| Sunday, 16th October 2022, 10:51 am

എന്റെ പൊന്നോ...അഡാര്‍ ഐറ്റം; സലാറിലെ പൃഥ്വിരാജിന്റെ ഞെട്ടിപ്പിക്കുന്ന ക്യാരക്ടര്‍ പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിന്റെ പിറന്നാള്‍ ദിവസത്തില്‍ താരത്തിന്റെ പുതിയ ചിത്രങ്ങളുടെ അപ്‌ഡേറ്റുകള്‍കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. ടീസറുകളും ക്യാരക്ടര്‍ പോസ്റ്ററുകളും മോഷന്‍ വീഡിയോകളുമായി തരംഗമാവുകയാണ് നടന്‍.

കെ.ജി.എഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടുന്നത്.

പോസ്റ്ററില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് പൃഥ്വിരാജ് എത്തുന്നത്. മൂക്കിലും കഴുത്തിലും കാതിലും വളയങ്ങളുമായി കട്ട റഫ് ലുക്കിലാണ് നടന്‍. ആകെ കരിപടര്‍ന്നിരിക്കും വിധമുള്ള പോസ്റ്ററില്‍ നെറ്റിയില്‍ ഗോപിയും മുഖത്ത് മുറിപ്പാടുള്ള വരദരാജ മന്നാര്‍ ആരെയോ നോക്കിനില്‍ക്കുകയാണ്.

വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. പ്രതിനായക വേഷമോ നെഗറ്റീവ് കഥാപാത്രമോ ആണ് ഈ വേഷമെന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍.

റെക്കോഡ് പ്രതിഫല തുകക്കാണ് പൃഥ്വിരാജ് സലാറില്‍ അഭിനയിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്. പ്രഭാസ് നായകനാകുന്ന സലാര്‍ തെലുങ്കിലെ അടുത്ത ബ്രഹ്മാണ്ട ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2022 സെപ്റ്റംബറിലാണ് സലാര്‍ തിയേറ്ററിലെത്തുന്നത്. നേരത്തെ ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നിരുന്നു.

സലാറിന്റെ ആദ്യ ഭാഗമാണ് ഇപ്പോള്‍ വരുന്നത്. പ്രഭാസിനെയും പൃഥ്വിരാജിനെയും കൂടാതെ ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കെ.ജി.എഫിന്റെ ടീം തന്നെയാണ് സലാര്‍ ഒരുക്കുന്നത്. ഭുവന്‍ ഗൗഡ ക്യാമറയും ഉജ്വല്‍ കുല്‍ക്കര്‍ണി എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ രവി ബസ്‌റൂറാണ് സംഗീതമൊരുക്കുന്നത്.

അതേസമയം പൃഥ്വിരാജിന്റെ ചരിത്ര-ഫാന്റസി സിനിമയായ കാളിയന്റെ മോഷന്‍ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയുടെ ടീസര്‍ വൈകീട്ടോടെയാണ് റിലീസാവുക.

Content Highlight: Salaar Prithviraj’s character poster out

We use cookies to give you the best possible experience. Learn more