തിരുവനന്തപുരം: കാതൽ ദി കോർ സിനിമക്കെതിരെ സലഫി പ്രഭാഷകരായ എം.എം. അക്ബറും താജുദ്ധീൻ സലാഹിയും.
സ്വവർഗാനുരാഗം സ്വാഭാവികമാണെന്ന് പറഞ്ഞ് യുവതലമുറയെ മസ്തിഷ്കപ്രക്ഷാളനം ചെയ്യാനുള്ള അജണ്ടകളുടെ ഭാഗമാണ് കാതൽ പോലുള്ള സിനിമകൾ എന്നായിരുന്നു തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ എം.എം. അക്ബർ പറഞ്ഞത്.
സംവിധായകന്റെ ജീവിതത്തിലെ വ്യക്തിപരമായ പരിസരത്തിലെ അനുഭവത്തെ നാട്ടുകാരുടെ പ്രശ്നമായാണ് കാതലിൽ അവതരിപ്പിക്കുന്നതെന്ന് മറ്റൊരു സലഫി പ്രഭാഷകനായ താജുദ്ധീൻ സലാഹി ആരോപിച്ചു. ഭാര്യ ഉണ്ടായിരിക്കെ മറ്റു സ്ത്രീകളുടെ അടുത്തേക്ക് പോകുന്നതിന് വിവാഹമൊരു തടസ്സമാണെന്നതുകൊണ്ട് വിവാഹം ദുഷിച്ചതാണെന്ന് ജിയോ ബേബി പറയുന്നതായും സലാഹി ആരോപിച്ചു.
1970കളിൽ തന്നെ യുവാക്കളെ ജൻഡർ ന്യൂട്രാലിറ്റിയിലേക്ക് കൊണ്ടുവരാൻ എന്റർടൈൻമെന്റ് മേഖലയെ ഉപയോഗപ്പെടുത്തണമെന്ന് അജണ്ടകൾ രൂപപ്പെട്ടിരുന്നുവെന്നും കേരളത്തിൽ ഇപ്പോഴാണ് അത് സാന്നിധ്യം അറിയിച്ചുതുടങ്ങിയത് എന്നുമായിരുന്നു എം.എം. അക്ബറിന്റെ ആരോപണം.
ഇത്തരത്തിൽ ധാരാളം സംഘടനകൾ പാശ്ചാത്യ രാജ്യങ്ങളിൽ ഉണ്ടെന്നും പീഡോഫീലിയ (കുട്ടികളോടുള്ള ലൈംഗിക വൈകൃതം) പ്രോത്സാഹിപ്പിക്കുന്ന നോർത്ത് അമേരിക്കൻ ചിൽഡ്രൻസ് ലവേഴ്സ് അസോസിയേഷൻ അതിനുദാഹരണമാണെന്നും എം.എം. അക്ബർ ആരോപിച്ചു.
ഇതിന്റെ ഭാഗമായി പ്രായപൂർത്തിയാകുന്നത് വരെയുള്ള കുട്ടികളിൽ അവരുടെ ജൻഡറിനെ കുറിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുകയും ഇതിനെയെല്ലാം വിവിധ വിഭാഗങ്ങളായി തരം തിരിക്കുകയും ചെയ്യുന്നതായി എം.എം. അക്ബർ പറഞ്ഞു.
ഒരു ദിവസം ആണിനോടും ഒരു ദിവസം പെണ്ണിനോടും പ്രണയം തോന്നുന്നതിനെ ഫ്ലൂയിഡിറ്റി തിയറി എന്ന് പേരിട്ട് വിളിക്കുന്നത് പോലെ ഓരോന്നിനും പുതിയ പുതിയ തിയറികൾ രൂപപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാതൽ പോലുള്ള സിനിമകൾ ഇനിയും വരുമെന്നും ഇതുപോലുള്ള തിയറികളെ സ്വാഭാവികവൽക്കരിക്കുക എന്ന അജണ്ടകൾ ഏറെക്കുറെ വിജയിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എം.എം. അക്ബറിന്റെ പരാമർശങ്ങൾക്കെതിരെ നിരവധി പേർ രംഗത്ത് വന്നു.
CONTENT HIGHLIGHT: Salafi leaders against Kathal the Core movie; Says an attempt to normalise Homosexuality