Film News
ദേവയായി പ്രഭാസും വരദരാജ മന്നാറായി പൃഥ്വിരാജും; റെക്കോഡ് ബ്രേക്കിങ്ങുമായി സലാര്‍
കെ.ജി.എഫിന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ തെന്നിന്ത്യന്‍ ആക്ഷന്‍ റിബല്‍ സ്റ്റാര്‍ പ്രഭാസും മലയാളികളുടെ സ്വന്തം പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ ഡിസംബര്‍ 22 വെള്ളിയാഴ്ച്ച തീയേറ്ററുകളില്‍ എത്തിയ ‘സലാര്‍’ ക്രിസ്തുമസ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയാണ് നേടുന്നത്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗമായ സലാര്‍ പാര്‍ട്ട് 1-സീസ് ഫയര്‍ ആണ് ഇപ്പോള്‍ റിലീസ് ആയിരിക്കുന്നത്. ആകാംഷ നിറഞ്ഞതാണ് ഓരോ ആക്ഷന്‍ ഷോട്ടുകളും, ഒരു ഇമോഷണല്‍ ആക്ഷന്‍ ഡ്രാമ എന്ന് വേണം സലാറിനെ വിശേഷിപ്പിക്കാന്‍. ചിത്രം റിലീസ് ആയ എല്ലാം കേന്ദ്രങ്ങളിലും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.
ദേവയായി പ്രഭാസും വരദരാജ മന്നാറായി പൃഥ്വിരാജും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നുള്ളതിലേക്കാണ് സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍ ആദ്യ ഭാഗം മിഴി തുറക്കുന്നത്. പ്രശാന്ത് നീലിന്റെ മികവുറ്റ സ്‌റ്റൈലിഷ് മേക്കിങ് കൊണ്ട് തന്നെ സലാര്‍ ഒരു മാസ് ക്ലാസ് ഫീലാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.
സൗഹൃദമെന്ന ഇമോഷനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. സുഹൃത്ത് ബന്ധത്തിന് ഏറെ പ്രാധാന്യമുള്ള സലാര്‍ ഒരു ദൃശ്യ വിരുന്ന് തന്നെയാണ്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയര്‍ ബെസ്റ്റാണ് സലാര്‍. മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് ചിത്രത്തിലുടനീളം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്.
ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റു അഭിനേതാക്കള്‍. വന്‍ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ വിതരണാവകാശത്തിന് എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.
ഛായാഗ്രഹണം ഭുവന്‍ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുര്‍, നിര്‍മാണം – വിജയ് കിരഗാണ്ടര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ടി.എല്‍. വെങ്കടചലപതി, ആക്ഷന്‍സ് – അന്‍മ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്‌കര്‍, എഡിറ്റര്‍ – ഉജ്വല്‍ കുല്‍കര്‍ണി, വി.എഫ്.എക്‌സ് – രാഖവ് തമ്മ റെഡ്ഡി. പി.ആര്‍.ഒ-മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ്ങ് – ബ്രിങ്‌ഫോര്‍ത്ത് അഡ്വര്‍ടൈസിങ്ങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് – ഒബ്‌സ്‌ക്യൂറ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
Content Highlight: Salaar movie with record breaking; Prabhas as Deva and Prithviraj as Varadaraja Mannar