'സലഫിസം മതനവീകരണമല്ല'; രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ നേടിയെടുക്കുന്നതിന് മതത്തെ ഉപയോഗപ്പെടുത്തുന്ന സംവിധാനം: കാന്തപുരം
Daily News
'സലഫിസം മതനവീകരണമല്ല'; രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ നേടിയെടുക്കുന്നതിന് മതത്തെ ഉപയോഗപ്പെടുത്തുന്ന സംവിധാനം: കാന്തപുരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th October 2017, 4:38 pm

 

കോഴിക്കോട്:രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ നേടിയെടുക്കുന്നതിന് മതത്തെ ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് സലഫിസമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍.

“സലഫിസമെന്നാല്‍ മതനവീകരണ പ്രസ്ഥാനമാണ് എന്നാണു പലരും മനസ്സിലാക്കിയിരിക്കുന്നത്. ഇത് ശരിയല്ല. രാഷ്ട്രീയമായ താല്പര്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി മതത്തെ ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് സലഫിസം.”

മുസ്‌ലീങ്ങളുടെ ജീവിതത്തെ ദുരിതത്തിലാക്കുന്ന വെല്ലുവിളികള്‍ക്കനുകൂലമായ പശ്ചാത്തലം ഒരുക്കിക്കൊടുക്കുകയാണ് സലഫി ആശയങ്ങളും പ്രസ്ഥാനങ്ങളും നിര്‍വ്വഹിച്ചു പോരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആശയങ്ങള്‍ക്ക് സ്വീകാര്യത നേടിക്കൊടുത്താല്‍ മുസ്‌ലിം സമുദായം നേടിയെടുത്ത മുന്നേറ്റങ്ങളെ ദുര്‍ബലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം നീക്കങ്ങളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Also Read: തൃപ്പൂണിത്തുറ യോഗകേന്ദ്രത്തിനെതിരായ പൊലീസ് അന്വേഷണത്തെ തള്ളിപ്പറഞ്ഞ് എം.സ്വരാജ് എം.എല്‍.എ


ഇ.ടി മുഹമ്മദ് ബഷീറിന്റെ സലഫിസത്തിനനുകൂലമായ പരാമര്‍ശത്തിനെതിരെയാണ് കാന്തപുരത്തിന്റെ പ്രസ്താവന. തങ്ങളുടെ ആശയങ്ങളെ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യാനുള്ള മതപരമായ ന്യായം എന്ന നിലയിലാണ് സലഫികള്‍ തൗഹീദ് വാദം ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും ഇത്തരം അപകടകരമായ വാദങ്ങളെ നവോത്ഥാന സംരംഭം എന്നൊക്കെ പരിചയപ്പെടുത്തുന്നത് ചരിത്രബോധം ഇല്ലാത്തതുകൊണ്ടാണെന്നും കാന്തപുരം അഭിപ്രായപ്പെട്ടു. വിവിധ മത-ജാതി സമൂഹങ്ങള്‍ കേരളത്തില്‍ കൈവരിച്ച നവോത്ഥാന നേട്ടങ്ങളെ പരിഹസിക്കുന്ന ഏര്‍പ്പാടാണിതെന്നും അദ്ദേഹം പറഞ്ഞു.

“സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും കഴിയുന്ന സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക എന്നത് സലഫികളുടെ പ്രധാന അജണ്ടയാണ്. കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയിലും മറ്റു മതക്കാര്‍ക്കിടയിലും വിഭാഗീയത വളര്‍ത്തുന്നതിലും അവരെ പരസ്പരം ശത്രുതയില്‍ നിലനിര്‍ത്തുന്നതിലും ഇവര്‍ വഹിച്ച പങ്കു ചരിത്രത്തിന്റെ ഭാഗമാണ്.”


Also Read: ‘അമ്പലത്തില്‍ നിസ്‌കരിക്കുന്നതുപോലെ ഇരിക്കുന്നു’; യു.പിയില്‍ അഖിലേഷിനെ തകര്‍ക്കാന്‍ ഉപയോഗിച്ച അതേ ആയുധവുമായി ഗുജറാത്തില്‍ രാഹുലിനെതിരെ ബി.ജെ.പി


സലഫികളുടെ രാഷ്ട്രീയ താല്പര്യങ്ങളെ മുസ്ലിങ്ങള്‍ വിശ്വാസപരമായ വാദങ്ങള്‍ ഉയര്‍ത്തി പ്രതിരോധിച്ചതുകൊണ്ടാണ് ഇന്ത്യയില്‍ സലഫീ ആശയങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കാതെ പോയത്. എന്നാല്‍ ഇതിനെതിരെ ചില ഇടയാളന്‍മാര്‍ രംഗത്തുണ്ടെന്നും ഇവരുടെ നിലപാടുകള്‍ മുസ്‌ലിം സമുദായം നിലവില്‍ നേരിടുന്ന വെല്ലുവിളികളെ രൂക്ഷമാക്കുമെന്നും അദ്ദേഹം പറഞ്ഞു.