| Thursday, 31st May 2018, 11:04 pm

പരിക്ക് പാപത്തിന്റെ ഫലം; മുഹമ്മദ് സലയ്‌ക്കെതിരെ ഇസ്ലാമിക പുരോഹിതന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കുവൈത്ത്: ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം സലായുടെ പരിക്ക് ദൈവത്തിന്റെ ശിക്ഷയാണെന്ന് ഇസ്ലാമിക പുരോഹിതന്‍. നോമ്പെടുക്കാതെ കളിക്കിറങ്ങിയത് കൊണ്ട് സലയ്ക്ക് ദൈവം കൊടുത്ത ശിക്ഷയാണ് പരിക്കെന്നാണ് ഇസ്ലാമിക പുരോഹിതനായ മുബാറക് അല്‍ ബതാലി പറയുന്നത്.

സലയുടെ പരിക്കിന് കാരണം സല മാത്രമാണ്, അത് സ്വയം വരുത്തി വെച്ചതാണ്. മത്സരത്തിന് വേണ്ടി നോമ്പ് കളഞ്ഞത് അംഗീകരിക്കാനാവില്ല, അല്‍ ബതാലി പറഞ്ഞു.

ദൈവമാണ് സലയെ ശിക്ഷിച്ചത്. അയാള്‍ ചെയ്ത പാപത്തിന്റെ ഫലമാണത്. അത് അയാള്‍ തന്നെ അനുഭവിക്കണം. പരിക്ക് നല്ലതിനാണ്. പശ്ചാതാപത്തിന്റെ വാതില്‍ സലയ്ക്കായി തുറന്നിട്ടിരിക്കുന്നു, അല്‍ ബതാലി കൂട്ടിച്ചേര്‍ത്തു.

ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ തോളിന് പരിക്കേറ്റ മുഹമ്മദ് സല വിശ്രമത്തിലാണ്. വേള്‍ഡ് കപ്പ് പ്രാഥമിക മത്സരങ്ങള്‍ സലയ്ക്ക് നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സല തിരിച്ചെത്തിയില്ലെങ്കില്‍ ലോകകപ്പ് പ്രതീക്ഷകള്‍ തന്നെ തുലാസിലാവുന്ന ഈജിപ്തിലെ ആരാധകര്‍ പ്രാര്‍ത്ഥനയിലാണ്.

നോമ്പെടുത്ത ശേഷമേ ചാം പ്യന്‍സ് ലീഗ് ഫൈനലില്‍ ഇറങ്ങൂ എന്ന് സല നേരത്തെ പറഞ്ഞിരുന്നുവെങ്കിലും, ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more