| Monday, 16th September 2019, 11:34 am

ആര്‍.എസ്.എസ് കൈയ്യേറ്റത്തിനെതിരെ സമരം ചെയ്യുന്ന പുഷ്പാഞ്ജലി സ്വാമിയാരുടെ സാളഗ്രാമങ്ങള്‍ കാണാതായി; പിന്നില്‍ സേവാഭാരതിയെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഞ്ചിറമഠത്തിലെ ആര്‍.എസ്.എസുകാരുടെ കൈയ്യേറ്റത്തിനെതിരെ സമരം നടത്തിവരുന്ന പുഷ്പാഞ്ജലി സ്വാമിയാര്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചാതുര്‍മാസ്യ പൂജയ്ക്ക് ഉപയോഗിച്ചിരുന്ന സാളഗ്രാമങ്ങള്‍ കാണാതായതായി പരാതി. മിത്രാനന്ദപുരത്ത് അദ്ദേഹം പൂജ നടത്തിയ സ്ഥലത്തു നിന്നാണു സാളഗ്രാമങ്ങള്‍ കാണാതായത്.

ഇതിനു പിന്നില്‍ സേവാഭാരതി നടത്തിപ്പുകാരാണെന്ന് സ്വാമിയാര്‍ ആരോപിച്ചു.

രണ്ടുമാസം നീണ്ട പൂജ ഞായറാഴ്ച അവസാനിച്ചിരുന്നു. പൂജയ്ക്കായി ഞായറാഴ്ച രാവിലെ മഠത്തിലെത്തിയപ്പോള്‍ ശ്രീരാമന്റെയും ഭഗവതിയുടെയും സാളഗ്രാമങ്ങള്‍ കണ്ടില്ലെന്നും പകരം രണ്ടു ചെടിച്ചട്ടികളാണ് കണ്ടതെന്നും സ്വാമിയാര്‍ പറഞ്ഞു.

‘ശ്രീചക്രം യഥാസ്ഥാനത്തുണ്ടായിരുന്നു. ബാലസദനം നടത്തിപ്പുകാരോടു തിരക്കിയപ്പോള്‍ കണ്ടില്ലെന്ന ഉത്തരമാണു നല്‍കിയത്. മൂപ്പില്‍ സ്വാമിയാര്‍ പൂജിച്ചിരുന്ന നൂറ്റാണ്ട് പഴക്കമുള്ള സാളഗ്രാമങ്ങളാണു നഷ്ടമായത്.’- അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍.എസ്.എസുകാര്‍ കൈയ്യേറിയ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുഞ്ചിറമഠം ഒഴിഞ്ഞുനല്‍കണമെന്നാവശ്യപ്പെട്ട് പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദതീര്‍ഥ നിരാഹാര സമരം നടത്തിവരികയായിരുന്നു.

ആറുദിവസമായി നടത്തിവരികയായിരുന്ന സമരത്തിനിടെ ആര്‍.എസ്.എസുകാര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. സമരപ്പന്തല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

പന്തല്‍ കെട്ടാന്‍ തുടങ്ങവെ ആര്‍.എസ്.എസിന്റെ നേതൃത്വത്തിലെത്തിയ അമ്പതോളം പേര്‍ സ്വാമിയെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ പന്തലുകാരനെ ഭീഷണിപ്പെടുത്തിയോടിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്നീട് പൊലീസിന്റെ സംരക്ഷണത്തിലാണ് പന്തല്‍ കെട്ടിയത്. എന്നാല്‍ പന്തല്‍ പൊളിച്ച ആര്‍.എസ്.എസുകാര്‍ സ്വാമിയുടെ കസേര തകര്‍ത്തു. നിലവില്‍ സ്വാമിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മഠത്തിന്റെ അവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങളിലുള്ളവര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്നു ചര്‍ച്ച നടത്താനിരിക്കെയാണ് സാളഗ്രാമം കാണുന്നില്ലെന്ന പരാതി ഉയര്‍ന്നത്. ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ നാളെ ഉപവാസം ആരംഭിക്കുമെന്നു സ്വാമിയാര്‍ വ്യക്തമാക്കിയിരുന്നു.

സ്വാമിയാരുടെ നേര്‍ക്കുണ്ടായ ആക്രമണത്തെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അപലപിച്ചു.

സാധുവായ സന്ന്യാസിയെ ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്നു പിന്മാറ്റാനും കെട്ടിടവും വസ്തുവും തങ്ങളുടെ സമ്പൂര്‍ണ അധീനതയിലാക്കി ക്ഷേത്രസ്വത്ത് കൊള്ളയടിക്കാനുമാണ് ആര്‍.എസ്.എസ് നീക്കമെന്ന് അദ്ദേഹം ആരോപിച്ചു.

ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയും വഞ്ചനയുമാണെന്നും അദ്ദേഹം പറഞ്ഞു. കൈയ്യേറിയ സ്വത്ത് തിരിച്ചുനല്‍കി ഒഴിഞ്ഞുപോകാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആര്‍.എസ്.എസിനോട് ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more