ഫില്‍നിന്ന് നാട്ടിലത്തെിയ അഫ്‌സലിന്റെ ഉമ്മയുടെ സഹോദരന്‍ (പഴയ നടന്‍ ജോസ്) മരുമകന്റെ മടി മാറ്റാന്‍ കണ്ടത്തെിയ മാര്‍ഗമാണ് ഒരു മൊബൈല്‍ ഫോണ്‍ കട.
ഒരേയൊരു കണ്ടീഷനേ അമ്മാവന്‍ വെച്ചുള്ളു. ദീര്‍ഘകാലം ചോറുതന്ന ഒമാനിലെ ആ നാടിന്റെ, സലാലയുടെ പേരിടണം കടയ്ക്ക്. സലാല മൊബൈല്‍സ്. മൊബൈല്‍ ടെക്‌നീഷ്യനായ ബിനോയി (ജേക്കബ് ഗ്രിഗറി)യാണ് അഫ്‌സലിന്റെ സഹായി. എ.ബി.സി.ഡി എന്ന സിനിമയുടെ സാമ്പത്തിക വിജയം കണ്ടിട്ടാവാം ദുല്‍ഖറിന് ഗ്രിഗറിയെ ഈ ചിത്രത്തിലും സഹായിയാക്കിയത്.
കടയുടെ എതിര്‍വശത്തുള്ള ബസ് സ്‌റ്റോപ്പില്‍ സ്ഥിരമായി വന്നിറങ്ങുകയും പോവുകയും ചെയ്യുന്ന സുന്ദരിയായ ഷഹാന (നസ്‌റിയ നാസിം)യെ ആദ്യ ദര്‍ശനമാത്രയില്‍തന്നെ അഫ്‌സലിന് അനുരാഗം ജനിക്കുന്നു. (ആദ്യദര്‍ശനാനുരാഗം എന്ന പഴയ വീഞ്ഞ്…).
അതിനിടയില്‍ കടയില്‍ കയറിവരുന്ന ഒരു കോടങ്കി (ജനാര്‍ദ്ദനന്‍) 100 രൂപ റീചാര്‍ജ് ദക്ഷിണയായി സ്വീകരിച്ച് അഫ്‌സലിന് കൈവരാന്‍ പോകുന്ന സൗഭാഗ്യം പ്രവചിക്കുന്നു. അയാള്‍ക്ക് അധികം വൈകാതെ ഒരു യന്ത്രം കിട്ടുമത്രെ, മറ്റുള്ള മനുഷ്യരുടെ മനസ്സ് വായിക്കുന്ന യന്ത്രം.
അവിടെയാണ് ഉസ്താദ് ഹോട്ടലിലേതിന് സമാനമായ ഒരു തമിഴ്‌നാട് എപ്പിസോഡ് ആരംഭിക്കുന്നത്. മധുരയിലേക്ക് കരീമിക്ക പേരക്കുട്ടിയെ കത്തും കൊടുത്തുവിടുന്നത് എങ്ങനെ ഭക്ഷണം ഉണ്ടാക്കണമെന്ന് പഠിക്കാനല്ല എന്തിന് ഭക്ഷണം ഉണ്ടാക്കണം എന്ന് പഠിക്കാനാണ്. അത് ഭക്ഷണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയാണ് ഫൈസിയെ തിരികെ കേരളത്തിലത്തെിക്കുന്നത്. (എന്നിട്ട് അയാളില്‍ അതെന്തു മാറ്റമാണുണ്ടാക്കിയതെന്ന ചോദ്യം ബാക്കിയാണ്)
അഫ്‌സല്‍ കോയമ്പത്തൂരില്‍ വന്നിറങ്ങുന്നത് കൂട്ടുകാരന്റെ (എസ്.പി. ശ്രീകുമാര്‍) ക്ഷണം സ്വീകരിച്ചാണ്. കൂട്ടുകാരന്‍ പരിചയപ്പെടുത്തിയ പിരിവട്ടന്‍ എഞ്ചിനിയര്‍ അളകര്‍ സ്വാമി (തമിഴ്‌നടന്‍ സന്താനം) നല്‍കിയ യന്ത്രമാണ് കോടങ്കി പ്രവചിച്ച മനസ്സ് വായിക്കുന്ന യന്ത്രം. കേട്ട് അന്തം വിടുകയൊന്നും വേണ്ട. മറ്റുള്ളവരുടെ മൊബൈല്‍ സംഭാഷണങ്ങള്‍ രഹസ്യമായി ടാപ്പ് ചെയ്യാനുള്ള ഒരു സോഫ്‌റ്റ്വെയര്‍ അടങ്ങിയ കമ്പ്യൂട്ടറും അതിന് സഹാകമാകുന്ന ഒരു മൊബൈല്‍ ആപ്‌ളിക്കേഷനുമാണ് ഈ “അതിശയ യന്തിരം”.
