ലിവര്‍പൂളിന് വട്ടംവെക്കാന്‍ ആ ടീമുകള്‍ക്ക് മാത്രമേ പറ്റുകയുള്ളൂ; പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരെ കുറിച്ച് ലീവര്‍പൂള്‍ സൂപ്പര്‍താരം
Football
ലിവര്‍പൂളിന് വട്ടംവെക്കാന്‍ ആ ടീമുകള്‍ക്ക് മാത്രമേ പറ്റുകയുള്ളൂ; പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരെ കുറിച്ച് ലീവര്‍പൂള്‍ സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st August 2022, 8:06 pm

ലോകത്തിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരിലെരാളാണ് ഈജിപ്ഷ്യന്‍ ഫോര്‍വേഡായ മുഹമ്മദ് സലാ. അന്താരാഷ്ട്ര ടീമിലും പ്രീമിയര്‍ ലീഗിലും ഫോര്‍വേഡില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത നിറസാന്നിധ്യമാണ് അദ്ദേഹം. ലിവര്‍പൂളിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് അദ്ദേഹം.

പ്രീമിയര്‍ ലീഗിലെ വന്‍ ശക്തികളായ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയും തോമസ് ടുഷെലിന്റെ ചെല്‍സിയും ലിവര്‍പൂളിന് പ്രീമിയര്‍ ലീഗില്‍ കിരീടമുയര്‍ത്തുന്നതിന് വെല്ലുവിളിയാകുമെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ക്ലോപ്പിന്റെ കീഴില്‍ ആദ്യ രണ്ട് മത്സരത്തിലും സമനില പിടിച്ചുകൊണ്ടാണ് ലിവര്‍പൂള്‍ സീസണ്‍ ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ മറുവശത്ത് മാഞ്ചസ്റ്റര്‍ സിറ്റി വന്‍ കുതിപ്പാണ് നടത്തികൊണ്ടിരിക്കുന്നത്. ചെല്‍സിയും മികച്ച പ്രകടനവുമായി കട്ടക്ക് കൂടെ നില്‍ക്കുന്നുണ്ട്. എന്നാല്‍ മുന്‍ സീസണുകളെ അപേക്ഷിച്ച് മികച്ച ഒരു സ്‌ക്വാഡ് ചെല്‍സിക്കില്ല.

ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ ലിവര്‍പൂളിനും പോയിന്റുകള്‍ നഷ്ടപ്പെടുത്താന്‍ കഴിയില്ല എന്നാണ് സലാ പറയുന്നത്.

ആദ്യ രണ്ട് മത്സരത്തിലും വിജയം കണ്ടെത്താന്‍ സാധിക്കാതിരുന്ന ലിവര്‍പൂളിനെ അടുത്ത മത്സരത്തില്‍ വിജയിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ മത്സരങ്ങളില്‍ പോയിന്റ നഷ്ടപ്പെടുന്നത് എനിക്കും ടീമംഗങ്ങള്‍ക്കും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സലാ കൂട്ടിച്ചേര്‍ത്തു.

ചെല്‍സിയോടും സിറ്റിയോടുമാണ് നമ്മള്‍ മത്സരിക്കുന്നതെന്നും അവര്‍ എളുപ്പം പോയിന്റ് കളയുന്ന ടീമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘സീസണിന്റെ തുടക്കത്തില്‍ തന്നെ പോയിന്റ് നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്ന് ടീമിലെ ആരും ആഗ്രഹിക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്.

‘നിങ്ങള്‍ സിറ്റിയുമായും ചെല്‍സിയുമായുമാണ് ഒന്നാമതെത്താന്‍ പോരാടുന്നത്. എളുപ്പത്തില്‍ പോയിന്റ് നഷ്ടപ്പെടുത്താത്ത ടീമുകളാണ് അവര്‍. ഞങ്ങള്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ച് മത്സരങ്ങള്‍ വിജയിക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു,’ സലാ പറഞ്ഞു.

അടുത്ത മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് ലിവര്‍പൂള്‍ നേരിടുക. രണ്ട് മത്സരം കളിച്ച യുണൈറ്റഡ് രണ്ടിലും പരാജയമേറ്റുവാങ്ങിയിരുന്നു.

Content Highlight: Salah Says Liverpool’s Main challenges in Premiere league