ലണ്ടന്‍: ഫുട്ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം ലിവര്‍പൂള്‍ താരം മുഹമ്മദ് സലായ്ക്ക്. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കന്‍ താരമാണ് സലാഹ്. ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ ഹാരി കെയ്ന്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡി ബ്രുയ്ന്‍ എന്നിവരെ പിന്തള്ളിയാണ് സലാഹ് ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയത്.
39.5മില്യണ്‍ പൗണ്ടിന് റോമയില്‍ നിന്ന് ലിവര്‍പൂളില്‍ എത്തിയ സലാഹ് പ്രീമിയര്‍ ലീഗ് കാലഘട്ടത്തില്‍ ഈ അവാര്‍ഡ് നേടുന്ന മൂന്നാമത്തെ ലിവര്‍പൂള്‍ താരമാണ്. 2009ല്‍ ജെറാര്‍ഡും 2014ല്‍ ലൂയിസ് സുവാരസുമാണ് അവാര്‍ഡ് നേടിയ മറ്റു പ്രീമിയര്‍ ലീഗ് താരങ്ങള്‍. പ്രീമിയര്‍ ലീഗില്‍ 34 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകള്‍ നേടി സലാ മികച്ച ഫോമിലാണ്. ഈ സീസണില്‍ എല്ലാ മത്സരങ്ങളിലും കൂടി താരം ആകെ 43 ഗോളുകളും ഈജിപ്ഷ്യന്‍ താരം നേടിയിട്ടുണ്ട്.
Read Also : അവിസ്മരണീയ ക്യാച്ചുമായി ഡി കോക്കും കോഹ്‌ലിയും; പുറത്താക്കിയത് രോഹിത്തിനെയും ഹാര്‍ദിക്കിനെയും
നാന്നൂറിന് മുകളില്‍ ഫുട്ബോള്‍ എഴുത്തുകാര്‍ വോട്ട് ചെയ്താണ് സലാഹിനെ തിരഞ്ഞെടുത്തത്. സെര്‍ജിയോ അഗ്യൂറോ, ക്രിസ്ത്യന്‍ എറിക്സണ്‍, റോബര്‍ട്ടോ ഫെര്‍മിനോ, ഡേവിഡ് സില്‍വ എന്നിവരും മത്സരത്തിനുണ്ടായിരുന്നു. രണ്ടാമതെത്തിയ ഡി ബ്രുയിനേക്കാള്‍ സലാഹിന് 20 വോട്ടുകളാണ് കൂടുതല്‍ ലഭിച്ചത്. നേരത്തെ പി.എഫ്.എയുടെ പുരസ്‌കാരവും സലാഹ് നേടിയിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്നു പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം നേടുന്ന ആദ്യ താരമെന്ന നേട്ടവും സലാഹ് നേരത്തെ സ്വന്തമാക്കിയിരുന്നു. ലിവര്‍പൂളിന് വേണ്ടി സീസണില്‍ നാല്പതിന് മുകളില്‍ ഗോളുകള്‍ നേടുന്ന മൂന്നാമത്തെ താരം, സീസണില്‍ മുപ്പത് ഗോളുകള്‍ നേടുന്ന ആദ്യ ആഫ്രിക്കന്‍ താരം എന്നീ റെക്കോഡുകളും ഈജിപ്ഷ്യന്‍ താരത്തിന്റെ പേരിലാണ്. റോമയില്‍ നിന്ന് 34 മില്യണ്‍ യൂറോയ്ക്കാണ് സലാഹ് ലിവര്‍പൂളിലെത്തിയത്.