തന്റെ കടയില്‍ റീച്ചാര്‍ജ് ചെയ്യാന്‍ വരുന്നവരുടെ മൊബൈലിലേക്ക് അഫ്‌സലും ബിനോയിയും ഈ ആപ് രഹസ്യമായി കടത്തിവിടുന്നു. രാത്രിയില്‍ രഹസ്യമായി അവരുടെ മൊബൈലിലെ രഹസ്യഭാഷണങ്ങള്‍ കേട്ട് ഇക്കിളികൊള്ളുന്നു. നായകന്‍ സദ്ഗുണ സമ്പന്നനായതുകൊണ്ട് ഇക്കിളിയില്‍ താല്‍പര്യമില്ല. അത് കീഴാളനായ സഹായിയുടെ ചുമലില്‍ കെട്ടിവെക്കുന്നു.
തൊട്ടപ്പുറത്തെ മുറിയില്‍ കിടന്നുറങ്ങുന്ന ഉമ്മ പോലുമറിയാതെയാണ് 5.1 സിസ്റ്റത്തില്‍ ഇവരുടെ രാത്രി പരിപാടി. സമ്മതിക്കണം!
കൂട്ടത്തില്‍ ഷഹാനയുടെ മൊബൈലിലും ഈ ആപ് വെക്കുന്നുണ്ട്. ദിവസവും 100 രൂപ റീചാര്‍ജ് ചെയ്യുന്ന അവളുടെ രാത്രിഭാഷണങ്ങളില്‍നിന്ന് അവളുടെ ഉമ്മയും ബാപ്പയുമായുള്ള അസ്വാരസ്യങ്ങള്‍ അറിയുന്നു. പിന്നെ കൂടുതല്‍ സഹതാപം.
അന്‍വര്‍ റഷീദ് ഹോട്ടലിനെ പശ്ചാത്തലമാക്കിയപ്പോള്‍ ശരത് ഒരു മൊബൈല്‍ കടയിലേക്ക് കയറിപ്പോകുന്നു
ഇടയക്ക് കൂട്ടുകാരന്‍ മനാഫിന് അവളോട് പ്രണയമാണെന്ന അവകാശവാദങ്ങള്‍ ഉണ്ടാക്കുന്ന അസ്വാരസ്യങ്ങള്‍.
അതിനിടയില്‍ തങ്ങളുടെ ഫോണുകള്‍ ടാപ്പ് ചെയ്യുന്നതായി അനേകംപേര്‍ പോലീസില്‍ പരാതി നല്‍കുന്നു. അത് കണ്ടുപിടിക്കാന്‍ പൊലീസ് കമ്മീഷണര്‍ (പതിവ് പോലെ സിദ്ദീഖ്) നടത്തുന്ന അന്വേഷണങ്ങള്‍ എല്ലാം പരാജയപ്പെടുന്നു.
സ്ഥിരമായി ഒരു കടയില്‍നിന്ന് റീചാര്‍ജ് ചെയ്യുന്നവരുടെ ഫോണ്‍ സംഭാഷണങ്ങളാണ് ടാപ്പ് ചെയ്യപ്പെടുന്നത് എന്നുപോലും മനസ്സിലാക്കാന്‍ കഴിയാത്ത ഊളന്മാരാണ് കേരളപോലീസ്. അടുത്തിടെയായി പോലീസിനെ ഇങ്ങനെ ഊളന്മാരാക്കുന്നത് സിനിമയില്‍ വര്‍ധിച്ചുവരുന്നുണ്ട്. ദൃശ്യത്തിലും ഇത് കണ്ടതാണ്.
