Advertisement
Film News
പ്രഭാസ് ചിത്രങ്ങള്‍ പരാജയപ്പെട്ടിരിക്കാം, എന്നാല്‍ ഇന്ത്യയില്‍ ഒരു താരത്തിനും അവകാശപ്പെടാനാവാത്ത ഒന്ന്‌ അദ്ദേഹത്തിനുണ്ട്: സലാര്‍ നിര്‍മാതാവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 13, 09:42 am
Wednesday, 13th December 2023, 3:12 pm

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയിലെ മുന്‍നിര താരമായെങ്കിലും പിന്നീട് വന്ന ഒരു ചിത്രം പോലും വിജയിപ്പിക്കാനാവാത്ത നടനാണ് പ്രഭാസ്. ബാഹുബലി 2ന് ശേഷം വന്ന സഹോ, രാധേ ശ്യാം, ആദിപുരുഷ് എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ പരാജയങ്ങളായിരുന്നു.

എങ്കിലും ഇനി വരാനിരിക്കുന്ന പ്രഭാസിന്റെ പ്രശാന്ത് നീല്‍ ചിത്രം സഹോ, നാഗ് അശ്വിന്റെ കല്‍ക്കി 2898 എന്നീ ചിത്രങ്ങളില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്.

പ്രഭാസിന്റെ പരാജയ ചിത്രങ്ങള്‍ ഓര്‍ത്ത് തനിക്ക് ആശങ്കയില്ലെന്ന് പറയുകയാണ് സലാര്‍ ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് കിരാഗണ്ടൂര്‍. പ്രഭാസിന്റെ ചിത്രങ്ങള്‍ പരാജയങ്ങളായിരിക്കാമെന്നും എന്നാല്‍ ഇന്ത്യയില്‍ ഒരു താരത്തിനും ലഭിക്കാത്ത ഓപ്പണിങ്ങാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതെന്നും വിജയ് കിരഗണ്ടൂര്‍ പറഞ്ഞു. ബോളിവുഡ് ഹങ്കാമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു താരത്തിന്റെ ഒന്നോ രണ്ടോ പരാജയങ്ങളല്ല ഞങ്ങള്‍ റഫറന്‍സായി എടുക്കുന്നത്. അതിന് പകരം വിജയ ചിത്രങ്ങള്‍ റഫറന്‍സായി എടുക്കും. സലാര്‍ ഒരു ബ്ലോക്ബസ്റ്ററാവും എന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തിയേറ്ററില്‍ വിജയിച്ചില്ലായിരിക്കാം, എന്നാല്‍ അവയുടെ ആദ്യദിന കളക്ഷന്‍ നോക്കൂ, പ്രഭാസ് സാറിന്റെ സിനിമകള്‍ക്ക് ലഭിക്കുന്ന ഓപ്പണിങ് ഇന്ത്യയില്‍ മറ്റൊരു താരത്തിനും ലഭിക്കുന്നില്ല,’ വിജയ് കിരാഗണ്ടൂര്‍ പറഞ്ഞു.

ഡിസംബര്‍ 22നാണ് സലാര്‍ റിലീസ് ചെയ്യുന്നത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രുതി ഹാസന്‍, ജഗപതി ബാബു, ഈശ്വരി റാവു, ബോബി സിംഹ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവി ബസ്രുര്‍ സംഗീതവും ഭുവന്‍ ഗൗഡ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

ഹോംബാലെ ഫിലിംസിന്റെ കെ.ജി.ഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Content Highlight: Salaar producer Vijay Kiragandur says that he is not worried about Prabhas’ failed films