സിനിമയിലും ഹെല്‍മെറ്റ് വെച്ചേ ബൈക്കോടിക്കാവൂ എന്ന ഋഷിരാജ് സിംഗിന്റെ പ്രഖ്യാപനത്തോടുള്ള സിനിമക്കാരുടെ പകപോക്കലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഫഹദ് ഫാസിലും ഇന്ദ്രജിത്തും പൃഥ്വിരാജും അഭിനയത്തിന്റെ മഹേന്ദ്രജാലങ്ങള്‍ കാണിക്കുന്ന മലയാള സിനിമയില്‍ മമ്മൂട്ടിയുടെ മകന്‍ എന്ന മേല്‍വിലാസത്തില്‍ പിതാവിന്റെ ഫാന്‍സ് അസോസിയേഷന്റെ പിന്‍ബലത്തില്‍ അധികകാലം ദുല്‍ഖര്‍ സല്‍മാന് പിടിച്ച്‌നില്‍ക്കാനാവില്ല.
കുടുംബത്തെ രക്ഷിക്കാന്‍ കൊലപാതകത്തെ മഹത്വവത്കരിച്ചതുപോലെ കാമുകീ കാമുകന്മാരുടെ സമാഗമത്തിനായി അന്യന്റെ മൊബൈല്‍ ഫോണ്‍ ടാപ്പ് ചെയ്യുക എന്ന വൃത്തികെട്ടതും ക്രിമിനലുമായ കുറ്റകൃത്യത്തെ സലാല മൊബൈല്‍സ് മഹത്വവത്കരിച്ചിരിക്കുകയാണ്.
നാട്ടില്‍ ഒരു ചൊല്ലുണ്ട്. “നമ്മള്‍ ഇട്ടാല്‍ ട്രൗസര്‍, നിങ്ങളിട്ടാല്‍ ബര്‍മുഡ”. അതുപോലെയാണ് സിനിമയുടെ കാര്യവും. നായകന്‍ ചെയ്താല്‍ മഹത്തായ ഒളിഞ്ഞുനോട്ടം. നാട്ടുകാരായാല്‍ പത്രത്തിലെ പെട്ടിക്കോളം വാര്‍ത്ത.
പെണ്ണെന്നാല്‍ വെച്ചുവിളമ്പലും കരച്ചിലും മാത്രമാണെന്ന സങ്കല്‍പ്പത്തെ തെല്ലും തിരുത്തില്ലാതെ ഈ സിനിമയും ആവര്‍ത്തിക്കുന്നുണ്ട്.
അഭിനേതാക്കളല്ല കാഴ്ചക്കാര്‍
കാര്യമായി ഒന്നും ചെയ്യാനോ തെളിയിക്കാനോ ഇല്ലാത്ത നടീനടന്മാരുടെ പ്രകടനങ്ങളില്‍ ഒരല്‍പം ആശ്വാസം തമിഴ് നടന്‍ സന്താനമാണ്. നസ്‌റിയയിലെ നടി ഇനിയും മാറ്റ് തെളിയിക്കേണ്ടിയിരിക്കുന്നു.
വെള്ളിത്തിരയില്‍നിന്ന് റിട്ടയര്‍ ചെയ്തവര്‍ക്ക് കരാര്‍ നിയമനം കൊടുത്ത് വീണ്ടും കൊണ്ടുവന്ന് പുതുമ സൃഷ്ടിക്കുന്ന രീതി അടുത്തിടെ ആഷിഖ് അബു വിജയകരമായി നടത്തിയ ഒരേര്‍പ്പാട് ആണ്. 22 ഫീമെയില്‍ കോട്ടയത്തില്‍ പ്രതാപ് പോത്തനെയും സത്താറിനെയും ഇടുക്കി ഗോള്‍ഡില്‍ രവീന്ദ്രനെയും ബാബു ആന്റണിയെയും ഇറക്കി പരീക്ഷിച്ചപോലെ എഴുപതുകളിലെ റൊമാന്റിക് ഹീറോ ജോസിനെ ചെറിയ ഒരു റോളില്‍ പരീക്ഷിച്ചിട്ടുണ്ട് ഈ സിനിമയില്‍.
ഫഹദ് ഫാസിലും ഇന്ദ്രജിത്തും പൃഥ്വിരാജും അഭിനയത്തിന്റെ മഹേന്ദ്രജാലങ്ങള്‍ കാണിക്കുന്ന മലയാള സിനിമയില്‍ മമ്മൂട്ടിയുടെ മകന്‍ എന്ന മേല്‍വിലാസത്തില്‍ പിതാവിന്റെ ഫാന്‍സ് അസോസിയേഷന്റെ പിന്‍ബലത്തില്‍ അധികകാലം ദുല്‍ഖര്‍ സല്‍മാന് പിടിച്ച്‌നില്‍ക്കാനാവില്ല. സ്വന്തമായി ഒര് ഇരിപ്പിടം ഇനിയും കണ്ടത്തെിയില്‌ളെങ്കില്‍ നൂല് പൊട്ടിയ “പട്ടംപോലെ” ആയിപ്പോകുമെന്നുകൂടി സ്‌നേഹത്തോടെ ഓര്‍മപ്പെടുത്തട്ടെ.
കട്ട്.. കട്ട്.. കട്ട്..
[]ഒരു വ്യാഴവട്ടക്കാലത്തിലേറെ സിനിമയ്ക്ക് പിന്നില്‍ നിന്നയാളാണ് ശരത് എ. ഹരിദാസന്‍. അതുകൊണ്ടായിരിക്കാം ന്യൂ ജനറേഷന്റെ പ്രണയത്തെക്കുറിച്ച് മൂപ്പര്‍ക്കിപ്പോഴും പഴയ ജനറേഷന്റെ കാഴ്ചപ്പാടുതന്നെയാണ്. പ്രണയം തിരിച്ചറിയുമ്പോള്‍ ന്യൂ ജനറേഷനും കഞ്ചാവ് തലയ്ക്ക് പിടിച്ചതുപോലെ അന്തംവിട്ട് നില്‍ക്കുമെന്നാണ് സംവിധായകന്‍ വിചാരിച്ചിരിക്കുന്നത്.
ഗോപീ സുന്ദറിനെ അടുത്തിടെ ഫേസ്ബുക്കില്‍ “കോപ്പിസുന്ദര്‍” എന്ന് വിളിച്ചത് കാണാനിടയായി. ഈ ചിത്രത്തിലും ചില ഖവാലികളില്‍ ആ കോപി കാണാനുണ്ടെങ്കിലും കേള്‍ക്കാന്‍ സുഖമുള്ളതാണ് ആ പാട്ടുകള്‍.
ഖവാലിക്കൊപ്പമുള്ള നൃത്തരംഗങ്ങളില്‍ മാത്രമേ ഞാന്‍ ഈ ചിത്രത്തില്‍ സംവിധായകനെ കണ്ടുള്ളു. വാസ്തവത്തില്‍ ഒറിജിനലെന്ന് തെറ്റിദ്ധരിച്ച് വാങ്ങിയ ഒരു ചൈനാ ഫോണായിപ്പോയി സലാല മൊബൈല്‍.
സിനിമ: സലാല മൊബൈല്‍സ്
സംവിധായകന്‍: ശരത്.എ.ഹരിദാസന്‍
നിര്‍മാണം: ആന്റോ ജോസഫ്
രചന: ശരത്. എ ഹരിദാസന്‍
അഭിനേതാക്കള്‍: ദുല്‍ഖര്‍ സല്‍മാന്‍, നസ്‌റിയ നാസിം, സന്താനം,
സിദ്ദീഖ്, ഗീത, നാരായണന്‍കുട്ടി,
മാമുക്കോയ, ജനാര്‍ദ്ദനന്‍, ടിനിടോം, രവീന്ദ്രന്‍
സംഗീതം: ഗോപീ സുന്ദര്‍
ഛായാഗ്രഹണം: സതീശ് എം കുറുപ്പ്
കെ.കെ രാഗിണിയുടെ മറ്റ് സിനിമ റിവ്യൂകള്‍ വായിക്കാം
ഈ ദൃശ്യങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കും…
അന്ധതയുടെ വര്‍ണങ്ങള്‍ അഥവാ ആര്‍ട്ടിസ്റ്റ്
കുഞ്ഞനന്തന്റെ ബി.ഒ.ടി കട
ദൈവത്തിന്റെ വേഷത്തിലെ ചെകുത്താന്‍ കളികള്‍
ലേഖികയുടെ ഇ-മെയില്‍ വിലാസം : kkragini85@gmail.com